ഒളിംപിക്സിൽ ക്രിക്കറ്റിന്‍റെ പുനപ്രവേശത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരിക്കുന്നു. 128 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേക്കു ക്രിക്കറ്റ് തിരിച്ചുവരുന്നത്. 128 വർഷം മുൻപെന്നു പറയുമ്പോൾ, 1900- അന്നത്തെ ഒളിംപ്കിസിലാണ് ആദ്യമായും അവസാനമായും ക്രിക്കറ്റ് മത്സരം നടത്തിയത്, അതും ഒരൊറ്റ മത്സരം.
രണ്ടേ രണ്ടു ടീമുകളാണ് അന്നു ക്രിക്കറ്റിൽ പങ്കെടുക്കാനുണ്ടായിരുന്നത്- ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും. ഈഫൽ ടവറിന്‍റെ നിർമാണത്തിൽ പങ്കെടുത്തിരുന്ന തൊഴിലാളികളാണ് അന്നു ഫ്രഞ്ച് ടീമായി ഇറങ്ങിയത്. ആറു മാസം കൊണ്ട് പൂർത്തിയാക്കിയ ഗെയിംസിൽ ഈ ക്രിക്കറ്റ് 'ഫൈനൽ' പൂർണമാകാൻ രണ്ടു ദിവസമെടുത്തു. നാല് ഇന്നിങ്സിലായി 366 റൺസും പിറന്നു.
സൈക്ളിങ് മത്സരം നടത്തുന്ന വെലോഡ്രോം ആയിരുന്നു മത്സരവേദി. പിച്ചിൽ നിന്ന് 30 മീറ്റർ മാത്രം അകലെയായിരുന്നു ബൗണ്ടറി. ഓരോ ടീമിലും 12 പേർ വീതം 24 പേർ ഗ്രൗണ്ടിലിറങ്ങിയപ്പോൾ, രണ്ടു ദിവസം കൊണ്ട് 20 കാണികൾ തികച്ച് എത്തിയില്ല.
ഫ്രഞ്ച് ടീമായി കളിക്കാനിറങ്ങിയവരിൽ പത്തു പേരും യഥാർഥത്തിൽ ബ്രിട്ടീഷ് പ്രവാസികൾ തന്നെയായിരുന്നു. ഈഫൽ ടവറിന്‍റെ പണിക്കു വന്ന് ഫ്രഞ്ചുകാരായി മാറിയവർ.
184 റൺസായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍റെ ഒന്നാമിന്നിങ്സ് സ്കോർ. ഫ്രാൻസ് 26 റൺസിന് ഓൾഔട്ട്. രണ്ടാം ഇന്നിങ്സിൽ ഫ്രഞ്ച് കൂടുതൽ പോരാട്ടവീര്യം കാണിച്ചു. കളി കഴിയാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെയാണ് ബ്രിട്ടൻ 158 റൺസ് വിജയം പിടിച്ചെടുക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള രണ്ടു പേർ മാത്രമാണ് ആ മത്സരത്തിൽ പങ്കെടുത്തത്, രണ്ടു പേരും ബ്രിട്ടീഷ് ടീമിൽ തന്നെ. അതിലൊരാൾ, മൊണ്ടാഗു ടോളർ, 9 റൺസ് വഴങ്ങി 7 വിക്കറ്റും നേടിയിരുന്നു.
കളി ജയിച്ച ബ്രിട്ടന് വെള്ളി മെഡലും രണ്ടാം സ്ഥാനക്കാരായ ഫ്രാൻസിന് വെങ്കലവുമാണ് കൊടുത്തത്. മത്സരത്തിന് ഔദ്യോഗിക അംഗീകാരം കിട്ടിയ 1912ൽ മാത്രമാണ് ബ്രിട്ടന്‍റെ വെള്ളി സ്വർണമായും ഫ്രാൻസിന്‍റെ വെങ്കലം വെള്ളിയായും പുതുക്കിയത്.
യഥാർഥത്തിൽ നാലു ടീമുകളാണ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. ഒളിംപ്കിസിന് ആതിഥ്യം വഹിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ബെൽജിവും നെതർലൻഡ്സും പിൻമാറിയതോടെ രണ്ടു ടീമുകളായി ചുരുങ്ങുകയായിരുന്നു.
1877ൽ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടന്നിരുന്നെങ്കിലും 1900ലെ ഒളിംപ്ക്സിന്‍റെ സമയത്തും ഇംഗ്ലീഷുകാരുടെ ഒഴിവു സമയ വിനോദം എന്നതിലപ്പുറം കായികലോകം ആ ഗെയിമിനെ ഗൗരവമായെടുത്തിരുന്നില്ല. എന്നിട്ടും ക്രിക്കറ്റ് അന്നത്തെ ഒളിംപ്കിസിൾ ഉൾപ്പെടാൻ കാരണം നടത്തിപ്പിലെ പ്രത്യേകതയാണ്.
കായിക മാമാങ്കം എന്നതിലുരപരി ഒരു ആഗോള വ്യാപാര മേള എന്ന നിലയിലാണ് ഫ്രാൻസ് അന്നത്തെ ഒളിംപിക്സ് സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് ആറു മാസം ദൈർഘ്യവുമുണ്ടായത്- ലോകത്തിനു മുന്നിൽ സ്വയം അവതരിപ്പിക്കാനുള്ള ഫ്രാൻസിന്‍റെ ശ്രമമായിരുന്നു ആ ആറു മാസത്തെ വ്യാപാര-കായിക ഉത്സവം.