ബ്രൻഡൻ ടെ‌യ്‌ലർ തിരിച്ചു വന്നിട്ടും രക്ഷയില്ല; സിംബാബ്‌വെയ്ക്ക് പരമ്പര നഷ്ടം

സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന‍്യൂസിലൻഡ്
newzeland wins test series against zimbabwe

ബ്രൻഡൻ ടെ‌യ്‌ലർ

Updated on

ബുലവായോ: സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന‍്യൂസിലൻഡ്. രണ്ടാം ടെസ്റ്റിൽ ഒരിന്നിങ്സിനും 359 റൺസിനും വിജയിച്ചതോടെയാണ് ന‍്യൂസിലൻഡ് പരമ്പര സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ജയമാണിത്. രണ്ടാം ഇന്നിങ്സിൽ സിംബാബ്‌വെയ്ക്കു വേണ്ടി നിക്ക് വെൽഷിനു (47) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.

ബ്രയാൻ ബെന്നറ്റ് (0), ബ്രൻഡൻ ടെയ്‌ലർ (7), ഷോൺ വില‍്യംസ് (9), നായകൻ ക്രെയിഗ് ഇർവിൻ (17) എന്നിങ്ങനെ എല്ലാരും നിരാശപ്പെടുത്തി. ആകെ നിക്ക് വെൽഷിനും ഇർവിനും (17) മാത്രമാണ് ടീമിൽ രണ്ടക്കം കടക്കാനായത്. ന‍്യൂസിലൻഡിനു വേണ്ടി അരങ്ങേറ്റക്കാരൻ സക്കാറി ഫൗൾക്സ് അഞ്ചു വിക്കറ്റും മാറ്റ് ഹെൻറി, ജേക്കബ് ഡഫി എന്നിവർ രണ്ടും മാത‍്യു ഷിഷർ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ തുടക്കത്തിൽ തന്നെ സിംബാബ്‌വെയുടെ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. ആദ‍്യ ഇന്നിങ്സിൽ ഒരു റൺസ് പോലും കണ്ടെത്താൻ സാധിക്കാതിരുന്ന ബ്രയാൻ ബെന്നറ്റ് രണ്ടാം ഇന്നിങ്സിലും റൺസ് കണ്ടെത്താനാവാതെ മടങ്ങി. പിന്നീട് ടീം സ്കോർ 11ൽ നിൽക്കെ ബ്രൻഡൻ ടെയ്‌ലറെയും 24ൽ നിൽക്കെ ഷോൺ വില‍്യംസിനെയും നഷ്ടമായതോടെ ടീം പ്രതിരോധത്തിലായി.

തുടർന്ന് നായകൻ ക്രെയിഗ് ഇർവിൻ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും മടങ്ങി. വാലറ്റത്തിനും കാര‍്യമായ സംഭാവനകളൊന്നും നൽകാൻ കഴിയാതിരുന്നതോടെ 117 റൺസിൽ സിംബാബ്‌വെയുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. പുറത്താവാതെ നിക്ക് വെൽഷ് നേടിയ 47 റൺസിന്‍റെ ബലത്തിലാണ് സിംബാബ്‌വെ ടീം സ്കോർ 100 കടന്നത്.

ഒന്നാം ഇന്നിങ്സിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെയ്ക്ക് 125 റൺസ് നേടാനെ സാധിച്ചുള്ളൂ. 4 വർഷത്തെ വിലക്കിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ബ്രൻഡൻ ടെയ്‌ലർ (44) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചുവെങ്കിലും ന‍്യൂസിലൻഡ് ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽകാനായില്ല.

ബ്രൻഡൻ ടെയ്‌ലറിനു പുറമെ തഫദ്‌സ്വ ടിസിഗയ്ക്കു (33) മാത്രമാണ് ടീമിനു വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ന‍്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിയാണ് സിംബാബ്‌വെയുടെ ബാറ്റിങ് നിരയെ തകർത്തത്.

മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെക്കെതിരേ 601 റൺസെന്ന കൂറ്റൻ സ്കോറാണ് ന‍്യൂസിലൻഡ് ബാറ്റർമാർ അടിച്ചു കൂട്ടിയത്. ഡെവോൺ കോൺവേ (153) ഹെൻറി നിക്കോൾസ് (150), രച്ചിൻ രവീന്ദ്ര (165) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com