പാക്കിസ്ഥാന് ജയത്തോടെ തുടക്കം

ദുർബലരായ നെതർലൻഡ്സിനെ 81 റൺസിനാണ് പരാജയപ്പെടുത്തിയത്
നെതർലൻഡ്സിന്‍റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക് താരങ്ങൾ സൗദ് ഷക്കീലും ഇഫ്തിക്കർ അഹമ്മദും.
നെതർലൻഡ്സിന്‍റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക് താരങ്ങൾ സൗദ് ഷക്കീലും ഇഫ്തിക്കർ അഹമ്മദും.
Updated on

ഹൈദരാബാദ്: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പാക്കിസ്ഥാന് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സിനെ 81 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അടിച്ചുകൂട്ടിയ 286 റൺസിന് മറുപടി പറഞ്ഞ നെതർലൻഡ്സ് പോരാട്ടം 41 ഓവറിൽ 205 റൺസിന് അവസാനിച്ചു. അര്‍ധ സെഞ്ചുറികള്‍ നേടിയ ഓപ്പണർ വിക്രംജിത് സിങും ബാസ് ഡി ലീഡുമൊഴികെ മറ്റാരും ഓറഞ്ച് പടയില്‍ പൊരുതാതിരുന്നതോടെ പാക്കിസ്ഥാൻ അനായാസം ജയത്തിലേക്ക് നടന്നടുത്തു. മൂന്ന് വിക്കറ്റെടുത്ത ഹാരിസ് റൗഫും രണ്ട് വിക്കറ്റെടുത്ത ഹസന്‍ അലിയുമാണ് പാക്കിസ്ഥാനുവേണ്ടി ബൗളിങ്ങിൽ തിളങ്ങിയത്.

പാക്കിസ്ഥാൻ പേസ് കരുത്തിനെ നേരിട്ട നെതർലൻഡ്സിന് തുടക്കത്തില്‍ മാക്സ് ഒഡോഡിനെും(5) അധികം സ്കോര്‍ 50ലെത്തിയതിന് പിന്നാലെ അക്കര്‍മാനെയും(17) നഷ്ടമായെങ്കിലും ബാസ് ഡി ലീഡും വിക്രംജിത് സിങും ക്രീസില്‍ നിന്നപ്പോള്‍ നെതര്‍ലന്‍ഡ്സ് അട്ടിമറി ഭീഷണി ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് ഓറഞ്ച് പടയെ 22-ാം ഓവറില്‍ 120ല്‍ എത്തിച്ചു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ വിക്രംജിത് സിങിനെ(52) പുറത്താക്കിയ ഷദാബ് ഖാനാണ് പാക്കിസ്ഥാന് നിർണായക ബ്രേക്ക്ത്രൂ സമ്മാനിച്ചത്. വിക്കറ്റുകള്‍ പൊഴിയുമ്പോഴും തകര്‍ത്തടിച്ച ബാസ് ഡി ലീഡിനെ (68 പന്തില്‍ 67) മധ്യനിരയിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. വാലറ്റത്ത് ലോഗന്‍ വാന്‍ ബീക്ക്(28*) നടത്തിയ പോരാട്ടം നെതര്‍ലന്‍ഡ്സിന്‍റെ തോല്‍വിഭാരം കുറച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ടോപ് ഓർഡറിനെ നെതര്‍ലന്‍ഡ്സ് വരിഞ്ഞുമുറുക്കി. വെറും 38 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് നിലംപൊത്തിയത്. ഫഖര്‍ സമാന്‍ (12), ഇമാം ഉള്‍ ഹഖ് (15), ബാബര്‍ അസം (5) എന്നിവരാണ് പെട്ടെന്ന് പുറത്തായത്. നാലാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് ടീമിനെ പതിയെ കരകയറ്റി.

നാലാം വിക്കറ്റില്‍ സൗദും റിസ്വാനും 120 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 52 പന്തില്‍ 68 റണ്‍സെടുത്ത സൗദിനെ ആര്യന്‍ സാഖിബ് സുല്‍ഫിഖറിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ 68 റൺസുമായി റിസ്വാനും ബാസ് ഡി ലീഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ വന്ന വെടിക്കെട്ട് ബാറ്റര്‍ ഇഫ്തിഖര്‍ അഹമ്മദും (9) നിരാശപ്പെടുത്തിയതോടെ പാക്കിസ്ഥാൻ ആറിന് 188 എന്ന സ്‌കോറിലേക്ക് വീണു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് നവാസും ശദബ് ഖാനും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 250 കടത്തി. 32 റണ്‍സെടുത്ത ശദബ് ഖാനെ പുറത്താക്കി ഡി ലീഡ് ഈ കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെ വന്ന ഹസ്സന്‍ അലിയെ തൊട്ടടുത്ത പന്തില്‍ ഡി ലീഡ് പുറത്താക്കി. പിന്നാലെ 39 റണ്‍സെടുത്ത മുഹമ്മദ് നവാസ് റണ്‍ ഔട്ടായതോടെ പാക്കിസ്ഥാന്‍റെ റണ്ണൊഴുക്ക് കുറഞ്ഞു. വാലറ്റത്ത് ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ചേര്‍ന്നാണ് ടീം സ്‌കോര്‍ 280 കടത്തിയത്.

നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് നാലുവിക്കറ്റെടുത്തപ്പോള്‍ കോളിന്‍ അക്കര്‍മാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com