
റിയാദ്: ആരാധകരുടെ സുല്‍ത്താന്‍ സൗദി മണ്ണില്‍ അവതരിപ്പിച്ചു. റെക്കോഡ് തുകയ്ക്ക് സൗദി പ്രോ ലീഗ് ടീം അല്‍ ഹിലാല്‍ സ്വന്തമാക്കിയ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറെ അല്‍ ഹിലാല്‍ ക്ലബ് അധികൃതര്‍ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. അറുപതിനായിരത്തിലേറെ ആരാധകര്‍ നെയ്മര്‍ ജൂനിയര്‍ക്ക് സൗദി മണ്ണില്‍ ആവേശ്വോജ്ജല സ്വീകരണമാണ് മൈതാനത്ത് ഒരുക്കിയത്. ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ വരവേല്‍ക്കാന്‍ റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്ലേകത്ക് ആരാധകരുടെ വലിയ ഒഴുക്കായിരുന്നു. കരിയറിലെ പുതിയൊരു അധ്യായം തുറക്കുന്നതില്‍ സന്തോഷമെന്നും അല്‍ ഹിലാലിനായി സാധ്യമായ കിരീടങ്ങളെല്ലാം നേടിക്കൊടുക്കുമെന്നും നെയ്മര്‍ ആരാധകര്‍ക്ക് വാക്ക് നല്കി. 1450 കോടി പ്രതിവര്‍ഷ കരാറിലാണ് നെയ്മര്‍ പിഎസ്ജി വിട്ട് അല്‍ ഹിലാലിലെത്തിയത്. പിഎസ്ജിക്ക് 817 കോടി രൂപ ട്രാന്‍സ്ഫര്‍ തുക നല്കി. അടുത്ത വ്യാഴാഴ്ച അല്‍ റയീദിനെതിരാണ് നെയ്മറിന്റെ അരങ്ങേറ്റ മത്സരം.
മൊറോക്കോയുടെ ലോകകപ്പ് ഹീറോ യാസിന് ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി. സെവിയയില്‍ നിന്നാണ് സൂപ്പര്‍ ഗോള്‍കീപ്പറെ അല്‍ ഹിലാല്‍ ടീമിലെത്തിച്ചത്.
യൂറോപ്യന്‍ ലീഗ് വിട്ട് സൗദി പ്രോ ലീഗിലേക്ക് വരാന്‍ കാരണം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് നെയ്മര്‍ ജൂനിയര്‍ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ അല്‍ നസ്റുമായി റൊണാള്‍ഡോ കരാറില്‍ എത്തിയപ്പോള്‍ ഭ്രാന്തന് തീരുമാനം എന്നായിരുന്നു വിമര്‍ശനം. പിഎസ് ജിയില്‍ നിന്ന് രണ്ട് വര്‍ഷ കരാറിലാണ് ബ്രസീലിയന്‍ താരം അല്‍ ഹിലാലില്‍ എത്തിയത്. ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചാണ് നെയ്മര്‍ മുപ്പത്തിയൊന്നാം വയസില്‍ യൂറോപ്യന്‍ ഫുട്ബോളിനെ കൊയൊഴിഞ്ഞ് സൗദി ക്ലബായ അല്‍ ഹിലാലില്‍ എത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കോ പഴയ ക്ലബായ ബാഴ്സലോണയിലേക്കോ കൂടുമാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം അപ്രതീക്ഷിതമായി സൗദിയിലെത്തിയത്. നെയ്മറുടെ നീക്കം എത്രത്തോളം അദ്ദേഹത്തിന്റെ ഭാവിക്ക് ഗുണകരമാകുമെന്ന് കണ്ടറിയണം. ബ്രസീലിയന്‍ ടീമില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനും സാധ്യതയുണ്ടെന്നാണ് റി്പ്പോര്‍ട്ടുകള്‍.