ബംഗ്ലാദേശ് കടുവകൾക്ക് മുന്നിൽ മുട്ട് വിറച്ചു; അസോസിയേറ്റ് രാജ‍്യമായി മാറികൊണ്ടിരിക്കുന്ന പാക്കിസ്ഥാൻ

ഐസിസി റാങ്കിങ്ങിൽ പത്താം സ്ഥാനത്ത് നിൽക്കുന്ന ബംഗ്ലാദേശിനോട് വരെ പരമ്പര തോറ്റു എന്ന് പറഞ്ഞാൽ ഇതിലേറെ നാണക്കേട് വേറെയില്ല
pakistan vs bangladesh odi series loss

ബംഗ്ലാദേശ്- പാക്കിസ്ഥാൻ മത്സരത്തിൽ നിന്ന്

Updated on

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഏകദിന പരമ്പര തോൽക്കുന്നത് ഇതാദ‍്യമായല്ല. എന്നാൽ ഐസിസി റാങ്കിങ്ങിൽ പത്താം സ്ഥാനത്ത് നിൽക്കുന്ന ബംഗ്ലാദേശിനോട് വരെ പരാജയപ്പെട്ടു എന്ന് പറഞ്ഞാൽ ഇതിലേറെ നാണക്കേട് വേറെയില്ല. പാക്കിസ്ഥാൻ ഒരു അസോസിയേറ്റ് രാജ‍്യമായി മാറുമോ എന്ന് ഭയമുണ്ടെന്ന് മുൻ താരം മുഹമ്മദ് ആമിർ പറഞ്ഞത് ഏതാണ്ട് ശരിയായ ദിശയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്.

മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ആദ‍്യ മത്സരം 8 വിക്കറ്റിനും മൂന്നാം ഏകദിനം 11 റൺസിനുമാണ് ബംഗ്ലാദേശ് വിജയിച്ചത്. ആകെ രണ്ടാമത്തെ ഏകദിനത്തിൽ മാത്രമാണ് പാക്കിസ്ഥാന് ജയിക്കാൻ സാധിച്ചത്. എന്തുകൊണ്ട് പാക്കിസ്ഥാൻ തോറ്റു എന്ന് നോക്കിയാൽ ഒരുപാട് ദൗർബല‍്യങ്ങളുണ്ട് ടീമിന് എന്ന് വേണം മനസിലാക്കാൻ.

ടി20 ലോകകപ്പിനു ശേഷം നടക്കുന്ന ആദ‍്യ വിദേശ പര‍്യടനത്തിന് സീനിയർ താരങ്ങളായ ബാബർ അസം, ഫഖർ സമാൻ എന്നിവർ അടക്കമുള്ളവരെ ഒഴിവാക്കി യുവതാരങ്ങളെ കുത്തി നിറച്ച ഒരു ടീമിനെ പരിഗണിച്ചതാണ് ആദ‍്യ തിരിച്ചടി. എന്നാൽ ഇരുവർക്കും പരുക്കാണെന്നും അതുകൊണ്ടാണ് ടീമിലേക്ക് പരിഗണിക്കാത്തതെന്നും സെലക്റ്റർ ആക്വിബ് ജാവേദ് പറയുന്നു. ഇതിൽ എത്രമാത്രം സത‍്യാവസ്ഥയുണ്ടെന്ന് വ‍്യക്തമല്ല.

പരിചയസമ്പത്തില്ലാത്ത ടീമുമായി എത്രകാലം പാക്കിസ്ഥാന് മുന്നോട്ട് പോകാനാവുമെന്ന ചോദ‍്യം അവശേഷിക്കുന്നു. ബാബർ അസമിനെയും ഫഖർ സമാനെയും പുറത്താക്കിയതല്ല യുവതാരങ്ങൾക്ക് അവസരമാണ് നൽകിയതെന്നായിരുന്നു ടീമിന്‍റെ മുഖ‍്യ പരിശീലകൻ മൈക്ക് ഹെസൻ പറഞ്ഞത്. 2027ലെ ഏകദിന ലോകകപ്പിനു മുന്നേ നല്ലൊരു ടീമിനെ പടുത്തുയർത്താനായിരുന്നു പരിശീലകന്‍റെ പദ്ധതി.

ആദ‍്യ ഏകദിനത്തിൽ ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത സാഹിബ്സാദ ഫർഹാൻ, മാസ് സദാഖത്, ഷമൈൽ ഹുസൈൻ, അബ്ദുൾ സമദ് എന്നിവരായിരുന്നു കന്നി മത്സരം കളിച്ചത്. എന്നാൽ നഹീദ് റാണയെന്ന ബംഗാൾ കടുവയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞ് മടങ്ങേണ്ട അവസ്ഥായിരുന്നു യുവതാരങ്ങൾക്ക്. 24 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് പിഴുത് പാക്കിസ്ഥാൻ ബാറ്റിങ് നിരയെ നഹീദ് തരിപ്പണമാക്കി. പരിചയസമ്പത്തുള്ള മുഹമ്മദ് റിസ്‌വാനും സൽമാൻ അലി ആഘയ്ക്കു പോലും നഹീദിനെ തടുക്കാനായില്ല. 114 റൺസിന് പാക്കിസ്ഥാൻ കൂടാരം കയറി.

എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയ ഫഹീം അഷ്റഫായിരുന്നു പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. 37 റൺസായിരുന്നു സമ്പാദ‍്യം. മുൻപും ബംഗ്ലാദേശിലെ മിർപൂരിൽ ഫഹീം അഷ്റഫിന്‍റെ ഒറ്റയാൾ പോരാട്ടത്തിന്‍റെ ബലത്തിൽ പാക്കിസ്ഥാൻ വിജയത്തിലേക്ക് നീങ്ങിയിട്ടുണ്ട്. എന്നിട്ടും ബാറ്റിങ്ങ് ഓർഡറിൽ ഫഹീമിന് സ്ഥാനകയറ്റം നൽകാത്തത് ഒരു വലിയ മണ്ടത്തരമാണ്.

ഈ പരമ്പരയിൽ വെറും 64 റൺസ് മാത്രമായിരുന്നു ഓപ്പണിങ് ബാറ്റർ സാഹിബ്സാദ ഫർഹാന്‍റെ സമ്പാദ‍്യം. ഇന്ത‍്യൻ പേസർ ജസ്പ്രീത് ബുംറയെ സിക്സർ പറത്തിയപ്പോൾ തന്നെ പാക്കിസ്ഥാനിൽ മാത്രമായി വലിയ സ്റ്റാറായി ഉയർത്തപ്പെട്ട ഫർഹാൻ ഇനി ഫോം വീണ്ടെടുത്തെങ്കിൽ മാത്രമെ ഓപ്പണിങ്ങിൽ പാക്കിസ്ഥാന് ആശ്വസിക്കാനുള്ള വകുപ്പുള്ളൂ. സയീം അയൂബിനു പകരക്കാരനായെത്തിയ പുതിയ ഓപ്പണർ മാസ് സദാഖത്തിനാകട്ടെ ഈ പരമ്പരയിൽ നേടാനായത് ഒരേയൊരു അർധസെഞ്ചുറി.

സൽമാൻ അലി ആഘ മാത്രമാണ് ഈ പരമ്പരയിൽ സെഞ്ചുറി നേടിയിട്ടുള്ള താരം. 2015ൽ 3-0ന് വിജയിച്ചതിനു ശേഷം ആദ‍്യമായാണ് ബംഗ്ലാദേശ് പാക്കിസ്ഥാനെതിരേ പരമ്പര ജയിക്കുന്നത്. ഇനി ബൗളിങ്ങിലേക്കു വരുകയാണെങ്കിൽ ഇന്ന് പേരെടുത്ത് പറയാൻ പറ്റിയ ഒരു മികവുറ്റ ബൗളിങ്ങ് നിര നിലവിൽ പാക്കിസ്ഥാനില്ല.

ക‍്യാപ്റ്റൻ ഷഹീൻ അഫ്രീദി മുതൽ ഹാരിസ് റൗഫ് അടക്കമുള്ള തീയുണ്ടകൾ ഇന്നും കളിക്കുന്നുണ്ടെങ്കിലും ന‍്യൂ ബോളിൽ വിക്കറ്റ് വീഴ്ത്താനുള്ള ഇരുവരുടെയും ശേഷി ഏതാണ്ട് അസ്തമിച്ച മട്ടിലാണ്. ഡെത്ത് ഓവർ മാത്രമാണ് അൽപ്പമെങ്കിലും തരക്കേടില്ലാതെ പാക്കിസ്ഥാൻ പന്തെറിയുന്നത്.

എന്നാൽ ഇതുകൊണ്ട് മാത്രം ടീം വിജയത്തിലേക്ക് നീങ്ങില്ല. സ്പിന്നർമാരെ നോക്കുകയാണെങ്കിൽ അബ്രാർ അഹമ്മദിന് കാര‍്യമായ പ്രകടനമൊന്നും പുറത്തെടുക്കാനാവുന്നില്ല. മുൻപ് സയീദ് അജ്മൽ ഒക്കെ പാക്കിസ്ഥാൻ ടീമിന് നൽകിയ ഒരു ഇംപാക്റ്റ് നൽകാൻ ഇന്നത്തെ പാക് സ്പിന്നർമാർക്ക് പറ്റുന്നില്ല. ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചെങ്കിൽ മാത്രമെ പാക്കിസ്ഥാന് മുന്നേറാൻ കഴിയൂ. ഇല്ലെങ്കിൽ ഇനിയും ദുർബലരായ ടീമുകളിൽ നിന്ന് വരെ തോൽവി ഏറ്റുവാങ്ങേണ്ടി വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com