

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം
കൊളംബോ: 2026 ടി20 ലോകകപ്പിലെ സൂപ്പർ 8 പോരിൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരേ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍റെ സെമി ഫൈനൽ സാധ‍്യതയാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയം.
പാക്കിസ്ഥാൻ ഇനി സെമി ഫൈനലിലെത്താൻ സാധ‍്യത വളരെ കുറവാണ്. കാരണം അടുത്ത മത്സരത്തിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ഇംഗ്ലണ്ടും ശ്രീലങ്കയും ന‍്യൂസിലൻഡിനെതിരേ വിജയിക്കുകയും ചെയ്താൽ മാത്രമെ പാക്കിസ്ഥാന് സെമിയിലെത്താൻ കഴിയുകയുള്ളൂ.
നിലവിൽ ഒരു പോയിന്‍റ് മാത്രമാണ് സൂപ്പർ 8 ഘട്ടത്തിൽ പാക്കിസ്ഥാനുള്ളത്. ഫെബ്രുവരി 27ന് ശ്രീലങ്കയ്ക്കെതിരേയാണ് പാക്കിസ്ഥാന്‍റെ അവസാന സൂപ്പർ 8 മത്സരം. ന‍്യൂസിലൻഡ് രണ്ട് മത്സരങ്ങളിൽ ഒന്നിൽ വിജയിക്കുകയും ഒന്നിൽ പരാജയം അറിയുകയും പാക്കിസ്ഥാൻ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ പാക്കിസ്ഥാനും ന‍്യൂസിലൻഡിനും മൂന്നു പോയിന്‍റുകൾ വീതമാവും.
അപ്പോൾ നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക. നെറ്റ് റൺറേറ്റ് വേണമെങ്കിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിക്കുകയും വേണം.