സഞ്ജുവിനെക്കുറിച്ച് ഇനി ഉറക്കെ സംസാരിക്കാം

ഞാന്‍ ആരുമായും മത്സരിക്കുന്നില്ല. എന്നോട് മത്സരിക്കാനും രാജ്യത്തിനുവേണ്ടി കളിക്കാനും ജയിക്കാനുമാണ് എനിക്ക് ഇഷ്ടം
sanju samson
sanju samson

#സ്പോര്‍ട്സ് ലേഖകന്‍

“ഇഷാന്‍ കിഷനെ ഞാന്‍ അങ്ങെയറ്റം ബഹുമാനിക്കുന്നു. കിഷന്‍ മികച്ച കളിക്കാരനാണ്. മികവുറ്റ കീപ്പുമാണ്. നല്ലൊരു ബാറ്ററാണ്. മികച്ച ഫീല്‍ഡറുമാണ്. തീര്‍ച്ചയായും എനിക്ക് എന്‍റെ ശക്തിയും ദൗര്‍ബല്യങ്ങളുമുണ്ട്. ഞാന്‍ ആരുമായും മത്സരിക്കുന്നില്ല. എന്നോട് മത്സരിക്കാനും രാജ്യത്തിനുവേണ്ടി കളിക്കാനും ജയിക്കാനുമാണ് എനിക്ക് ഇഷ്ടം. ഒരേ ടീമില്‍ത്തന്നെയുള്ളവര്‍ പരസ്പരം മത്സരിക്കുന്നതൊരു ആരോഗ്യകരമായ കാര്യമല്ല.”- മുംബൈ ഇന്ത്യന്‍സിനെതിരായ മത്സര വിജയത്തിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞ വാക്കുളാണിത്.

എത്രപക്വതയോടെയും പരസ്പര ബഹുമാനത്തോടെയുമാണ് സഞ്ജു സംസാരിക്കുന്നത്. ഇത് അയാളുടെ മാനുഷിക വശം. പ്രകടന കാര്യത്തിലേക്കു വന്നാല്‍, ഈ ഐപിഎല്ലില്‍ ഏറ്റവും കണ്‍സിസ്റ്റന്‍ഡായി കളിക്കുന്ന ടീമിന്‍റെ നായകനാണ് സഞ്ജു. അതുപോലെ വിരാട് കോലിക്കു മാത്രം പിന്നിലായി ബാറ്റിങ് മികവ് പുറത്തെടുത്ത താരം കൂടിയാണ് സഞ്ജു. ഇനി നമുക്ക് ഉറക്കെ തന്നെ സഞ്ജുവിനെക്കുറിച്ച് സംസാരിക്കാം. അല്ലെങ്കില്‍ അത് നീതികേടാകും. ബാറ്റിങ് സ്ഥിരതയില്ല എന്നതിനും നേതൃപാടവമില്ല എന്നതിനുമൊക്കെ ഒരു സീസണിലെ ആദ്യ എട്ടു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ സഞ്ജു മറുപടി നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരശേഷം ഹര്‍ഭജന്‍ സിങ് പറഞ്ഞതും ഇവിടെ പ്രസക്തമാണ്. രോഹിതിനു ശേഷം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിന്‍റെ നായകനാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. സഞ്ജുവിനെ ഇന്ത്യയുടെ ടി20 നായകനാക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. കീപ്പര്‍- ബാറ്ററെക്കുറിച്ച് ഒരു ചര്‍ച്ചയും ആവശ്യമില്ല. സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വരണം. രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ ക്യാപ്നുമാകണം. - ഭാജി പറഞ്ഞു.

ഭാജിയുടെ വാക്കുകള്‍ നാം ഉറക്കെ പറയേണ്ടതുണ്ട്. വേരുന്ന ലോകകപ്പില്‍ സഞ്ജു സാംസണും ഉള്‍പ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. സഞ്ജുവിന്‍റെ വിമര്‍ശകരില്‍ പ്രധാനിയായ സുനില്‍ ഗാവസ്കറും പറയുന്നത് ഇന്ത്യന്‍ ടീമില്‍ ഒരിടം സഞ്ജു അര്‍ഹിക്കുന്നുണ്ടെന്നതാണ്. സീസണില്‍ മിന്നും ഫോമിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. മൂന്ന് നോട്ടൗട്ട് ഉള്‍പ്പെടെ എട്ട് കളിയില്‍ 314 റണ്‍സുമായി താരം ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നാലാം സ്ഥാനത്തുണ്ട്.

ടോപ് സ്കോറര്‍ ലിസ്റ്റില്‍ ഒന്നാമതുള്ള കോലിക്ക് സഞ്ജുവിനെക്കാള്‍ 65 റണ്‍സ് മാത്രമാണ് കൂടുതലുള്ളത്. മൂന്ന് അര്‍ധ സെഞ്ചുറികളും സഞ്ജു നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല സഞ്ജു. ടീം മാന്‍ എന്ന നിലയില്‍ കഴിഞ്ഞ കളിയില്‍ യശസ്വി ജയ്സ്വാളിനു നല്‍കിയ പിന്തുണയും ഏറെ ശ്രദ്ധേയമാണ്. സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്നു ജയ്സ്വാളിന് സിംഗിളുകള്‍ നല്‍കി സഞ്ജു പ്രോത്സാഹിപ്പിച്ചു. അതുപോലെ കഴിഞ്ഞ ഏഴു മത്സരങ്ങളിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന താരമായിരുന്നു യശസ്വി. എന്നാല്‍, യുവതാരത്തിന്‍റെ പ്രതിഭയില്‍ ലവലേശം സംശയമില്ലാതിരുന്ന സഞ്ജു യശസ്വിക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. താരം 60 പന്തില്‍ ഏഴ് സിക്സും ഒന്‍പത് ഫോറും സഹിതം 104 റണ്‍സെടുത്തു. ഐപിഎല്ലില്‍ യശസ്വി നേടുന്ന രണ്ടാം ശതകമാണിത്. ജയം സ്വന്തമാക്കുമ്പോള്‍ യശസ്വിക്കൊപ്പം സഞ്ജു പുറത്താകാതെ ക്രീസില്‍ നിന്നു. സഞ്ജു 28 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 38 റണ്‍സ് കണ്ടെത്തി.

അതിനിടെ, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അപൂര്‍വ നാഴികക്കല്ലും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പിന്നിട്ടു. റോയല്‍സിനായി ഐപിഎല്ലില്‍ 3500 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.

മുംബൈക്കെതിരായ മത്സരത്തിലായിരുന്നു ഇത്. 128-ാം ഇന്നിങ്സിലാണ് താരം രാജസ്ഥാനായി 3500 റണ്‍സ് തികച്ചത്.

ടീമിനായി 3000 ഐപിഎല്‍ റണ്‍സ് തികച്ച ആദ്യ താരമെന്ന നേട്ടം നേരത്തേ തന്നെ സഞ്ജുവിന്‍റെ പേരിലാണ്. 79 ഇന്നിങ്സുകളില്‍ നിന്ന് 2981 റണ്‍സുമായി ജോസ് ബട്ലര്‍ പിന്നാലെയുണ്ട്. അജിങ്ക്യ രഹാനെ (100 ഇന്നിങ്സുകള്‍ 2810 റണ്‍സ്), ഷെയ്ന്‍ വാട്ട്സണ്‍ (78 ഇന്നിങ്സുകള്‍ 2371 റണ്‍സ്) എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ള പേരുകാര്‍. 2013-ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ സഞ്ജു 2016, 2017 സീസണുകളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി (ഇന്നത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) കളിച്ചിരുന്നു. 2021 സീസണിലാണ് സഞ്ജു രാജസ്ഥാന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. പിന്നാലെ 2022-ല്‍ ടീമിനെ ഐപിഎല്‍ ഫൈനലിലെത്തിക്കാനും സഞ്ജുവിനായിരുന്നു.

138 മത്സരങ്ങളില്‍നിന്ന് 3700 റണ്‍സാണ് സഞ്ജുവിന്‍റെ ഐപിഎല്‍ കരിയറിലെ സമ്പാദ്യം.

വരുന്ന ലോകകപ്പില്‍ ടീമില്‍ സഞ്ജു ഉണ്ടാകണമെന്ന് രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും ടീം മാനെജ്മെന്‍റും തീരുമാനിക്കേണ്ടതുണ്ട്.

വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് മുന്‍നിരയിലുള്ള പേരുകാരന്‍ ഋഷഭ് പന്ത് തന്നെയാണ്. ഈ ഐപിഎല്‍ സീസണില്‍ എട്ട് മത്സലരങ്ങളില്‍നിന്ന് 254 റണ്‍സാണ് പന്തിന്‍റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 150.29. എട്ടു കളികളില്‍നിന്ന് 314 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

ഇഷാന്‍ കിഷന്‍ എട്ടു കളികളില്‍നിന്ന് 192ഉം കെ.എല്‍. രാഹുല്‍ ഏഴ് കളികളില്‍നിന്ന് 286 റണ്‍സും നേടിയിട്ടുണ്ട്. പ്രകടനം വചട്ചു നോക്കുമ്പോഴും പ്രതിഭവച്ചു നോക്കുമ്പോഴും സഞ്ജു തന്നെ മുന്നില്‍. ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ഉറക്കെ പറയാം സഞ്ജു ലോകകപ്പ് ടീമില്‍ വേണം.

Trending

No stories found.

Latest News

No stories found.