

2024ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ വിക്റ്ററി പരേഡ് (മുകളിൽ). 2025ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം (താഴെ).
ന്യൂഡൽഹി: കന്നി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീമിന്‍റെ വിക്റ്ററി പരേഡ് ഉണ്ടാവില്ലെന്നു റിപ്പോർട്ട്. ഞായറാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു കീഴടക്കിയാണ് ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ ടീം ചാംപ്യൻമാരായത്. പുരുഷ ടീമിന്‍റെ വിജയാഘോഷത്തിനു തുല്യമായ ചടങ്ങു വനിതകൾക്കായി സംഘടിപ്പിക്കണമെന്ന ആവശ്യം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
ഇന്ത്യയുടെ ലോക കിരീട നേട്ടത്തിന്‍റെ ആവേശത്തിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾ. അതിനാൽത്തന്നെ ആരാധകരെ ഉൾപ്പെടുത്തി പൊതു പരിപാടിയായി ഇന്ത്യൻ ടീമിന്‍റെ വിജയാഘോഷം നടത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം ട്വന്‍റി20 ലോക കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീമിന്‍റെ വിക്റ്ററി പരേഡ് മുംബൈയിലെ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ചിരുന്നു.
സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് വനിതാ ടീമിന്‍റെ വിക്റ്ററി പരേഡ് വേണ്ടെന്ന നിലപാടിലാണ് ബിസിസിഐയെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. താരങ്ങളുടെയും ആരാധകരുടെയും സാധനസാമഗ്രികളുടെയും നീക്കത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും വലിയ വിജയാഘോഷത്തിൽ നിന്നു ബിസിസിഐയെ പിന്തിരിപ്പിക്കുന്നുണ്ട്.
ഐപിഎൽ വിജയശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ വിക്റ്ററി പരേഡ് ദുരന്തത്തിൽ കലാശിച്ചതും ബിസിസിഐയുടെ തീരുമാനത്തിനു പിന്നിലുണ്ട്. ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലുംതിരക്കലും 11 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യൻ ടീമിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച വിരുന്നൊരുക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വൈകിട്ടാണ് അനുമോദന ചടങ്ങ്. സ്വീകരണത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ക്ഷണം ലഭിച്ചത്.