
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 563 റൺസ്. ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സ് 166 റൺസിൽ അവസാനിച്ചിരുന്നു. ഇപ്പോൾ 397 റൺസ് ലീഡുള്ള പാക്കിസ്ഥാൻ ഇന്നിങ്സ് വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.
ഓപ്പണർ അബ്ദുള്ള ഷഫീക്കിന്‍റെ ഇരട്ട സെഞ്ചുറിക്ക് പിന്നാലെ ആഗാ സൽമാൻ സെഞ്ചുറിയും നേടിയതോടെയാണ് ശ്രീലങ്കൻ ബൗളർമാർക്കു മറുപടിയില്ലാതായത്. ഷഫീക്ക് 326 പന്തിൽ 201 റൺസെടുത്തു പുറത്തായി. ഷഫീക്ക് 148 പന്തിൽ 132 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 37 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് കൂട്ട്. ഷാൻ മസൂദും (51) സൗദ് ഷക്കീലും (57) അർധ സെഞ്ചുറി നേടി.
ലങ്കയ്ക്കു വേണ്ടി അസിത ഫെർണാണ്ടോ മൂന്നും പ്രഭാത് ജയസൂര്യ രണ്ടും വിക്കറ്റ് വീഴ്ത്തി.