
പത്മാകർ ശിവാൽക്കർ
മുംബൈ: ഇന്ത്യൻ ടീമിൽ ഇടം കിട്ടാതെ പോയ ഏറ്റവും മികച്ച ഇടങ്കയ്യൻ സ്പിന്നർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പത്മാകർ ശിവാൽക്കർ അന്തരിച്ചു. 84 വയസായിരുന്നു അദ്ദേഹത്തിന്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇടങ്കയ്യൻ സ്പിന്നറായ ബിഷൻ സിങ് ബേദിയുടെ കാലഘട്ടത്തിൽ ക്രിക്കറ്റ് കളിച്ചിരുന്നവർ എന്ന 'ദൗർഭാഗ്യം' കൊണ്ടു മാത്രം ദേശീയ ടീമിൽ അവസരം കിട്ടാതെ പോയ ബൗളറാണ് ഹരിയാനക്കാരൻ രജീന്ദർ ഗോയലിനെപ്പോലെ മുംബൈ താരമായിരുന്ന ശിവാൽക്കറും. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 750 വിക്കറ്റ് നേടിയ ഗോയലിന്‍റെ പേരിലാണ് ഈ വിഭാഗത്തിലെ ഇന്ത്യൻ റെക്കോഡെങ്കിൽ, ശിവാൽക്കർ 124 മത്സരങ്ങളിൽ 589 വിക്കറ്റ് നേടിയിട്ടുണ്ട്. ഇതിൽ 361 വിക്കറ്റും രഞ്ജി ട്രോഫിയിലാണ്. മുംബൈയിൽനിന്നുള്ള മറ്റൊരു ബൗളർക്കും രാജ്യത്തെ പ്രീമിയർ ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റിൽ ഇത്രയധികം വിക്കറ്റ് നേടാൻ ഇന്നുവരെ സാധിച്ചിട്ടില്ല.
ബേദിക്കൊപ്പം ഗോയലിനെയും ശിവാൽക്കറെയും ദേശീയ ടീമിൽ ഉൾപ്പെടുത്തുന്നതിനു സെലക്റ്റർമാരെ പ്രേരിപ്പിക്കാൻ സാധിക്കാതിരുന്നതാണ് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്തെക്കുറിച്ച് തനിക്കുള്ള ഏറ്റവും വലിയ കുറ്റബോധമെന്ന് സുനിൽ ഗവാസ്കർ അനുസ്മരിച്ചിട്ടുണ്ട്.
ബോംബെ (ഇപ്പോഴത്തെ മുംബൈ) രഞ്ജി ട്രോഫി ടീമിൽ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് ഗവാസ്കറും ശിവാൽക്കറും. 1965-66 മുതൽ 1976-77 വരെയുള്ള കാലഘട്ടത്തിൽ പത്ത് രഞ്ജി കിരീടങ്ങൾ നേടിയ ബോംബെ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ശിവാൽക്കർ. പിന്നീട് 1980-81 സീസണിലും കിരീടനേട്ടത്തിൽ പങ്കാളിയായി. 1987-88 സീസണിൽ തന്‍റെ നാൽപ്പത്തേഴാം വയസിൽ തിരിച്ചുവരവ് നടത്തിയ ശിവാൽക്കർ രണ്ട് മത്സരങ്ങൾ കളിച്ചിരുന്നു.
1962ൽ ഇന്‍റർനാഷണൽ ഇലവനെ നേരിട്ട ക്രിക്കറ്റ് ക്ലബ് ഒഫ് ഇന്ത്യ പ്രസിഡന്‍റ്സ് ഇലവനിലായിരുന്നു ശിവാൽക്കറുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ബോബ് സിംപ്സണും കോളിൻ കൗഡ്രിയും എവർട്ടൺ വീക്സും റിച്ചി ബെനോഡും ഉൾപ്പെടെ ലോക ക്രിക്കറ്റിലെ മഹാരഥൻമാർ അണിനിരന്ന ടീമിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റാണ് ശിവാൽക്കർ അന്നു നേടിയത്.
ഇന്ത്യൻ ക്രിക്കറ്റിന് ഒരു യഥാർഥ ഇതിഹാസത്തെയാണ് നഷ്ടമായതെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നി അനുസ്മരിച്ചു.