നോർവേ ടീമിന്‍റെ ഡ്രം ബീറ്റ്; അതിലൊരു കഥയുണ്ട്

എർലിങ് ഹാലൻഡിന്‍റെ ഗോളുകളും ‘വൈക്കിങ് റോ’ മുഴക്കവും ചേർന്ന് ബ്രസീലിനെ പുറത്താക്കി, നോർവേയുടെ ചരിത്രവേരുകൾ കളിക്കളത്തിൽ പുതിയ സാമ്രാജ്യം തീർക്കുന്നു
Norway drum beat Viking history

ലോകകപ്പിൽ ബ്രസീലിനെ തോൽപ്പിച്ച ശേഷം ഡ്രം അടിക്കുന്ന നോർവേ താരം എർലിങ് ഹാലൻഡ്.

Updated on

കലി തുള്ളുന്ന കടലുകൾക്കപ്പുറത്ത് അജ്ഞാത തീരങ്ങൾ തേടിപ്പോയവരാണ് ചരിത്രത്തിലെ വൈക്കിങ് നാവികർ. കളിക്കളത്തിൽ ഒരു ചരിത്രം ആവർത്തിക്കുകയാണ്, ഫുട്ബോളിന്‍റെ വന്യസൗന്ദര്യ സാമ്രാജ്യങ്ങളിലൊന്നാണ് പുതിയ വൈക്കിങ് പടപ്പുറപ്പാടിന്‍റെ തുഴത്താളത്തിൽ മുങ്ങിത്താഴ്ന്നിരിക്കുന്നത്. നോർവേയോടു തോറ്റ് ബ്രസീൽ ഈ ലോകകപ്പിനോട് വിട പറയുമ്പോൾ, വൈക്കിങ് റോ എന്ന പെരുമ്പറ മുഴക്കത്തിൽ താളം തെറ്റിയ സാംബാ നർത്തകരു‌ടെ കണ്ണീര് വീണ് അമെരിക്കൻ മണ്ണ് വീണ്ടും ചുവന്നു.

എർലിങ് ഹാലൻഡിന്‍റെ ഓരോ ഗോളിനും പിന്നാലെ അയാളുടെ വൈക്കിങ് വംശ പരമ്പരയെക്കുറിച്ച് ഉദ്ഘോഷിക്കുന്നവരാണ് ഇംഗ്ലിഷുകാർ. ഒരു കാലത്ത്, കടൽക്കൊള്ളയുടെ പര്യായമായിരുന്നു വൈക്കിങ് എന്ന പദം. ഇന്നത്തെ നോർവേയും ഡെൻമാർക്കും സ്വീഡനും അടങ്ങുന്ന സ്കാൻഡിനേവിയൻ മേഖലയിൽ നിന്ന് എട്ടാം നൂറ്റാണ്ട് മുതൽ യൂറോപ്പിൽ ഉടനീളം കുടിയേറിപ്പാർത്ത നോഴ്സ് ജനതയിൽപ്പെട്ടവരാണ് വൈക്കിങ് എന്നറിയപ്പെടുന്നത്.

ഫ്രാൻസിലെ നോർമണ്ടിയിലും ബ്രിട്ടന്‍റെ തീരങ്ങളിലും ഇവർ വീഴ്ത്തിയ ചോരപ്പാടുകൾ ചരിത്രത്തിലെ മായാമുദ്രകളാണ്. അറ്റ്ലാന്‍റിക് സമുദ്രത്തെ വകഞ്ഞുമാറ്റി, 'ഡ്രാക്കർ' എന്ന് വിളിക്കപ്പെടുന്ന കപ്പലുകളിൽ ഇവർ നടത്തിയ അധിനിവേശങ്ങൾ സമാനതകളില്ലാത്തതായിരുന്നു. ആ പടക്കപ്പലിൽ തുഴയെറിഞ്ഞിരുന്ന താളമാണ് വൈക്കിങ് റോ എന്ന പേരിൽ ഇന്നു പ്രശസ്തമായിരിക്കുന്ന നോർവേ ടീമിന്‍റെ പെരുമ്പറ മുഴക്കൽ. ഗ്രൗണ്ടിൽ നിരന്നിരുന്ന് അവർ കാണിക്കുന്ന ആംഗ്യം തുഴച്ചിലിന്‍റേതു തന്നെ.

ക്രിസ്റ്റഫർ കൊളംബസ് അമെരിക്ക കണ്ടുപിടിച്ചു എന്നവകാശപ്പെടുന്നതിനും അഞ്ഞൂറു വർഷങ്ങൾക്ക് മുൻപേ ലീഫ് എറിക്സണിന്‍റെ നേതൃത്വത്തിൽ ഗോത്ര സംസ്കൃതികളെ അറിഞ്ഞും ചിലയിടങ്ങളിൽ അവയെ പിഴുതുമാറ്റിയും മുന്നേറിയ നാവികരായിരുന്നു വൈക്കിങ് യോദ്ധാക്കൾ. മണ്ണിനെയും പെണ്ണിനെയും കൊള്ളയടിച്ചും, വ്യാളീമുഖമുള്ള കപ്പലുകളിൽ അജ്ഞാത തീരങ്ങൾ തേടിയും ലോകത്തെ വിറപ്പിച്ചവർ.

ആയിരത്താണ്ടുകൾക്ക് മുൻപ് അറ്റ്ലാന്‍റിക് സമുദ്രത്തിൽ ചോരയൊഴുക്കിയ അതേ വൈക്കിങ് വംശത്തിന്‍റെ പിൻമുറക്കാരായാണ് നോർവീജിയൻ ഫുട്ബോൾ താരങ്ങൾ ഇന്നു വിശേഷിപ്പിക്കപ്പെടുന്നത്. എർലിങ് ഹാാലൻഡ് എന്ന ആധുനിക വൈക്കിങ് രാജകുമാരൻ കളിക്കളത്തിൽ പന്തിനെ ചവിട്ടിമെതിക്കുമ്പോൾ അവിടെ വിനീഷ്യസിന്‍റെ ജോഗോ ബോണിറ്റോയൊന്നും പ്രതീക്ഷിക്കരുത്; പത്തേമാരിയിൽ തുഴയെറിഞ്ഞ പഴയ പേശീബലത്തിന്‍റെ ജീനുകളേ കാണാനാവൂ.

Norway drum beat Viking history

എർലിങ് ഹാാലൻഡ് എന്ന ആധുനിക വൈക്കിങ് രാജകുമാരൻ കളിക്കളത്തിൽ പന്തിനെ ചവിട്ടിമെതിക്കുമ്പോൾ അവിടെ വിനീഷ്യസിന്‍റെ ജോഗോ ബോണിറ്റോയൊന്നും പ്രതീക്ഷിക്കരുത്; പത്തേമാരിയിൽ തുഴയെറിഞ്ഞ പഴയ പേശീബലത്തിന്‍റെ ജീനുകളേ കാണാനാവൂ.

MV Graphics

വൈക്കിങ് യോദ്ധാക്കൾ ഇന്നു കപ്പലുകളുടെ തടിപ്പലകകൾക്കു പകരം പുൽത്തകിടികളിലാണ് പടവെട്ടുന്നത്. തോർ ദൈവത്തിന്‍റെ ഇടിമുഴക്കം പോലെ ഹാലൻഡിന്‍റെ ബൂട്ടുകൾ ആഞ്ഞടിക്കുമ്പോൾ, ബ്രസീലിയൻ പ്രതിരോധം വിറകൊള്ളുകയായിരുന്നു. മീമുകളിൽ അയാളുടെ കൈയിൽ പിടിപ്പിച്ച മഴു വൈക്കിങ് യോദ്ധാക്കളുടെ ആയുധമായിരുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മുഴങ്ങിക്കേട്ട ആ ഡ്രം ബീറ്റ്, മരണമില്ലാത്ത ആ പഴയ കടൽക്കൊള്ളക്കാരുടെ യുദ്ധകാഹളമായിരുന്നു.

ഫുട്ബോൾ ഗോത്രങ്ങൾ സിംഹാസനം നഷ്ടപ്പെടുന്ന ഭയത്തോടെ നോക്കിനിൽക്കെ, ഒരു പുതിയ സാമ്രാജ്യം ഉദയം ചെയ്യുകയാണ്. ചരിത്രത്തിലെ കടൽക്കൊള്ളക്കാർ മടങ്ങിയെത്തിയിരിക്കുന്നു, ഇത്തവണ അത് കപ്പലിലല്ല, കളിക്കളത്തിലാണെന്നു മാത്രം!

logo
Metro Vaartha
www.metrovaartha.com