
കോൽക്കത്ത: ലോകകപ്പിന്‍റെ സെമി ഫൈനലിൽ കടക്കാനുള്ള പാക്കിസ്ഥാന്‍റെ അവസാനത്തെ അദ്ഭുതത്തിനുള്ള സാധ്യതയും അടച്ച് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ജോസ് ബട്‌ലർ ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ പാക്കിസ്ഥാന്‍റെ സാധ്യത ഏറെക്കുറെ അസ്തമിച്ചിരുന്നു.
നിസാര സ്കോറിന് അവരെ പുറത്താക്കുക എന്ന സാധ്യത മാത്രമാണ് പിന്നെ പാക്കിസ്ഥാനു മുന്നിൽ ശേഷിച്ചിരുന്നത്. എന്നാൽ നിശ്ചിത അമ്പതോവറിൽ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് അടിച്ചെടുത്തു. ആശ്വാസത്തിന് ജയമെങ്കിലും നേടാനുള്ള പാക്കിസ്ഥാന്‍റെ ശ്രമം ഒരിക്കൽപ്പോലും നേർവഴിയിലെത്തിയതുമില്ല. 43.3 ഓവറിൽ 244 റൺസിന് അവർ ഓൾഔട്ടായി.
ഇതോടെ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ട് മൂന്നാമത്തെ മാത്രം വിജയവുമായി ലീഗ് ഘട്ടം പൂർത്തിയാക്കി. പാക്കിസ്ഥാനും ടൂർണമെന്‍റിലെ തങ്ങളുടെ ഒമ്പതാമത്തെയും അവസാനത്തെയും മത്സരമാണ് കളിച്ചത്. ഇതിൽ അഞ്ചാമത്തെ തോൽവിയും ഏറ്റുവാങ്ങി.
ജോണി ബെയർസ്റ്റോ (59), ജോ റൂട്ട് (60), ബെൻ സ്റ്റോക്‌സ് (84) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനു കരുത്ത് പകർന്നത്. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് നേടി. ഷഹീൻ അഫ്രീദിയും മുഹമ്മദ് വസിമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ സ്കോർ പത്തിലെത്തുമ്പോഴേക്കും ഓപ്പണർമാരായ അബ്ദുള്ള ഷഫീക്കിനെയും (0) ഫഖർ സമനെയും (1) പാക്കിസ്ഥാനു നഷ്ടമായിരുന്നു. പിന്നീടങ്ങോട്ട് എല്ലാം ചടങ്ങ് മാത്രം. 45 പന്തിൽ 51 റൺസെടുത്ത ആഗാ സൽമാൻ ടോപ് സ്കോററായി. വാലറ്റത്ത് ഷഹീൻ അഫ്രീദിയും (25) മുഹമ്മദ് വസിമും (16 നോട്ടൗട്ട്) ഹാരിസ് റൗഫും (35) നടത്തിയ പ്രത്യാക്രമണമാണ് സ്കോറിന് അൽപ്പം മാന്യത നൽകിയത്.
ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, മൊയീൻ അലി എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം.