ന്യൂഡല്‍ഹി/കൊച്ചി: ചരിത്രത്തിലാദ്യമായി വോളിബോള്‍ ക്ലബ് ലോകചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രൊഫഷണല്‍ വോളിബോള്‍ ലീഗായ എ23 പ്രയോജകരായ റുപേ പ്രൈം വോളിബോള്‍ ലീഗുമായുള്ള പങ്കാളിത്തത്തോടെ രണ്ട് വര്‍ഷത്തേക്കുള്ള ആതിഥേയരായി വോളിബോള്‍ വേള്‍ഡും എഫ്ഐവിബിയും ഇന്ത്യയെ പ്രഖ്യാപിച്ചു. ആതിഥേയ രാജ്യമെന്ന നിലയില്‍, 2023, 2024 വര്‍ഷങ്ങളിലെ റുപേ പ്രൈം വോളിബോള്‍ ലീഗിലെ ജേതാക്കള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇറ്റലി, ബ്രസീല്‍, ഇറാന് തുടങ്ങി ലോകത്തെ ഏറ്റവും മികച്ച വോളിബോള്‍ രാജ്യങ്ങളില്‍നിന്നുള്ള ക്ലബ്ബുകളുമായി വലിയ പോരാട്ടങ്ങള്‍ക്കാണ് ഇതോടെ അവസരമൊരുങ്ങന്നത്.
വോളിബോള്‍ ലീഗിന്റെ സ്ഥാപക പങ്കാളികള്‍ കൂടിയായ ബേസ്ലൈന് വെഞ്ചേഴ്സാണ് വോളിബോള്‍ ലോക ചാമ്പ്യന്‍ഷിപ് പോരാട്ടങ്ങള്‍ ഇന്ത്യയില്‍ പ്രത്യേകമായി വിപണനം ചെയ്യുന്നത്.2023 ഡിസംബര്‍ ആറിനും പത്തിനും ഇടയിലായിരിക്കും ചാമ്പ്യന്‍ഷിപ്. ഈ വര്‍ഷം അവസാനത്തോടെ ആതിഥേയ നഗരത്തെ പ്രഖ്യാപിക്കും.
ലീഗിന്റെ ഒന്നാം സീസണ് ഇന്ത്യയില്‍ മാത്രം 133 ദശലക്ഷം പേര് ടിവിയില്‍ കണ്ടു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ 84 ദശലക്ഷത്തിലധികം ആരാധകരിലേക്കുമെത്തി.20 വര്‍ഷത്തിലേറെയായി വോളിബോള്‍ ക്ലബ് ലോകചാമ്പ്യന്‍ഷിപ് മികച്ച പുരുഷ താരങ്ങളുടെ പ്രൊഫഷണല്‍ ക്ലബ്ബുകളെ ലോകത്താകമാനം അവതരിപ്പിക്കുന്നുണ്ട്. വോളിബോള്‍ ലോക ചാമ്പ്യന്‍ പട്ടത്തിന് പുറമെ 350,000 ഡോളര്‍ സമ്മാനത്തുകയും ജേതാക്കള്‍ക്ക് ലഭിക്കും. ക്ലബ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത ടീമുകളെയും, അവസാന മത്സരക്രമവും ഈ വര്‍ഷം അവസാനം പ്രഖ്യാപിക്കും. ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ആഗോളതലത്തില്‍ വോളിബോള്‍ വേള്‍ഡ് ടിവിയിലൂടെ കാണാനാകുമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.പുരുഷന്മാരുടെ ഏറ്റവും മികച്ച വോളിബോള്‍ ചാമ്പ്യന്‍ഷിപ് ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ എഫ്ഐവിബി ഏറെ സന്തോഷത്തിലാണെന്ന് എഫ്ഐവിബി പ്രസിഡന്റ് ഡോ.ആരി എസ് ഗ്രാഫ എഫ് പറഞ്ഞു.