സഹനടനല്ല, ഇവനാണ് നായകൻ | Video
സ്പോർട്സ് ലേഖകൻ
പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും സഹനടനും നടിയുമൊക്കെയായി ഒതുക്കപ്പെടുന്ന പലരെയും കാണാം സിനിമയിലും സിനിമ അവാർഡുകളിലുമൊക്കെ. സ്റ്റാർ വാല്യു ഇല്ലെന്ന ധാരണയാകാം പലപ്പോഴും ഈ തരംതാഴ്ത്തലിനു കാരണം. ക്രിക്കറ്റിലുമുണ്ട് അങ്ങനെ ചിലർ. അതിലൊരാൾ സഹനടനായി ഇംഗ്ലണ്ടിൽ പോയി വീരനായകനായാണ് തിരികെ വരുന്നത്. അതെ, മുഹമ്മദ് സിറാജ് തന്നെ.
ഒരുകാലത്ത് ഇശാന്ത് ശർമയുടെ പേരിനൊപ്പം ഏറ്റവും കൂടുതൽ ഉപയോഗിച്ചു കേട്ട ഒരു വിശേഷണമുണ്ട്- അൺലക്കി! നിർഭാഗ്യവാനെന്ന് ഇശാന്തിനെ വിളിച്ച കമന്‍റേറ്റർമാർക്ക് മുഹമ്മദ് സിറാജിനെ വിശേഷിപ്പിക്കാൻ കിട്ടിയ വാക്ക് കഠിനാധ്വാനി എന്നായിരുന്നു. അധ്വാനം മാത്രം, റിസൽറ്റില്ല എന്നുകൂടി ഈ രണ്ടു വിശേഷണങ്ങൾക്കും അർഥമുണ്ട്; വിക്കറ്റെടുക്കാനും ബൗളിങ് ആക്രമണത്തെ നയിക്കാനും ശേഷിയില്ലെന്നാണ് ധ്വനി. ബൗളിങ് നിരയുടെ കുന്തമുനയായ സ്റ്റാർ ബൗളർക്കൊരു തുണക്കാരൻ, അത്രമാത്രമാണ് ഇവർക്കൊക്കെ കൽപ്പിച്ചു കൊടുക്കാറുള്ള റോൾ!
വേഗത്തിലും കൃത്യതയിലും പലപ്പോഴും ജസ്പ്രീത് ബുംറയുമായി കിടപിടിക്കുമ്പോഴും സിറാജിനു ദേശീയ ടീമിലെ സ്ഥാനം ഒരിക്കലും ഗ്യാരന്‍റിയായിരുന്നില്ല. 41 ടെസ്റ്റ് മത്സരങ്ങളിൽ അഞ്ച് തവണ മാത്രം അഞ്ച് വിക്കറ്റ് നേട്ടമുണ്ടാക്കിയ ബൗളർക്ക് അതു പ്രതീക്ഷിക്കാനുമാവില്ല. എന്നാൽ, സ്ഥിതിവിവരക്കണക്കുകൾ എപ്പോഴും പ്രതിഭയുടെ അളവുകോലാവണമെന്നില്ലെന്ന് ആൻഡേഴ്സൺ - ടെൻഡുൽക്കർ ട്രോഫി ഒരിക്കൽക്കൂടി തെളിയിക്കുകയാണ്.
അനാവശ്യമായി അയാളൊരു ഹാഫ് വോളി എറിയില്ല; ഉത്തരവാദിത്വമില്ലാത്ത സാഹസം കാണിച്ച് സഹബൗളർമാരെ സമ്മർദത്തിലാക്കില്ല; എന്നിട്ടും ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഓവറുകൾ എറിഞ്ഞത് സിറാജാണ്; ഏറ്റവും കൂടുതൽ വിക്കറ്റെടുത്തതും സിറാജ് തന്നെയാണ്- അതൊക്കെ സ്റ്റാറ്റിസ്റ്റിക്സിലുമുണ്ട്. എന്നാൽ, 2023ലെ ആഷസ് പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ട് ബാറ്റർമാരെ ഏറ്റവും കൂടുതൽ ഫോൾസ് ഷോട്ടുകൾ കളിപ്പിച്ചതു സിറാജാണെന്ന കണക്ക് പതിവ് പരിശോധനകളിൽ കണ്ടെന്നുവരില്ല!
അവസാന ടെസ്റ്റിന്‍റെ അവസാന ദിവസം ജയിക്കാൻ വേണ്ട 35 റൺസ് ലക്ഷ്യം വെറും രണ്ടു പന്ത് പിന്നിട്ടപ്പോൾ 27 ആക്കി ചുരുക്കിയിരുന്നു ഇംഗ്ലണ്ട്. എന്നിട്ടും, 'ബിലീവ്' എന്നെഴുതിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രമുള്ള ഫോണിലെ വോൾപേപ്പർ സിറാജിന്‍റെ മനസിൽനിന്നു മാഞ്ഞുകാണില്ല. അയാളുടെ ആവനാഴിയിൽ അസ്ത്രങ്ങൾ ഒഴിഞ്ഞിരുന്നുമില്ല. വോബിൾ സീം ഉപയോഗിച്ച് ഇൻകട്ടറുകൾ എറിഞ്ഞുകൊണ്ടിരുന്ന സിറാജ് പെട്ടെന്ന് ഔട്ട്സ്വിങ്ങറുകൾ എറിയാൻ തുടങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റർമാർ സിലബസിൽ ഇല്ലാത്ത ചോദ്യം കണ്ട വിദ്യാർഥികളെപ്പോലെ പരിഭ്രമിച്ചു.
ജേമി സ്മിത്തിനെ വീഴ്ത്തിയ മുഹമ്മദ് സിറാജിന്‍റെ ഔട്ട് സ്വിങ്ങർ.
78 ഓവറോളം പഴക്കമുള്ളൊരു പന്തിൽ ഔട്ട് സ്വിങ് കണ്ടെത്തുക, അതും അഞ്ച് മീറ്ററിനപ്പുറം ലെങ്ത് നൽകാതെ! സിറാജിന്‍റെ മന്ത്രവാദം നേരിടാൻ ക്രീസ് വിട്ടിറങ്ങിയ ജേമി സ്മിത്തിന് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് വരെ മാത്രമാണ് പന്തെത്തിക്കാനായത്. പിന്നാലെ ജാമി ഓവർടൺ ഇൻസ്വിങ്ങർ കെണിയിൽ വീഴുന്നു.
ജാമി ഓവർട്ടണെ കുടുക്കിയ മുഹമ്മദ് സിറാജിന്‍റെ ഇൻസ്വിങ്ങർ.
'വർക്ക് ലോഡ്' എന്നൊക്കെ പറയുന്നത് വെറുമൊരു മിത്താണെന്ന സുനിൽ ഗവാസ്കറുടെ വാക്കുകൾക്ക് സിറാജ് അടിവരയിടുകയായിരുന്നു, 182 ഓവർ എറിഞ്ഞ പരമ്പരയിലെ, അവസാന സ്പെല്ലിൽ. മണിക്കൂറിൽ 145 കിലോമീറ്ററിലധികം വേഗത്തിൽ രണ്ടേരണ്ടു പന്താണ് ഈ പരമ്പരയിൽ സിറാജ് എറിഞ്ഞത്. അതിലൊന്ന് അഞ്ചാം ടെസ്റ്റിന്‍റെ അവസാന സ്പെല്ലിലായിരുന്നു. 140 കിലോമീറ്ററിലധികം വേഗത്തിലെറിഞ്ഞ 50 പന്തിൽ അഞ്ചെണ്ണവും ഇതേ സ്പെല്ലിലായിരുന്നു. ഗസ് ആറ്റ്കിൻസണെ ക്ലീൻ ബൗൾ ചെയ്ത അവസാനത്തെ യോർക്കറിന് 143 കിലോമീറ്ററായിരുന്നു വേഗം!
ഗസ് ആറ്റ്കിൻസണെ ക്ലീൻ ബൗൾ ചെയ്ത് മത്സരം ഫിനിഷ് ചെയ്യുന്ന മുഹമ്മദ് സിറാജ്.
ജസ്പ്രീത് ബുംറ കളിക്കാതിരുന്ന രണ്ടാം ടെസ്റ്റിൽ സിറാജ് ഏഴ് വിക്കറ്റാണ് നേടിയത്, അഞ്ചാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റും. ബൗളിങ് ആക്രമണം നയിക്കാൻ അയാൾക്കാവില്ലെന്ന് ഇനിയെങ്ങനെ പറയും? സഹനടനാവാൻ അയാൾക്കു പരിമിതികളുണ്ടെന്നു വേണമെങ്കിൽ പറയാം, പക്ഷേ, വിക്കറ്റ് കൊയ്യാൻ ശേഷിയില്ലെന്നു പറയരുത്, അധ്വാനഭാരത്തെക്കുറിച്ച് അയാൾക്കു ക്ലാസെടുക്കുകയും ചെയ്യരുത്....