നെയ്മറുടെ കൈമാറ്റക്കരാർ പൂർണം

ട്രാൻസ്ഫർ ഫീസ് 90 മില്യൻ യൂറോ, വാർഷിക ശമ്പളം 100 മില്യൻ യൂറോ; സൗദി ക്ലബ് ഫുട്ബോളിൽ പുതിയ റെക്കോഡ്
Neymar
Neymar

റിയാദ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിൽ നിന്ന് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിലേക്കുള്ള ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കൈമാറ്റത്തിനുള്ള കരാർ പൂർത്തിയായി. ഇരു ക്ലബ്ബുകളും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം 816 കോടി രൂപയ്ക്കു തുല്യമായ തുകയ്ക്കാണ് കൈമാറ്റം.

ആറു സീസണിലെ സേവനത്തിനു ശേഷമാണ് പിഎസ്‌ജിയുമായുള്ള ബന്ധം നെയ്മർ അവസാനിപ്പിക്കുന്നത്, അതും സൗദ് ക്ലബ് ഫുട്ബോളിലെ റെക്കോഡ് തുകയ്ക്ക്. പതിനെട്ടു വർഷം സൗദി ദേശീയ ചാംപ്യൻമാരായ ടീമാണ് അൽ ഹിലാൽ. സൗദി സർക്കാർ ദേശസാത്കരിച്ച നാലു ക്ലബ്ബുകളിലൊന്നും.

രണ്ടു വർഷത്തെ കരാറാണ് നെയ്മർക്ക് അൽ ഹിലാൽ നൽകുന്നത്. വാർഷിക പ്രതിഫലം 907 കോടി രൂപയ്ക്കു തുല്യമായ തുക. മറ്റൊരു ദേശസാത്കൃത ക്ലബ്ബായ അൽ നസർ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ജനുവരിയിൽ ടീമിലെത്തിച്ചത് ഇതിന്‍റെ പകുതി പ്രതിഫലത്തിലാണ്. പിന്നാലെ കരിം ബെൻസേമ, എൻഗോളോ കാന്‍റെ, ജോർഡൻ ഹെൻഡേഴ്സൺ തുടങ്ങിയ യൂറോപ്യൻ വമ്പൻമാരും സൗദിയിലേക്ക് കുടിയേറിയിരുന്നു.

''യൂറോപ്പിൽ ഞാൻ നിരവധി നേട്ടങ്ങളുടെ ഭാഗമായി. എന്നാൽ, ആഗോള ഫുട്ബോളാറാകാനാണ് ഞാൻ എന്നും ആഗ്രഹിച്ചത്. പുതിയ സ്ഥലങ്ങളിൽ പുതിയ വെല്ലുവിളികളും പുതിയ അവസരങ്ങളും കാത്തിരിക്കുകയായിരുന്നു. പുതിയ കായിക ചരിത്രമെഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്'', നെയ്മർ പറഞ്ഞു.

ബാഴ്സലോണയിൽ നിന്ന് ലോക റെക്കോഡ് ട്രാൻസ്ഫർ തുകയായ 2000 കോടി രൂപയ്ക്കാണ് പിഎസ്‌ജി നെയ്മറെ സ്വന്തമാക്കിയത്. എന്നാൽ, അതിനു ശേഷം ടീമിന് ചാംപ്യൻസ് ലീഗ് നേടാൻ സാധിച്ചിട്ടില്ല. ബാഴ്സയിലേക്കു മടങ്ങാൻ നെയ്മർ ആഗ്രഹിച്ചിരുന്നെങ്കിലും, അതിന് പിഎസ്‌ജി ആവശ്യപ്പെട്ട തുക നൽകാൻ ക്ലബ്ബിനു ശേഷിയുണ്ടായിരുന്നില്ല. പിഎസ്‌ജിയുമായുള്ള കരാർ ഒരു വർഷം കൂടി ശേഷിക്കുന്നതിനാലാണ് ട്രാൻസ്ഫർ ഫീ ആവശ്യമായി വരുന്നത്.

പിഎസ്‌ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുമായും അൽ ഹിലാൽ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com