
മെല്‍ബണ്‍: അവസാന ഗ്രാന്‍ഡ്സ്ലാം ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഓസ്ട്രേലിയന്‍ ഓപ്പൺ വനിതാ ഡബിൾസിൽ രണ്ടാം റൗണ്ടില്‍. സാനിയയും കസാഖിസ്ഥാന്‍ പങ്കാളി അന്ന ഡാനിലീനയും ഹംഗറിയുടെ ഡാല്‍മ ഗള്ഫി-അമേരിക്കന്‍ താരം ബെര്‍ണാഡ പെര സഖ്യത്തെ ഒരു മണിക്കൂര്‍ 15 മിനിറ്റില്‍ 6-2 7-5 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.25 മിനിറ്റിനുള്ളില്‍ ആദ്യ സെറ്റ് അവസാനിപ്പിച്ച്, രണ്ടാം സെറ്റില്‍ 4-1 ന് ഇരുവരും മുന്നിലെത്തി. ആറ് തവണ മേജര്‍ ചാമ്പ്യനായ (ഡബിള്‍സില്‍ മൂന്ന്, മിക്സഡ് ഡബിള്‍സില്‍ മൂന്ന്), 36 കാരിയായ ഇന്ത്യന്‍ താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാനമാണെന്നും ഫെബ്രുവരി 19 മുതല്‍ നടക്കുന്ന ഡബ്ല്യുടിഎ 1000 ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, പുരുഷ ഡബിള്‍സില്‍ രാംകുമാര്‍ രാമനാഥനും യുകി ഭാംബ്രി-സാകേത് മൈനേനി സഖ്യവും അതാത് മത്സരങ്ങളില്‍ പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി.
രാംകുമാറും അദ്ദേഹത്തിന്റെ മെക്സിക്കന്‍ പങ്കാളിയായ മിഗ്വല്‍ ഏഞ്ചല്‍ റെയ്സ്-വരേലയും തങ്ങളുടെ ആദ്യ സെറ്റ് ലീഡ് പിന്നീട് നഷ്ടപ്പെടുത്തി. സിറ്റ്സിപാസ് സഹോദരന്മാരായ സ്റ്റെഫാനോസ്, പെട്രോസ് എന്നിവര്‍ 6-3 5-7 3-6 എന്ന സ്കോറിന് ജയിച്ചു.രണ്ട് മണിക്കൂര്‍ 45 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-7, 7-6, 6-3 എന്ന സ്കോറിനാണ് ഭാംബ്രിയും മൈനേനിയും ഓസ്ട്രേലിയന്‍-ജര്‍മ്മന്‍ ജോഡികളായ ആന്‍ഡ്രിയാസ് മിസ്-ജോണ്‍ പീഴ്സ് സഖ്യത്തോട് പരാജയപ്പെട്ടത്.
ഒരു ജോടിയായി ഗ്രാന്‍ഡ്സ്ലാം അരങ്ങേറ്റം കുറിച്ച ഭാംബ്രിയും മൈനേനിയും രണ്ടാം സെറ്റില്‍ രണ്ട് മാച്ച് പോയിന്റുകള്‍ സംരക്ഷിച്ചിരുന്നു.