

ഡെവോൺ കോൺവേ
മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ന‍്യൂസിലൻഡ് താരം ഡെവോൺ കോൺവേയ്ക്ക് സെഞ്ചുറി. ഒന്നാം ദിനം പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെന്ന നിലയിലാണ് ടീം. 178 റൺസുമായി കോൺവേയും 9 റൺസുമായി ജേക്കബ് ഡഫിയുമാണ് ക്രീസിൽ.
കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മിനി ലേലത്തിൽ ആരും സ്വന്തമാക്കാതിരുന്ന താരമാണ് കോൺവേ. 2 കോടി രൂപയായിരുന്നു ലേലത്തിൽ കോൺവേയുടെ അടിസ്ഥാന വില. കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ച കോൺവേ 6 മത്സരങ്ങളിൽ നിന്നും 26 ശരാശരിയിൽ 156 റൺസ് മാത്രമാണ് അടിച്ചെടുത്തത്.
അതേസമയം, കോൺവേയ്ക്കു പുറമെ ക‍്യാപ്റ്റൻ ടോം ലാഥവും സെഞ്ചുറി നേടി. 246 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 137 റൺസാണ് ലാഥമിന്‍റെ ബാറ്റിൽ നിന്നും പിറന്നത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന‍്യൂസിലൻഡിന് മികച്ച തുടക്കമായിരുന്നു ഓപ്പണർമാർ നൽകിയത്. 323 റൺസിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയത്.
വിൻഡീസിനു വേണ്ടി പേസർ കെമാർ റോച്ചിനു മാത്രമാണ് വിക്കറ്റ് വീഴ്ത്താൻ സാധിച്ചത്. ജെയ്ഡൻ സീൽസ് 21 ഓവറും റോസ്റ്റൺ ചേസ് 19 ഓവർ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും നേടാനായില്ല. സമാന സ്ഥിതി തന്നെയായിരുന്നു ആൻഡേഴ്സൻ ഫിലിപ്പിനും ജസ്റ്റിൻ ഗ്രീവ്സിനും. പരമ്പരയിലെ ആദ‍്യ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം ടെസ്റ്റ് 9 വിക്കറ്റിന് ന‍്യൂസിലൻഡ് വിജയിച്ചു.