ഒരേയൊരു സാനിയ

ഒരേയൊരു സാനിയ

#ഇ. രുദ്രൻ

രണ്ടു പതിറ്റാണ്ടു നീണ്ട ടെന്നിസ് ജീവിതം, ആ‍റ് ഗ്രാൻഡ് സ്ലാമുകൾ, 43 ഡബിൾസ് കിരീടങ്ങൾ... ഇന്ത്യൻ ചരിത്രത്തിൽ നാഴികക്കല്ലുകൾ കുറിച്ച നേട്ടങ്ങളുമായാണ് അന്താരാഷ്ട്ര ടെന്നിസിൽ നിന്ന് സാനിയ മിർസയുടെ വിടവാങ്ങൽ. കഴിഞ്ഞ ദിവസം ദുബായിൽ കരിയറിലെ അവസാന ടൂർണമെന്‍റിന്‍റെ ഡബിൾസിൽ അമെരിക്കൻ പങ്കാളി മാഡിസൺ കെയ്സുമായി ചേർന്നു മത്സരിച്ചപ്പോൾ ആദ്യ റൗണ്ടിലേ പരാജയം ഏറ്റുവാങ്ങിയാണ് കളം വിടുന്നത് എന്നതിൽ നിരാശയുണ്ടാവാം. ശക്തരായ റഷ്യൻ ‍എതിരാളികൾക്കെതിരേ 4-6, 0-6 തോൽവി മികച്ച പ്രകടനത്തോടെ വിടവാങ്ങുകയെന്ന പ്രതീക്ഷയുടെ കടപുഴക്കി. എന്നാൽ, കരിയറിലുടനീളമുള്ള തിളക്കം സാനിയയുടെ വിടവാങ്ങൽ മത്സരത്തിലെ നിരാശയെ അനായാസം മറികടക്കുന്നതാണ്. ഇതുപോലെ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടാൻ ഇന്ത്യൻ ടെന്നിസിന് മറ്റൊരു സാനിയ എവിടെ എന്ന ചോദ്യം മുപ്പത്താറാം വയസിലും ഈ സൂപ്പർ സ്റ്റാറിന്‍റെ പ്രസക്തി നിലനിർത്തുന്നതായിരുന്നു. തീ പാറുന്ന ഷോട്ടുകളിലൂടെ എതിരാളികൾക്കും വിമർശകർക്കും മറുപടി നൽകിക്കൊണ്ടിരുന്ന സാനിയ ഇന്ത്യൻ ടെന്നിസിന്‍റെ റാണിപ്പട്ടം വർഷങ്ങളത്രയും കാത്തുസൂക്ഷിച്ചു.

ആറു ഗ്രാൻഡ് സ്ലാം ടൂർണമെന്‍റുകളിൽ മൂന്ന് മിക്സഡ് ഡബിൾസ് കിരീടങ്ങൾ സാനിയയുടേതായിട്ടുണ്ട്. അതിൽ രണ്ടിലും മഹേഷ് ഭൂപതിയായിരുന്നു ഒപ്പം റാക്കറ്റേന്തിയത്; ഒന്നിൽ ബ്രസീലിയൻ താരം ബ്രൂണോ സൊവാറിസും. ആദ്യ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടവും ഭൂപതിയോടു ചേർന്നായിരുന്നു- 2009ലെ ഓസ്ട്രേലിയൻ ഓപ്പണ‍ിൽ. ഒരിന്ത്യക്കാരി നേടുന്ന ആദ്യ ഗ്രാൻഡ് സ്ലാം കിരീടം. അന്ന് ക്വാർട്ടർ ഫൈനലിൽ എത്തുന്നതു വരെ സാനിയ-ഭൂപതി സഖ്യം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയില്ല. പിന്നീട് 2012ലെ ഫ്രഞ്ച് ഓപ്പണിലും ഭൂപതിയോടൊത്ത് കിരീടം നേടി. ഇത്തവണ ടൂർണമെന്‍റിലുടനീളം സെറ്റ് നഷ്ടമില്ലാതെയാണ് ഇന്ത്യൻ സഖ്യം കളിച്ചത്. 2014ലെ യുഎസ് ഓപ്പണിലാണ് സൊവാറിസ് മത്സര പങ്കാളിയായി മിക്സഡ് ഡബിൾസ് ജയിക്കുന്നത്.

സ്വിസ് മാന്ത്രിക മാർട്ടിന ഹിംഗിസുമായി ചേർന്ന് മൂന്നു വനിതാ ഡബിൾസ് കിരീടങ്ങളും സാനിയ നേടി. 2015ലെ വിംബിൾഡൺ, യുഎസ് ഓപ്പണുകളും 2016ലെ ഓസ്ട്രേലിയൻ ഓപ്പണും. വിംബിൾഡൺ കിരീടം നേടുമ്പോൾ അത് ഇന്ത്യൻ ടെന്നിസിന്‍റെ പുതിയ ചരിത്രമായിരുന്നു. ആദ്യമായി ഒരു ഇന്ത്യക്കാരി നേടുന്ന ഗ്രാൻഡ് സ്ലാം വനിതാ ഡബിൾസ് കിരീടം. ലോക ടെന്നിസിലെ ഏറ്റവും മഹത്തായ ടൂർണമെന്‍റ് എന്നാണല്ലോ വിംബിൾഡൺ അറിയപ്പെടുന്നത്. അതിലെ ഈ വിജയം ഫൈനൽ വരെ സെറ്റ് നഷ്ടമില്ലാതെ കളിച്ചായിരുന്നു. "സാൻ-ടിന' എന്നു വിളിപ്പേരു വീണ ഈ സഖ്യം പിന്നീട് യുഎസ് ഓപ്പണിൽ ഫൈനലിൽ ഉൾപ്പെടെ ഒരൊറ്റ സെറ്റിലും തോറ്റില്ല.

2015നും 2016നും ഇടയിൽ തുടർച്ചയായി 41 മത്സരങ്ങളിൽ വിജയം നേടിയ സാനിയ-ഹിംഗിസ് കൂട്ടുകെട്ട് ഇതിനിടയിൽ ഒമ്പതു കിരീടങ്ങളാണ് സ്വന്തമാക്കിയത്. 2015 ഏപ്രിലിൽ വനിതാ ഡബിൾസിൽ ലോക ഒന്നാം റാങ്കിലെത്തിയ സാനിയ 91 ആഴ്ച ഒന്നാം നമ്പർ നിലനിർത്തി. വിവിധ മത്സരങ്ങളിൽ നിന്നായി 10 ലക്ഷത്തിലേറെ ഡോളർ സമ്മാനത്തുക നേടിയ ആദ്യ ഇന്ത്യൻ താരവും സാനിയയാണ്. ദുബായിൽ അവസാന മത്സരത്തിനെത്തുമ്പോൾ രണ്ടു പതിറ്റാണ്ടിനിടെ അവരുടെ മൊത്തം സമ്മാനത്തുക 7261296 ഡോളർ എന്നാണു കണക്കാക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം അറിയപ്പെട്ട താരങ്ങളിലൊരാൾ എന്നതുപോലെ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടിയ താരങ്ങളുടെ മുൻനിരയിലും സാനിയയുണ്ട്.

പതിനേഴാം വയസിൽ ഹൈദരാബാദിലെ ടൂർണമെന്‍റിൽ വനിതാ ഡബിൾസ് കിരീടം നേടി ഏതെങ്കിലുമൊരു ഡബ്ല്യുടിഎ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായ സാനിയ പിന്നാലെ സിംഗിൾസിലും നേട്ടങ്ങളുണ്ടാക്കി. പിറ്റേ വർഷം പതിനെട്ടാം വയസിൽ ഡബ്ല്യുടിഎ സിംഗിൾസ് കിരീടവും സാനിയ സ്വന്തമാക്കി; ഹൈദരാബാദിൽ തന്നെ. അതിനു മുൻപേ 2005ലെ ഓസ്ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടുവരെ മുന്നേറിയും ശ്രദ്ധ നേടി. അന്നത്തെ ചാംപ്യൻ സെറീന വില്യംസിനോടായിരുന്നു തോൽവി. 2005ലെ യുഎസ് ഓപ്പണിൽ നാലാം റൗണ്ടിൽ കടക്കാനും സാനിയക്കു കഴിഞ്ഞു. അന്നു തോറ്റത് മരിയ ഷറപ്പോവയോട്. സിംഗിൾസിൽ മൂന്നു ഡബ്ല്യുടിഎ ഫൈനലുകളിൽ പിന്നീട് സാനിയ കളിച്ചിട്ടുണ്ട്. ഏഴു തവണ ഡബ്ല്യുടിഎ സെമി ഫൈനലുകളിലെത്തി; 13 വട്ടം ക്വാർട്ടർ ഫൈനലുകളിലും. 2007ൽ സ്റ്റാൻഫോർഡിൽ റണ്ണർ അപ്പുമായി. ലോക വനിതാ ടെന്നിസിലെ ഇരുപത്തേഴാം റാങ്ക് വരെ സാനിയ ഉയർന്നു- 2007ൽ. 2005ൽ ആദ്യ 50 റാങ്കിൽ അകപ്പെട്ടപ്പോൾ തന്നെ ഒരിന്ത്യൻ ചരിത്രം പിറവി കൊള്ളുകയായിരുന്നു. 2012ലാണ് സിംഗിൾസിനോടു വിട പറഞ്ഞ് ഡബിൾസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിന്നീട് നേട്ടങ്ങളുടെ പട്ടികയ്ക്കു നീളമേറിക്കൊണ്ടിരുന്നു.

ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ആഫ്രോ-ഏഷ്യൻ ഗെയിംസ് എന്നിങ്ങനെ അന്താരാഷ്ട്ര കായിക വേദികളിൽ ഇന്ത്യയ്ക്കായി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. നാല് ഒളിംപിക്സുകളിൽ ഇന്ത്യൻ പതാകയ്ക്കു കീഴിൽ അണിനിരന്നു. 2016ൽ റിയോയിൽ റോഹൻ ബൊപ്പണ്ണയോടു ചേർന്നു മത്സരിച്ച് മിക്സഡ് ഡബിൾസിൽ വെങ്കല മെഡലിന് അടുത്തുവരെയെത്തി. ഒളിംപിക്സിലെ മെഡിലില്ലായ്മയാവും സാനിയയുടെ ഏറ്റവും വലിയ നഷ്ടം. 1996ലെ അറ്റ്ലാന്‍റ ഒളിംപിക്സിൽ വെങ്കലം നേടി ലിയാൻഡർ പേസ് ഇന്ത്യൻ ടെന്നിസിനു നൽകിയ മെഡൽ തിളക്കം പിന്നീട് ആവർത്തിക്കപ്പെട്ടിട്ടേയില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com