
കൊളംബോ: ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടുന്ന ടീമേതെന്ന് വ്യാഴാഴ്ച അറിയാം. പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുന്ന സൂപ്പർ ഫോർ മത്സരം സെമി ഫൈനലിനു തുല്യം. രണ്ടു കളി തോറ്റ ബംഗ്ലാദേശ് പുറത്തായിക്കഴിഞ്ഞു. പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ച ഇന്ത്യ ഫൈനൽ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ ജയവും തോൽവിയുമായി രണ്ടു പോയിന്‍റ് വീതമാണ് പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും. ഇന്ത്യ നാല് പോയിന്‍റുമായി ലീഡ് ചെയ്യുന്നു. ശ്രീലങ്കയ്ക്കെതിരായ 41 റൺസ് വിജയമാണ് ഒരു മത്സരം ബാക്കി നിൽക്കെ ഇന്ത്യയെ ഫൈനലിലെത്തിച്ചത്.
അതേസമയം, പേസ് ബൗളിങ് ജോഡിയായ ഹാരിസ് റൗഫും നസീം ഷായും ഒരുമിച്ച് പരുക്കിന്‍റെ പിടിയിലായത് പാക്കിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ ഇരുവരും ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഇരുവർക്കും പകരം ഷാനവാസ് ദഹാനിയെയും സമൻ ഖാനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 150 കിലോമീറ്റർ വേഗത്തിൽ വരെ പന്തെറിയുന്ന സ്ലിങ്ങറാണ് സമൻ ഖാൻ.
നേപ്പാളിനെതിരേ 342 റൺസെടുത്ത മത്സരത്തിലൊഴികെ അവരുടെ ബാറ്റിങ് നിര ഫോമിലാകാത്തതും ആശങ്കയുണർത്തുന്നു. ഫഖർ സമൻ, ഇമാം ഉൽ ഹക്ക്, ക്യാപ്റ്റൻ ബാബർ അസം എന്നിവർ ഉൾപ്പെട്ട ടോപ്പ് ഹെവി ബാറ്റിങ് നിരയാണ് പാക്കിസ്ഥാന്‍റേത്. അതിനു താഴെ മുഹമ്മദ് റിസ്വാനും ആഗാ സൽമാനും മുതലുള്ളവർക്ക് ഇതുവരെ ടൂർണമെന്‍റിൽ കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചിട്ടില്ല. നേപ്പാളിനെതിരേ സെഞ്ചുറി നേടിയ ഇഫ്തിക്കർ അഹമ്മദ് കൂടുതൽ മികച്ച ബൗളിങ് നിരകൾക്കെതിരേ മികവ് തെളിയിക്കേണ്ടിയിരിക്കുന്നു.
ലീഗ് ഘട്ടത്തിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, കൂടുതൽ മെച്ചപ്പെട്ട ടീമായി ദാസുൻ ശനകയുടെ ടീം മാറിക്കഴിഞ്ഞിരിക്കുന്നു. ബംഗ്ലാദേശിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തോൽപ്പിക്കുകയും ഇന്ത്യയെ വിറപ്പിക്കുകയും ചെയ്ത ലങ്കയെ നിസാരമായി കാണാൻ പാക്കിസ്ഥാനാവില്ല, പ്രത്യേകിച്ച് റൗഫിന്‍റെ അഭാവത്തിൽ.
പരുക്കേറ്റ വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ലാഹിരു കുമാര എന്നീ ഫസ്റ്റ് ചോയ്സ് കളിക്കാരില്ലാതെയാണ് ലങ്ക ടൂർണമെന്‍റ് കളിക്കുന്നത്. എന്നാൽ, ദുനിത് വെല്ലലാഗെ, മതീശ പതിരണ, മഹീഷ് തീക്ഷണ എന്നിവർ ഈ കുറവ് നികത്തുന്നു. കസുൻ രജിത കൂടി സ്ഥിരത പുലർത്തിയാൽ ലോകോത്തര ബൗളിങ് നിരയായി മാറാൻ ലങ്കയ്ക്കു കഴിയും.
ടീമുകൾ:
പാക്കിസ്ഥാൻ: ബാബർ അസം (ക്യാപ്റ്റൻ), അബ്ദുള്ള ഷഫീക്ക്, ഫഖർ സമൻ, ഇമാം ഉൽ ഹക്ക്, സൽമാൻ അലി ആഗാ, ഇഫ്തിക്കർ അഹമ്മദ്, മുഹമ്മത് റിസ്വാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് ഹാരിസ്, ഷാദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്റഫ്, മുഹമ്മദ് വസിം ജൂനിയർ, ഷഹീൻ അഫ്രീദി, സൗദ് ഷക്കീൽ, തയ്യബ് താഹിർ, ഷാനവാസ് ദഹാനി, സമൻ ഖാൻ.
ശ്രീലങ്ക: ദാസുൻ ശനക (ക്യാപ്റ്റൻ), പാഥും നിശങ്ക, ദിമുത് കരുണരത്നെ, കുശാൽ പെരേര, കുശാൻ മെൻഡിസ് (വൈസ് ക്യാപ്റ്റൻ), ചരിത അസലങ്ക, ധനഞ്ജയ ഡിസിൽവ, സദീര സമരവിക്രമ, മഹീഷ് തീക്ഷണ, ദുനിത് വെല്ലലാഗെ, മതീശ പതിരണ, കസുൻ രജിത, ദുഷാൻ ഹേമന്ത, ബിനുര ഫെർണാണ്ടോ, പ്രമോദ് മധുശൻ.