''കാശ് തരാം, ന്യൂസിലൻഡിന്‍റെ ടീം മീറ്റിങ്ങിൽ ഒന്നിരുത്താമോ?''

ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ന്യൂസിലൻഡ് ടീമിനോടുള്ള തന്‍റെ ആരാധനയും കൗതുകവും വെളിപ്പെടുത്തുന്നു
R Ashwin wants to sit in New Zealand team meeting

ആർ. അശ്വിൻ

File photo

Updated on
Summary

ന്യൂസിലൻഡ് ക്രിക്കറ്റ് ടീം തന്ത്രങ്ങൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രീതി അറിയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യൻ താരം ആർ. അശ്വിൻ. അവരുടെ ടീം മീറ്റിംഗുകളിൽ പങ്കെടുക്കാൻ പണം നൽകാൻ പോലും താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മണ്ണിൽ ന്യൂസിലൻഡ് നടത്തിയ മികച്ച പ്രകടനവും അവരുടെ പ്ലാനിങ്ങിലെ വ്യക്തതയുമാണ് അശ്വിനെ ഈ ആഗ്രഹത്തിലേക്ക് നയിച്ചത്.

ചെന്നൈ: ക്രിക്കറ്റ് മൈതാനത്തെ തന്ത്രശാലിയായ കളിക്കാരനെന്ന് പേരെടുത്ത ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒരു അപൂർവ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്‍റെ തന്ത്രങ്ങൾ എങ്ങനെയാണെന്ന് അറിയാൻ അവരുടെ ടീം മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും, അതിനായി പണം നൽകാൻ പോലും തയാറാണെന്നുമാണ് അശ്വിൻ പറഞ്ഞത്. ന്യൂസിലൻഡ് ടീമിന്‍റെ അച്ചടക്കവും പ്ലാനിങ്ങും പ്ലാനുകൾ നടപ്പാക്കുന്ന രീതിയും അത്രമേൽ ആകർഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്ത ടീമാണ് ന്യൂസിലൻഡ്. ഇപ്പോൾ ഏകദിന പരമ്പര കളിക്കാനെത്തിയിരിക്കുന്നതും ഒന്നാംനിര ടീമുമായല്ല. പരിമിതമായ വിഭവങ്ങളും ചെറിയൊരു ജനസംഖ്യയുമുള്ള ഒരു രാജ്യം എങ്ങനെയാണ് ലോകക്രിക്കറ്റിലെ വമ്പന്മാരെ നിരന്തരം അമ്പരപ്പിക്കുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അശ്വിൻ പറഞ്ഞു.

"അവർ എങ്ങനെയാണ് കളിയെ സമീപിക്കുന്നത് എന്നും അവരുടെ മീറ്റിങ്ങുകളിൽ എന്തൊക്കെയാണ് ചർച്ച ചെയ്യുന്നത് എന്നും അറിയാൻ എനിക്ക് വലിയ താല്പര്യമുണ്ട്''- അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ക്രിക്കറ്റിനെ ശാസ്ത്രീയമായി സമീപിക്കുന്ന താരമാണ് അശ്വിൻ. ഓരോ ടീമിന്‍റെയും ബാറ്റിങ് ശൈലിയും പ്ലാനുകളും പഠിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുന്നിലാണ്. ന്യൂസിലൻഡ് ടീമിന്‍റെ പ്ലാനിങ്ങിലുള്ള വ്യക്തതയും അത് മൈതാനത്ത് നടപ്പിലാക്കുന്ന രീതിയും പഠിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. വിശകലനാത്മകമായ ക്രിക്കറ്റിനെ സമീപിക്കുന്ന അപൂർവം ടീമുകളിലൊന്നാണ് ന്യൂസിലൻഡ് എന്നും അശ്വിൻ വിലയിരുത്തുന്നു.

അശ്വിന്‍റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കളി കഴിഞ്ഞാലും ക്രിക്കറ്റിനെക്കുറിച്ചുള്ള പഠനം അവസാനിപ്പിക്കാത്ത അശ്വിന്‍റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ ആരാധകർ വാനോളം പുകഴ്ത്തുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com