പാരിസ്: ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെ ഹർജി സമർപ്പിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ വിധി പറയുന്നത് വീണ്ടും മാറ്റിവച്ചു. ചൊവ്വാഴ്ച വിധി പറയുമെന്നാരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇത് വെളളിയാഴ്ച രാത്രി 9.30 യിലേക്ക് മാറ്റുകയായിരുന്നു.
തുടർച്ചയായി ഇത് മൂന്നാംതവണയാണ് വിനേഷിന്‍റെ കേസ് വിധിപറയാന്‍ മാറ്റുന്നത്. വിധി വരാത്ത പശ്ചാത്തലത്തില്‍ രാത്രി 9.30-ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും മാറ്റിവച്ചു. ഒളിംപിക്സ് തീരുന്നതിന് മുന്‍പ് വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ തീര്‍പ്പുണ്ടാവുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്. എന്നാൽ തീരുമാനമെടുക്കാന്‍ സമയം നീട്ടിച്ചോദിച്ച ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നറ്റിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
വെള്ളി മെഡല്‍ നല്‍കണമെന്നു ആവശ്യപ്പെട്ട് താരം നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയാണ് വിധി പറയുന്നത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു. ഹർജിയിൽ വിധി അനുകൂലമായാല്‍ താരത്തിന് വെള്ളി മെഡൽ ലഭിക്കും. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാൽ ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.