
ദുബായ്: ഇന്ത്യന്‍ ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരം സാനിയ മിര്‍സ തന്റെ കരിയര്‍ അവസാനിപ്പിച്ചു. പ്രഫഷണല്‍ ടെന്നീസിലെ അവാസ മത്സരത്തില്‍ വനിതാ ഡബിള്‍സില്‍ സാനിയ - മാഡിസന്‍ കെയ്സ് സഖ്യം റഷ്യയുടെ വിക്ടോറിയ കുഡെര്‍മെറ്റോവ- ലിയുഡ്മില സംസണോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 6-0, 6-4. വനിതാ ടെന്നീസില്‍ ഇന്ത്യയെ ഒറ്റയ്ക്ക് മുന്നോട്ടു നയിച്ച താരമാണ് 36കാരിയായ സാനിയ. കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണോടെ ഗ്രാന്‍ഡ് സ്ലാം ടെന്നീസിനോടു വിടപറഞ്ഞ സാനിയ ദുബായില്‍ തന്റെ അവസാന മത്സരം കളിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
ടെന്നീസ് റാങ്കിങ്ങില്‍ ആദ്യ 30ലെത്തുന്ന ഏക ഇന്ത്യന്‍ വനിതാ താരമാണ് സാനിയ. 20 വര്‍ഷത്തെ ടെന്നീസ് കരിയറിനാണ് സാനിയ വിരാമം കുറിക്കുന്നത്. വനിത എന്ന നിലയ്ക്ക് പല പരിമിതികളും ഉണ്ടായിരുന്നുവെങ്കിലും അവയൊക്കെ തരണം ചെയ്യാന്‍ സാധിച്ചത് വലിയ നേട്ടമായി കാണുന്നു. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി- സാനിയ പറഞ്ഞു.
ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍, 43 കിരീടങ്ങള്‍ എന്നിവ സാനിയ നേടിയിട്ടുണ്ട്. സിംഗിള്‍സില്‍ 27-ാം റാങ്കിലെത്തിയ ഇന്ത്യന്‍ താരമാണ് സാനിയ. വനിതാ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്താനും സാനിയയ്ക്കായി.