കായിക സംഘടനകളിൽ 50% വനിതാ സംവരണം

കായിക മേഖലയിലെ അഴിമതി അവസാനിപ്പിക്കാനും താരങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ചട്ടം
കായിക സംഘടനകളിൽ 50% വനിതാ സംവരണം

National Sports Governance Rules, 2026

freepik.com

Updated on

ന്യൂഡൽഹി: രാജ്യത്തെ കായിക സംഘടനകളുടെ ഭരണസംവിധാനത്തിൽ സുതാര്യതയും ലിംഗസമത്വവും ഉറപ്പാക്കുന്ന 'നാഷണൽ സ്പോർട്സ് ഗവേണൻസ് റൂൾസ് 2026' കേന്ദ്ര സർക്കാർ പുറത്തിറക്കി. കായിക മേഖലയിലെ അഴിമതി അവസാനിപ്പിക്കാനും താരങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ചട്ടം. കായിക മന്ത്രാലയം തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കിയ വിജ്ഞാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഭരണസമിതിയിലെ വനിതാ സംവരണമാണ്.

വനിതാ പ്രാതിനിധ്യവും താരങ്ങളുടെ പങ്കാളിത്തവും പുതിയ നിയമമനുസരിച്ച്, എല്ലാ ദേശീയ കായിക സംഘടനകളുടെയും ജനറൽ ബോഡിയിൽ ഉൾപ്പെടുത്തുന്ന മികച്ച കായിക താരങ്ങളിൽ 50 ശതമാനം വനിതകളായിരിക്കണം. കൂടാതെ, സംഘടനയുടെ ദൈനംദിന തീരുമാനങ്ങൾ എടുക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാല് വനിതാ അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു. കായിക താരങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി, ഭരണസമിതിയിൽ വോട്ടവകാശമുള്ള ചുരുങ്ങിയത് നാല് മുൻനിര കായിക താരങ്ങളെ ഉൾപ്പെടുത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

പ്രായപരിധിയും കാലാവധിയും കായിക സംഘടനകളിലെ പദവികളിൽ ദീർഘകാലം തുടരുന്നത് നിയന്ത്രിക്കാൻ കർശനമായ വ്യവസ്ഥകളാണ് പുതിയ ചട്ടത്തിലുള്ളത്. ഭാരവാഹികൾക്ക് പരമാവധി 70 വയസ് വരെ മാത്രമേ തുടരാനാകൂ. പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ എന്നീ പ്രധാന പദവികളിൽ ഒരാൾക്ക് പരമാവധി 12 വർഷം (മൂന്ന് ടേം) മാത്രമേ ഭരണം നടത്താൻ അനുവാദമുള്ളൂ. ഓരോ ടേമിന് ശേഷവും കൃത്യമായ 'കൂളിങ് ഓഫ്' പിരീഡും പാലിക്കണം.

പരിശോധനയ്ക്ക് ട്രൈബ്യൂണലും ബോർഡും കായിക സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സ്വതന്ത്ര സ്വഭാവമുള്ള 'നാഷണൽ സ്പോർട്സ് ബോർഡ്' രൂപീകരിക്കും. ഈ ബോർഡിന്‍റെ അംഗീകാരമുള്ള സംഘടനകൾക്ക് മാത്രമേ ഇനി മുതൽ സർക്കാർ ഫണ്ടും ഔദ്യോഗിക പദവിയും ലഭിക്കൂ. തെരഞ്ഞെടുപ്പ് തർക്കങ്ങളും കായിക താരങ്ങളുടെ പരാതികളും പരിഹരിക്കാനായി പ്രത്യേക 'നാഷണൽ സ്പോർട്സ് ട്രൈബ്യൂണലും' നിലവിൽ വരും. എല്ലാ സ്പോർട്സ് ഫെഡറേഷനുകളും ഇനി മുതൽ വിവരാവകാശ നിയമത്തിന്‍റെ (RTI) പരിധിയിൽ വരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ആറ് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ കായിക സംഘടനകളും പുതിയ നിയമത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കായിക രംഗത്തെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യം ഒഴിവാക്കാനും ഈ നിയമം കർശനമായ മാനദണ്ഡങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com