
നിക്കൊളാസ് പുരാൻ
ആന്‍റിഗ്വ: മുൻ വെസ്റ്റ് ഇൻഡീസ് നായകൻ നിക്കൊളാസ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 29ാം വയസിലാണ് താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം വിരമിക്കൽ പ്രഖ‍്യാപിച്ചത്. എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും.
''ക്രിക്കറ്റ് എനിക്ക് മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചു. രാജ‍്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ സന്തോഷം. ടീമിനെ നയിക്കാൻ സാധിച്ചത് അഭിമാനമായി കാണുന്നു. ആരാധകരുടെ സ്നേഹത്തിന് നന്ദി. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനോടുള്ള സ്നേഹം ഒരിക്കലും മായുകയില്ല. മുന്നോട്ടുള്ള പാതയിൽ ടീമിന് ആശംസകൾ നേരുന്നു.'' പുരാൻ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു.
വൈറ്റ്ബോൾ ക്രിക്കറ്റിൽ മിന്നും ഫോം തുടരുന്നതിനിടെയാണ് താരത്തിന്‍റെ അപ്രതീക്ഷിത പടിയിറക്കം. 2016ൽ വെസ്റ്റ് ഇൻഡീസിനു വേണ്ടി അരങ്ങേറ്റം കുറിച്ച പുരാൻ 106 ടി20 മത്സരങ്ങളും 61 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടി20 മത്സരങ്ങളിൽ നിന്ന് 2275 റൺസും ഏകദിനങ്ങളിൽ നിന്നും 1983 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല.