

പാക്കിസ്ഥാൻ ടീം
ന‍്യൂഡൽഹി: ഫെബ്രുവരി 7ന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ‍്യാപിച്ചു. 15 അംഗ ടീമിൽ സീനിയർ താരങ്ങളായ ബാബർ അസമിനെയും പേസർ ഷഹീൻ ഷാ അഫ്രീദിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൽമാൻ അലി ആഘയാണ് പാക്കിസ്ഥാന്‍റെ ക‍്യാപ്റ്റൻ.
ഷഹീൻ ഷാ അഫ്രീദിയെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും മുഹമ്മദ് റിസ്‌വാനെയും പേസർ ഹാരിസ് റൗഫിനെയും ടീമിലേക്ക് പരിഗണിച്ചില്ല. ഷഹീനു പുറമെ നസീം ഷാ ആയിരിക്കും പേസ് നിരയെ കൈകാര‍്യം ചെയ്യുക. ഫഹീം അഷ്റഫ്, ഷദബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരടങ്ങിയ ഓൾറൗണ്ടർമാരുടെ നിരയാണ് പാക്കിസ്ഥാനുള്ളത്.
ഇന്ത‍്യ, നെതർലൻഡ്സ്, യുഎസ്എ, നമീബിയ എന്നീ ടീമുകളുമായി ഗ്രൂപ്പ് മത്സരങ്ങളിൽ പാക്കിസ്ഥാൻ ഏറ്റുമുട്ടും. നെതർലൻഡ്സിനെതിരേ കൊളംബോയിൽ ഫെബ്രുവരി 7നാണ് പാക്കിസ്ഥാന്‍റെ ആദ‍്യ മത്സരം.
പാക്കിസ്ഥാൻ ടീം: സൽമാൻ അലി ആഘ (ക‍്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഖ്വാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, ഷാഹിബ്സാദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദബ് ഖാൻ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്