

റസാഉല്ല
ലണ്ടൻ: ഇംഗ്ലണ്ടിനെതിരേ തുടരെ തുടരെ ടെസ്റ്റ് മത്സരങ്ങൾ ദയനീയമായി പരാജയപ്പെട്ട് വലിയ വിമർശനങ്ങൾ നേരിടുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ഇതേത്തുടർന്ന് വലിയ അഴിച്ചുപണികൾ പാക്കിസ്ഥാൻ ടീമിൽ നടന്നിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിന് തുടക്കമായത്. എന്നാൽ ആദ‍്യ രണ്ട് ടെസ്റ്റിനെയും അപേക്ഷിച്ച് മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന്‍റെ ബാറ്റിങ്ങിൽ വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. 133 റൺസിന് പാക്കിസ്ഥാൻ ബാറ്റിങ് നിര തകർന്നു തരിപ്പണമായി.
പക്ഷേ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച റസാഉല്ലയുടെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. 144 കിലോമീറ്ററിനു മുകളിൽ നിരന്തരം പന്തെറിയുന്ന 21കാരന്‍റെ പ്രകടനം പാക്കിസ്ഥാന് അൽപ്പമെങ്കിലും ആശ്വാസമേകിയെന്ന് പറയാം. ഇതിഹാസ താരം വഖാർ യൂനസിനെ അനുസ്മരിപ്പിക്കുന്ന ബൗളിങ് ആക്ഷനുമായി പാഞ്ഞെത്തിയ റസാഉല്ല ആദ‍്യ ഓവറിൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ ജോ റൂട്ടിനെ പുറത്താക്കികൊണ്ടാണ് തുടക്കമിട്ടത്.
പിന്നീട് ഓപ്പണിങ് ബാറ്റർ എമിലിയോ ഗെയ്‌നെ പുറത്താക്കുകയും ചെയ്തു. 8 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചുള്ള പരിചയവുമായാണ് താരം പാക്കിസ്ഥാൻ ദേശീയ ടീമിലേക്ക് എത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍റെ അടുത്ത ഷോയിബ് അക്തറാകും റസാഉല്ലയെന്നാണ് ആരാധകർ പറയുന്നത്. ബൗളിങ് ആക്ഷനും അതിവേഗതയിൽ പന്തെറിയാനുള്ള കഴിവുകൊണ്ടുമാണ് ആരാധകർ റസാഉല്ലയെ വഖാർ യൂനസുമായി താരതമ‍്യം ചെയ്യുന്നതിനു കാരണം.