
ജിദ്ദ: ഐപിഎൽ ലേലത്തിൽ വാങ്ങാൻ ആളില്ലാതെ ഇന്ത്യൻ താരങ്ങൾ പൃഥ്വി ഷായും അജിങ്ക്യ രഹാനെയും മായങ്ക് അഗർവാളും ശാർദൂൽ ഠാക്കൂറും. ഒപ്പം ന്യൂസിലൻഡ് താരങ്ങളായ കെയിൻ വില്യംസൺ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ എന്നിവരും ഇംഗ്ലണ്ടിന്‍റെ ഇതിഹാസതുല്യനായ പേസ് ബൗളർ ജയിംസ് ആൻഡേഴ്സണും ആദ്യ ഘട്ടത്തിൽ അവഗണിക്കപ്പെട്ടു.
ആദ്യ ഘട്ടത്തിൽ വാങ്ങാൻ ആളില്ലാതെ വരുന്നവരെ അടുത്ത ഘട്ടത്തിൽ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കാൻ ടീമുകൾക്ക് അവസരം കിട്ടും. എന്നാൽ, ആദ്യ ദിവസം തഴയപ്പെട്ട സ്റ്റീവൻ സ്മിത്തിനു മാത്രമാണ് ഇങ്ങനെയൊരു രണ്ടാം അവസരം ലഭിച്ചിരിക്കുന്നത്. ദേവദത്ത് പടിക്കലിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരും ലേലം വിളിക്കാതിരുന്ന താരങ്ങളിൽ 143 പേരെയാണ് വിവിധ ടീമുകളുടെ താത്പര്യമനുസരിച്ച് ആക്സിലറേറ്റഡ് ഓക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിക്കും അധികം ആവശ്യക്കാരുണ്ടായില്ല. എന്നാൽ, അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കാൻ ഡൽഹി ക്യാപ്പിറ്റൽസ് തയാറായതോടെ അദ്ദേഹത്തിനൊരു ടീമായി.
അതേസമയം, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനു വേണ്ടി പഞ്ചാബും മുംബൈയും ഗുജറാത്തും ശക്തമായി രംഗത്തിറങ്ങി. ഒടുവിൽ ഏഴ് കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു.
2.4 കോടിക്ക് സാം കറനെ ടീമിൽ തിരിച്ചെത്തിക്കാൻ സാധിച്ചത് ചെന്നൈ സൂപ്പർ കിങ്സിനു ലാഭമായി. വാഷിങ്ടണ്ട സുന്ദറിനെ 3.2 കോടി രൂപ എന്ന താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഗുജറാത്ത് ടൈറ്റൻസിനും കിട്ടി.