പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനം; ബംഗ്ലാദേശിന് 8 വിക്കറ്റ് ജയം

30.4 ഓവറിൽ പാക്കിസ്ഥാൻ ഉയർത്തിയ 115 റൺസ് വിജയലക്ഷ‍്യം ബംഗ്ലാദേശ് 15.1 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു
pakistan vs bangladesh odi series updates

മത്സരത്തിൽ നിന്ന്

Updated on

മിർപൂർ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിൽ പാക്കിസ്ഥാന് തോൽവി. 30.4 ഓവറിൽ പാക്കിസ്ഥാൻ ഉയർത്തിയ 115 റൺസ് വിജയലക്ഷ‍്യം ബംഗ്ലാദേശ് 15.1 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു.

ബംഗ്ലാദേശിനു വേണ്ടി തൻസിദ് ഹസൻ 42 പന്തിൽ 67 റൺസ് നേടി പുറത്താവാതെ നിന്നപ്പോൾ ഓപ്പണിങ് ബാറ്റർ സെയ്ഫ് ഹസൻ (4), നജ്മുൾ ഹൊസൈൻ ഷാന്‍റോ (27) എന്നിവരുടെ വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായി.

പാക്കിസ്ഥാനു വേണ്ടി ക‍്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദിയും മുഹമ്മദ് വസീമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം വിക്കറ്റിൽ 27 റൺസ് കൂട്ടുകെട്ടുണ്ടായിരുന്നു ബംഗ്ലാദേശിന്. പിന്നീട് സെയ്ഫ് ഹസൻ പുറത്തായെങ്കിലും തൻസിദ് ഹസൻ അടി തുടങ്ങി സ്കോർബോർഡ് ചലിപ്പിച്ചു.

രണ്ടാം വിക്കറ്റിൽ തൻസിദ്- നജ്മുൾ പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ ടീം സ്കോർ ഉയർ‌ന്നു. ആദ‍്യ 10 ഓവറിൽ തന്നെ 81 റൺസ് അടിച്ചെടുക്കാൻ ടീമിന് സാധിച്ചു. ഇതോടെ അനായാസം ബംഗ്ലാദേശ് വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 30.4 ഓവർ 114 റൺസിന് പുറത്തായി. ഇന്ത‍്യ ജേതാക്കളായ 2026 ടി20 ലോകകപ്പിനു ശേഷം പാക്കിസ്ഥാൻ കളിക്കുന്ന ആദ‍്യ പരമ്പരയാണിത്. ഇത്തവണ പതിവിന് വിപരീതമായി വൻമരങ്ങളായ ബാബർ അസമും ഫഖർ സമാനും ഒന്നുമില്ലാതെയാണ് പാക്കിസ്ഥാൻ ബംഗ്ലാദേശിനെതിരേ കളിക്കാനിറങ്ങിയത്. ഇരുവരെയും ഈ പരമ്പര‍യ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

പകരം സാഹിബ്സാദ ഫർഹാൻ അടക്കം നാലു പുതുമുഖങ്ങളാണ് കന്നി ഏകദിനം കളിച്ചത്. എന്നാൽ ഇവർക്കാർക്കും കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നതും പാക്കിസ്ഥാന് തിരിച്ചടിയായി. 5 വിക്കറ്റ് വീഴ്ത്തിയ യുവ പേസർ നഹീദ് റാണയാണ് പാക്കിസ്ഥാനെ തകർത്തത്.

നഹീദിനു പുറമെ സ്പിന്നർ മെഹ്ദി ഹസൻ മിറാസ് മൂന്നും ടാസ്കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 47 പന്തിൽ 37 റൺസ് നേടിയ ഫഹീം അഷ്റഫാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. ഫഹീമിനു പുറമെ സാഹിബ്സാദ ഫർഹാൻ (27), ഓപ്പണിങ് ബാറ്റർ മാസ് സദാഖത്ത് (18), മുഹമ്മദ് റിസ്‌വാൻ (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

സൽമാൻ അലി ആഘ (5), ഹുസൈൻ തലാത്ത് (4) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. പാക്കിസ്ഥാൻ ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് ബംഗ്ലാദേശിലെ മിർപൂർ സ്റ്റേഡിയത്തിൽ കണ്ടത്. ടി20 ലോകകപ്പിൽ ഓപ്പണറായി ഇറങ്ങി ശ്രീലങ്കയ്ക്കെതിരേ തകർത്തടിച്ച ഫഖർ സമാനെ പോലുള്ള താരങ്ങളെ ഒഴിവാക്കിയതും പരിചയസമ്പത്തില്ലാത്ത ബാറ്റിങ് നിരയുമായി ബംഗ്ലാദേശിനെ നേരിട്ടതും ബാധിച്ചതായാണ് ഇതിൽ നിന്നും മനസിലാവുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com