
കോൽക്കത്ത: ലോകകപ്പ് പോരാട്ടത്തിൽ അവസാന നാലിൽ എത്താൻ നേരിയ സാധ്യത അവശേഷിക്കുന്ന പാക്കിസ്ഥാനും ടൂർണമെന്‍റിൽ നിന്ന് ഏറെക്കുറെ പുറത്തായ ബംഗ്ലാദേശും നേർക്കുനേർ പോരാട്ടത്തിന് എത്തും. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ചൊവ്വാഴ്ച ഏഷ്യൻ ശക്തികൾ ഏറ്റുമുട്ടുമ്പോൾ തോൽവി പാക്കിസ്ഥാന്‍റെ നേരിയ സാധ്യതയെ പോലും ഇല്ലതാക്കുമെന്നതിനാൽ വൻ പോരാട്ടം പ്രതീക്ഷിക്കാം.
തുടർച്ചയായി നാല് തോൽവികൾ ഏറ്റുവാങ്ങിയ പാക്കിസ്ഥാന് ഇന്ന് വിജയം അനിവാര്യമാണ്. മറുവശത്ത് തുടരെ അഞ്ച് തോൽവികൾ അനുഭവിച്ച ബംഗ്ലാദേശിന് അവരുടെ അവസാന നാല് സ്വപ്നം പ്രായോഗികമായി അവസാനിച്ചതായി അറിയാം. നിരാശാജനകമായ അവസ്ഥയിൽ നിന്ന് കരകയറാൻ മാനസികമായി കരുത്ത് പ്രാപിക്കുകയെന്നതാണ് ഇരുപക്ഷത്തെയും ഏറ്റവും വലിയ വെല്ലുവിളി. പാക്കിസ്ഥാന് ഇനിയും നേരിയ സാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും ശേഷിക്കുന്ന മത്സരങ്ങളിൽ രാജ്യത്തിന്‍റെ അഭിമാനത്തിനായി പോരാടാൻ ബംഗ്ലാദേശ് എത്തുമ്പോൾ ആർക്കും ഒന്നും അനായാസമാകില്ല.
സ്ഥിരതയില്ലായ്മയാണ് ബാബർ അസമിന്‍റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് ടീമിന്‍റെ പ്രധാന പ്രശ്നം. ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിന് തോറ്റ അവസാന മത്സരത്തിന്‍റെ ഡെത്ത് ഓവറുകളിലാണ് ലോകകപ്പിൽ ആദ്യമായി വിജയത്തിനായി പോരാടുന്ന പാക് ടീമിനെ കണ്ടത്.
ബാബറിനെ കൂടാതെ, മുഹമ്മദ് റിസ്‌വാനും അബ്ദുല്ല ഷഫീഖും പാക്കിസ്ഥാന് വേണ്ടി സ്കോർ ചെയ്യുന്നുണ്ട്. എന്നാൽ മധ്യനിരിയിൽ വലിയ ഇന്നിങ്സുകൾ കളിക്കുന്ന ഒരു ബാറ്ററും മികച്ച ഫിനിഷറുടേയും അഭാവം അവരുടെ ബാറ്റിങ്ങിൽ പ്രകടമാണ്. ഫീൽഡിങ്ങിലെ പിഴവുകളാണ് പാക്കിസ്ഥാന്‍റെ പ്രധാന ദൗർബല്യം. ഇതിന് അടിയന്തിര പരിഹാരം ആവശ്യമാണ്.
മഹ്മൂദുള്ളയും മുഷ്ഫിഖുർ റഹീമും ഒഴികെ, ഷാക്കിബ് അൽ ഹസന്‍റെ ടീമിലെ ബാറ്റർമാർ നിരാശപ്പെടുത്തി. 2016 ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാൻ വിജയം കണ്ട ഗംഭീരമായ വേദിയിലെ പുതിയ പിച്ചിൽ തങ്ങളുടെ പരമ്പരാഗത എതിരാളികളുമായി ഏറ്റുമുട്ടുമ്പോൽ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം.
നേർക്കുനേർ
ഈ രണ്ട് ടീമുകളും പലപ്പോഴും മൾട്ടിനാഷണൽ ടൂർണമെന്‍റുകളിൽ കളിക്കാറുണ്ട്. ഇതുവരെ 38 ഏകദിനങ്ങളാണ് ഇരുവരും പരസ്പരം കളിച്ചത്. 33 വിജയങ്ങൾ പാക്കിസ്ഥാനൊപ്പമാണ്. അഞ്ച് വിജയങ്ങൾ മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്.
പിച്ച് റിപ്പോർട്ട്
ഈഡൻ ഗാർഡൻസിലെ പ്രതലം ഒരു ഫാസ്റ്റ് ഔട്ട്ഫീൽഡുള്ള ഒരു ബാറ്റിങ് വിക്കറ്റാണ്. എന്നാൽ ബൗളർമാർക്കും ചിലപ്പോൾ സഹായം ലഭിച്ചേക്കും. പേസർമാർക്ക് തുടക്കത്തിൽ മികച്ച മൂവ്മെന്‍റ് ലഭിക്കും. അതേസമയം സ്പിന്നർമാർക്ക് പിച്ചിൽ ടേൺ കുറവാണ്. കോൽക്കത്തയിൽ ആദ്യം ബാറ്റ് ചെയ്തതിന് മികച്ച റെക്കോഡുകൾ ഉള്ളതിനാൽ ടോസ് പ്രധാനമാണ്.