
#സികെആര്‍
ഓംപ്രകാശ് മുന്ദ്ര, ഈ പേര് കേട്ടിട്ടുള്ളവര്‍ കുറവായിരിക്കും. എന്നാല്‍, അദ്ദേഹത്തിന്റെ മുഖം ടെലിവിഷനിലൂടെ കണ്ടവര്‍ നിരവധിയായിരിക്കും. കാരണം ലോകത്തെവിടെയൊക്കെ വലിയ കായിക സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടോ അവിടെയൊക്കെ ഓടിയെത്തും ഈ ഒഡീഷക്കാരന്‍ അദ്ദേഹത്തിന്റെ മുഖം ടെലിവിഷന്‍ സ്ക്രീനുകള്‍ക്ക് വിരുന്നാണ്. ചിലേടങ്ങളില്‍ കാഴ്ചക്കാരനായാവും ഓംപ്രകാശിന്റെ വരവ്, മറ്റ് ചിലേടങ്ങളില്‍ വോളണ്ടിയര്‍ ആയെത്തും. ഇനിയതുമല്ലാത്ത സ്ഥലങ്ങളില്‍ മാധ്യമപ്രവര്ത്തകനായാവും ഓംപ്രകാശ് ഹാജര്‍ വയ്ക്കുന്നത്. ഇന്ത്യ ഏതൊക്കെ കായിക ഇനങ്ങളില്‍ എവിടെയൊക്കെ മത്സരിക്കുന്നുവോ അവിടെയെത്തി ഇന്ത്യക്കായി ജയ് വിളിക്കുക എന്നത് ഓംപ്രകാശിന് ദിനചര്യ എന്നപോലെയാണ്.
ചെന്നൈയില്‍ നടന്ന ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് പോരാട്ടം കാണാനും ഓംപ്രകാശ് എത്തി. അതും ഹാങ്ചൗവിലെ ഏഷ്യന്‍ ഗെയിംസിനു ശേഷം ഒരു ദിവസം പോലും വിശ്രമിക്കാതെയായിരുന്നു ചെന്നൈയിലേക്കുള്ള ഓംപ്രകാശിന്റെ വരവ്. ഇത്തവണ മാധ്യമപ്രവര്‍ത്തകന്റെ റോളിലാണ് ഓംപ്രകാശിന്റെ വരവ്. ""ജീവിതം അന്നന്നു ജീവിച്ചു തീര്‍ക്കുക അതാണെന്റെ പോളിസി. നമ്മുടെ മൂല്യങ്ങളെ പിന്തുടര്ന്ന് ലോകത്തെ ജീവിതത്തെ പഠിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നത് എപ്പോഴും ആശ്ചര്യകരമാണ് ''. -74കാരനായ ഓംപ്രകാശ് മെട്രൊ വാര്‍ത്തയോട് പറഞ്ഞു.
ഒഡീഷയിലും നാഗ്പുരിലുമായി പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ഇന്‍ഡസ്ട്രിയുടെ സ്ഥാപകനാണ് ഓംപ്രകാശ്. ഇപ്പോള്‍ മക്കളാണ് അവയൊക്കെ നോക്കി നടത്തുന്നത്.
ക്രിക്കറ്റിനോട് അഭിനിവേശമുള്ള ഓംപ്രകാശ് എഴുപതുകള്‍ മുതല്‍ വിവിധ മത്സരങ്ങള്‍ സ്റ്റേഡിയങ്ങളിലെത്തി കാണുന്ന രീതിയുണ്ടായിരുന്നു. 1975ലായിരുന്നു ഓംപ്രകാശിന്റെ വിവാഹം. പിന്നീട് മത്സരങ്ങള്‍ കാണാന്‍ ഭാര്യ പ്രേംലതയെയും കൂട്ടി. ഇരുവരുടെയും കായിക യാത്രയും അവിടെ തുടങ്ങി. 1975ല്‍ കോല്‍ക്കത്തയില്‍ നടന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരമാണ് ഇരുവരും ആദ്യമായി ഒന്നിച്ചുകണ്ട് മത്സരം. ലോകത്തെ പ്രശസ്തമായ സ്റ്റേഡിയങ്ങളിലെല്ലാം ഇരുവരുമെത്തി.
1982ലെ ഏഷ്യന്‍ ഗെയിംസാണ് ഓംപ്രകാശ് കണ്ട ആദ്യത്തെ രാജ്യാന്തര മള്‍ട്ടി സ്പോര്‍ട്സ് ഇവന്റ്. പിന്നീട് 100 രാജ്യങ്ങളിലായി വിവിധ കായിക മത്സരങ്ങളുടെയും ടൂര്‍ണമെന്റുകളുടെയും കാഴ്ചക്കാരനും വളണ്ടിയറായും റിപ്പോര്‍ട്ടറായും ഓംപ്രകാശ് ഓടിയെത്തി. 1987ല്‍ ഇന്ത്യയില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പാണ് ആദ്യത്തെ ലോകകപ്പ്. അന്ന് ചെന്നൈയില്‍ നടന്ന ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടം ഇന്നും ഓര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു റണ്ണിന് ഇന്ത്യ തോറ്റത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1996 ക്രിക്കറ്റ് ലോകകപ്പ്, 1999 ക്രിക്കറ്റ് ലോകകപ്പ്, 2000 സിഡ്നി ഒളിംപിക്സ്, 2002 ഫിഫ ലോകകപ്പ്, 2003 ക്രിക്കറ്റ് ലോകകപ്പ്, 2006ലെ ഫിഫ ലോകകപ്പ്, 2006ല്‍ ഖത്തറില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്, 2007ലെ ക്രിക്കറ്റ് ലോകകപ്പ്, 2008 ബെയ്ജിങ് ഒളിംപിക്സ്, 2009 ടി-20 ലോകകപ്പ്, 2009 വിംബിള്‍ഡണ്‍, 2010 ഫിഫ ലോകകപ്പ്, 2011 ഐസിസി ലോകകപ്പ്, ഐപിഎല്‍ സീസണുകള്‍, 2011 ഫോര്‍മുല വണ്‍, 2013 കോണ്‍ഫെഡറേഷന്‍സ് കപ്പ്, 2014 ഫിഫ ലോകകപ്പ്, 2016 റിയോ ഒളിംപിക്സ്, 2019 കോപ്പ അമെരിക്ക, 2021 ടോക്കിയോ ഒളിംപിക്സ്, 2022 ടി-20 ലോകകപ്പ് എന്നിവ ഓംപ്രകാശ് നേരില്‍ കണ്ട കായിക സംഭവങ്ങളാണ്. ഇത്രയധികം കായികോത്സവങ്ങളടെ ഭാഗമായ മറ്റൊരാള്‍ ലോകത്തുണ്ടാകുമോ എന്നു തന്നെ സംശയമാണ്.
ക്രിക്കറ്റ് ലോകകപ്പ് പോരാട്ടങ്ങളില്‍ എന്നും ഓര്‍മയില്‍ തങ്ങി നില്ക്കുന്ന മത്സരം ഏതെന്നു ചോദിച്ചാല്‍ ഓംപ്രകാശിന്റെ ഉത്തരം ഉടന്‍ വരും 2003 ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന് മത്സരമെന്ന്. ചാച്ചാ എന്നറിയപ്പെടുന്ന പാക് ആരാധകന് ഇന്ത്യയെ വളരെ മോശമായി പറഞ്ഞതും അതേത്തുടര്‍ന്ന് എന്തായിരിക്കും ഇന്ത്യ എന്നു കാണൂ എന്നു പറഞ്ഞ് അദ്ദേഹത്തോട് തര്ക്കിച്ചതും അദ്ദേഹം ഓര്‍ത്തെടുത്തു. പിന്നീട് സച്ചിന് വന്ന് അടിച്ചുതകര്‍ത്തത് തനിക്ക് ഒരിക്കലും മറക്കാനാവില്ലാത്ത ഓര്‍മയാണെന്ന് ഓംപ്രകാശ് കൂട്ടിച്ചേര്‍ത്തു.
ഒഡീഷയില്‍ ജയിച്ചുവെങ്കിലും ഇപ്പോള്‍ നാഗ്പുരിലാണ് താമസം. വീട്ടിലെത്തുക വളരെ വിരളം. ലോകത്തെ എവിടെയാണെങ്കിലും എല്ലാ ദീപാവലിക്കും സ്വന്തം വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം കൂടുക പതിവാണെന്ന് അദ്ദേഹം പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ ജഡേജ സ്റ്റീവ് സ്മിത്തിനെ ബൗള്‍ഡാക്കിയത് കുട്ടികളുടെ ആവേശത്തോടെ ആഘോഷിക്കുന്ന ഓംപ്രകാശിനെയാണ് കണ്ടത്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഓംപ്രകാശ് ചെന്നൈ വിട്ടത്.