പാരീസ്: കളിമണ്‍കോര്‍ട്ടിലെ രാജാവില്ലാതെ ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നു. അതെ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ കൊണ്ട് കൊട്ടാരം പണിത സ്പാനിഷ് കരുത്തന് റാഫേല്‍ നദാല്‍ ഇല്ലാതെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് നാളെ തുടക്കം. പരുക്കിനെ തുടര്‍ന്നാണ് റാഫേല്‍ നദാല്‍ കളിക്കാത്തത്. രണ്ടാഴ്ച മുമ്പാണ് തനിക്ക് ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനാവില്ലെന്ന് നിലവിലെ ചാംപ്യന്‍ നദാല്‍ പ്രഖ്യാപിച്ചത്. 2023 സീസണില്‍ ഇനി കളിക്കില്ലെന്നും 2024 സീസണ് ആയിരിക്കും കളിക്കളത്തില്‍ തന്റെ അവസാന സീസണ് എന്നും 36 കാരനായ റാഫേല്‍ നദാല്‍ അറിയിച്ചിരുന്നു.സീസണിലെ ഏക കളിമണ്‍ കോര്‍ട്ട് ഗ്രാന്സ്ലാം ടൂര്‍ണമെന്റാണ് ഫ്രഞ്ച് ഓപ്പണ്‍.
14 തവണ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം റാഫേല്‍ നദാല്‍ സ്വന്തമാക്കിയിട്ടുണ്ട്. 2005 ല്‍ ഫ്രഞ്ച് ഓപ്പണില്‍ അരങ്ങേറിയതിനു ശേഷം റാഫേല്‍ നദാല്‍ ഇല്ലാത്ത ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റാണ് ഇത്തവണ അരങ്ങേറുക എന്നതാണ് ശ്രദ്ധേയം.2005 ല്‍ ആണ് ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാല്‍ ആദ്യമായി ചാമ്പ്യനായത്. തുടര്‍ന്ന് 2022 വരെ ആയി 14 കിരീടങ്ങള്‍ സ്വന്തമാക്കി.
ഒരു ഗ്രാന്‍സ് ലാം ഏറ്റവും അധികം തവണ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡും നദാലിനു സ്വന്തം. കരിയറില്‍ ഇതുവരെ ആകെ 22 ഗ്രാന്‍സ് ലാം സിംഗിള്‍സ് കിരീടങ്ങള്‍ റാഫേല്‍ നദാലിന് ഉണ്ട്.
പുരുഷ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ് ലാം കിരീടങ്ങള്‍ എന്ന റിക്കാര്‍ഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് ഒപ്പം പങ്കിടുകയാണ് റാഫേല്‍ നദാല്‍.2023 സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണിനു ശേഷം റാഫേല്‍ നദാല്‍ കോര്‍ട്ടില്‍ എത്തിയിരുന്നില്ല. ഫ്രഞ്ച് ഓപ്പണിനു മുന്നോടിയായി നടക്കുന്ന അവസാന കളിമണ്‍ കോര്‍ട്ട് പോരാട്ടമായ ഇറ്റാലിയന്‍ ഓപ്പണില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്മാറിയതോടെ 2023 ഫ്രഞ്ച് ഓപ്പണില്‍ കളിമണ്‍കോര്‍ട്ട് രാജകുമാര്‍ കളിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തമായിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നീ ഗ്രാന്‍സ് ലാം കിരീടങ്ങള്‍ രണ്ട് തവണ വീതവും യുഎസ് ഓപ്പണ്‍ നാല് തവണയും സ്വന്തമാക്കിയിട്ടുണ്ട്.2005 ല്‍ ഫ്രഞ്ച് ഓപ്പണില്‍ അരങ്ങേറിയ റാഫേല്‍ നദാലിന് റോളങ് ഗാരോസില്‍ 112 - 3 എന്നതാണ് വിജയ തോല്‍വി കണക്ക്. 2009 ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടില്‍ റോബിന് സോഡര്ലിംഗിനോടാണ് റോളങ് ഗാരോസില്‍ റാഫേല്‍ നദാലിന്റെ ആദ്യ തോല്‍വി. പിന്നീട് 2015 സീസണ് ക്വാര്‍ട്ടറിലും 2021 സെമി ഫൈനലിലും നൊവാക് ജോക്കോവിച്ചിനോടും റാഫേല്‍ നദാല്‍ പരാജയപ്പെട്ടു. 2016 ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ പരുക്കിനെ തുടര്‍ന്ന് റാഫേല്‍ നദാല്‍ പിന്മാറിയിരുന്നു.
പിന്നെ ആര്?
നദാലിന്റെ അഭാവത്തില്‍ ഇത്തവണ ആരായിരിക്കും ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കുക എന്നതാണ് ചോദ്യം.
ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ തന്നെ കാര്‍ലോസ് അല്‍കരാസ് തന്നെയാണ് കിരീടം നേടാന്‍ സാധ്യത കല്പിക്കപ്പെടുന്നവരില് മുമ്പന്‍. കളി മണ്‍കോര്‍ട്ടില്‍ നദാലിനെ പോലെ മികവ് പ്രകടിപ്പിക്കുന്നയാളാണ് അല്‍കരാസ്. 22 ഗ്രാന്‍ഡ് സ്ലാം കിരീടവുമായി ഗ്രാന്‍ഡ്സ്ലാം വേട്ടയില്‍ നദാലിനൊപ്പമാണ് ജോക്കോവിച്ച്. ഇവിടെ കിരീടം നേടാനായാല്‍ നദാലിനെ മറികടന്ന് ചരിത്രനേട്ടത്തിലെത്താനുള്ള അവസരം ജോക്കോവിച്ചിനുണ്ട്. സിറ്റ്സിപാസ്, സിന്നര്‍, മെദ്വദേവ്, റൂഡ് തുടങ്ങിയവരും കിരീടം നേടാന്‍ സാധ്യത കല്പിക്കപ്പെടുന്നവരാണ്. ആദ്യ ദിനം സിറ്റ്സിപാസും ജോക്കോവിച്ചും കളത്തിലിറങ്ങും. 2023ല്‍ 35 മത്സരങ്ങളില്‍ കളിച്ച സിറ്റ്സിപാസ് 27ലും വിജയിച്ച് മികച്ച ഫോമിലാണ്.
ജിറി വെസ്ലിയാണ് ആദ്യറൗണ്ടില്‍ സിറ്റ്സിപാസിന്റെ എതിരാളി. വനിതാ വിഭാഗത്തില്‍ ഇഗര്‍ സ്വായിടെക്, ജബോര്‍ തുടങ്ങിയ പ്രമുഖരും കളത്തിലിറങ്ങും. പുരുഷ വിഭാഗത്തില്‍ മുന്‍നിര താരങ്ങള്അട്ടിമറികളിലില്ലാതെ മുന്നേറിയാല്‍ ക്വാര്‍ട്ടറില്‍ അല്‍കരാസിന് സിറ്റ്സിപാസും ജോക്കോവിച്ചിന് റുബ്ലേവും റൂണെയ്ക്ക് റൂഡും സിന്നറിന് മെദ്വദേവും എതിരാളികളായി വരും