
ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു റെക്കോർഡുമായി 12കാരൻ. ഒരോവറിൽ റൺസ് വിട്ടുകൊടുക്കാതെ ഡബിൾ ഹാട്രിക്ക്. അതും വീഴ്ത്തിയ ആറ് വിക്കറ്റുകളും ബൗൾഡ്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത് ഇംഗ്ലണ്ടിലാണ്.
ബ്രോംസ്ഗ്രോവ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയായിരുന്നു ഒലിവർ വൈറ്റ്ഹൗസ് എന്ന 12കാരൻ്റെ മാസ്മരിക പ്രകടനം. കുക്ഹിൽ ക്ലബ്ബിനെതിരായ മത്സരത്തിൽ രണ്ട് ഓവറിൽ റൺസൊന്നും വഴങ്ങാതെ ഒലിവർ 8 വിക്കറ്റുകളാണ് വീഴ്ത്തിയത്.
മത്സരം അവസാനിച്ചപ്പോൾ ഒലിവറിൻ്റെ ബോളിങ് പ്രകടനം: 2(ഓവർ)–2(മെയ്ഡൻ)-0(റൺസ്)-8(വിക്കറ്റ്). 1969ലെ വിമ്പിൾഡൻ ടെന്നിസിൽ വനിതകളുടെ സിംഗിൾസ് മത്സരത്തിൽ ചാംപ്യനായ അന്ന ജോൺസിൻ്റെ പേരക്കുട്ടിയാണ് ഒലിവർ.