

File
കോൽക്കത്ത: ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്‍റി20 ക്രിക്കറ്റ്) ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ഒഴിവാക്കപ്പെട്ട ബംഗ്ലാദേശ് പേസ് ബൗളർ മുസ്താഫിസുർ റഹ്‌മാനു നഷ്ടപരിഹാരം ലഭിക്കാൻ സാധ്യത കുറവ്. കരാർ റദ്ദാക്കേണ്ടിവന്ന സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെങ്കിലും, ബിസിസിഐ നിർദേശങ്ങൾ അനുസരിച്ച് താരത്തിന് ചില്ലിക്കാശ് നൽകേണ്ട ബാധ്യത കൊൽക്കത്ത ടീമിനില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
9.20 കോടി രൂപയ്ക്കാണ് ഐപിഎൽ മിനി താരലേലത്തിൽ മുസ്താഫിസുറിനെ കെകെആർ സ്വന്തമാക്കിയത്. മുസ്താഫിസുർ ടൂർണമെന്‍റിൽ നിന്നു സ്വയം പിന്മാറുകയോ സ്വന്തം പിഴവിനാൽ പുറത്താക്കപ്പെടുകയോ ചെയ്തതല്ല. അതിനാൽത്തന്നെ താരം നഷ്ടപരിഹാരത്തിന് അർഹനാണെന്ന വാദം ശക്തമാണ്. എന്നാൽ, നിലവിലുള്ള ഇൻഷ്വറൻസ് ചട്ടക്കൂടു പ്രകാരം മുസ്താഫിസുറിന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തുച്ഛമാണ്.
ഐപിഎൽ കളിക്കാരുടെ ശമ്പളത്തിന് ഇൻഷ്വറൻസുണ്ട്. ടീം ക്യാംപിൽ ചേർന്നശേഷമോ ടൂർണമെന്‍റ് നടക്കുന്നതിനിടെയോ താരത്തിന് പരുക്ക് പറ്റിയാൽ മാത്രമേ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ. ശമ്പളത്തിന്‍റെ 50 ശതമാനം വരെയാണ് ഇൻഷ്വറൻസിൽ നിന്ന് നൽകുന്നത്. ബിസിസിഐ കേന്ദ്ര കരാറുള്ള കളക്കാർക്ക് ബോർഡാണ് തുക കൈമാറുന്നത്. അതിനാൽ പരുക്കേറ്റ, സെൻടർ കോൺട്രാക്റ്റുള്ള താരങ്ങൾക്കാണ് ഇതു കൂടുതൽ ഗുണം ചെയ്യുകയെന്ന് ഐപിഎൽ വൃത്തങ്ങൾ പറഞ്ഞു.
പരുക്കോ ക്രിക്കറ്റുമായി ബന്ധമുള്ള മറ്റു കാര്യങ്ങളോ അല്ല മുസ്താഫിസുറിന്‍റെ പുറത്താകലിലേക്ക് നയിച്ചത്. അതിനാൽത്തന്നെ താരത്തിന് നഷ്ടപരിഹാരം നൽകാൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാധ്യസ്ഥരല്ല. എന്നാൽ, ഐപിഎൽ ഇന്ത്യൻ നിയമങ്ങളുടെ പരിധിയിൽ വരുന്നതിനാൽ നഷ്ടപരിഹാരം തേടി മുസ്താഫിസുറിന് കോടതിയെ സമീപിക്കാം. അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിലും മുസ്താഫിസുറിന് കേസ് ഫയൽ ചെയ്യാനാവും.
ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന ഭരണകൂടം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആ രാജ്യത്ത് ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെട്ടതിൽ ഇന്ത്യയിൽ ഉടലെടുത്ത ശക്തമായ പ്രതിഷേധമാണ് മുസ്താഫിസുറിനെ ഒഴിവാക്കാൻ കെകെആറിനെ നിർബന്ധിതരാക്കിയത്.
ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിൽ മുസ്താഫിസുറിനെ ഐപിഎൽ കളിപ്പിക്കുന്നതിനെതിരേ ഇന്ത്യയിലെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ബിസിസിഐയുടെ നിർദേശ പ്രകാരമാണ് മുസ്താഫിസുറിനെ കോൽക്കത്ത ടീം റിലീസ് ചെയ്തത്.
ഇതിനു പ്രതികാരമെന്നോണം ഐപിഎൽ സംപ്രേക്ഷണം ബംഗ്ലാദേശ് വിലക്കിയിട്ടുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിലെ തങ്ങളുടെ ടീമിന്‍റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യവും ഐസിസിയോട് (ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ബംഗ്ലാദേശ് ഉന്നയിച്ചുകഴിഞ്ഞു.