ടി20 ലോകകപ്പിൽ ടെസ്റ്റ് കളിച്ച് ബാബർ അസം; എന്നിട്ടും പാക്കിസ്ഥാൻ ജയിച്ചു

നിശ്ചിത 20 ഓവറിൽ നെതർലൻഡ്സ് ഉയർത്തിയ 148 റൺസ് മത്സരത്തിന്‍റെ അവസാന ഓവറിലാണ് പാക്കിസ്ഥാൻ മറികടന്നത്
pakistan vs netherland t20 world cup match updates

babar azam

Updated on

കൊളംബോ: 2026 ടി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ. നിശ്ചിത 20 ഓവറിൽ നെതർലൻഡ്സ് ഉയർത്തിയ 148 റൺസ് മത്സരത്തിന്‍റെ അവസാന ഓവറിൽ മൂന്നു വിക്കറ്റ് ശേഷിക്കെ പാക്കിസ്ഥാൻ മറികടന്നു. 31 പന്തിൽ 47 റൺസടിച്ച സാഹിബ്സാദ ഫർഹാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ.

ഫർഹാനു പുറമെ സയിം അയൂബ് 13 പന്തിൽ 24 റൺസെടുത്ത് പുറത്തായി. ക‍്യാപ്റ്റൻ സൽമാൻ അലി ആഘ (12), സ്റ്റാർ ബാറ്റർ ബാബർ അസം (15) ഉസ്മാൻ ഖാൻ (0) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. നെതർലൻഡ്സിനു വേണ്ടി ആര‍്യൻ ദത്തും പോൾ വാൻ മീക്കെരനും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ലോഗൻ വാൻ ബീക്ക്, കൈൽ ക്ലെയിൻ, റോളോഫ് വാൻഡർ മെർവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

pakistan vs netherland t20 world cup match updates
ടി20യിൽ ടെസ്റ്റ് കളിക്കുന്ന ബാബർ അസമും ലോക തോൽവിയായ പാക്കിസ്ഥാൻ ടീമും

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചതെങ്കിലും മധ‍്യനിര ബാറ്റർമാരുടെ മോശം പ്രകടനം ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഒരു ഘട്ടത്തിൽ മത്സരം നെതർലൻഡ്സിന് അനുകൂലമായിരുന്നുവെങ്കിലും 11 പന്തിൽ 29 റൺസ് നേടി പുറത്താവാതെ നിന്ന ഫഹീം അഷ്റഫാണ് ടീമിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്. 19ാം ഓവറിൽ നിന്നും താരം 29 റൺസാണ് താരം അടിച്ചെടുത്തത്.

അതേസമയം, ബാബർ അസം ടി20 യിൽ ടെസ്റ്റ് ക്രിക്കറ്റ് ശൈലിയിൽ ബാറ്റ് വീശുന്നത് തുടർന്നു. 18 പന്തുകൾ നേരിട്ട താരം വിലപ്പെട്ട 15 റൺസാണെടുത്തത്.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് നിശ്ചിത 20 ഓവറിൽ 147 റൺസിന് പുറത്തായിരുന്നു. 28 പന്തിൽ നിന്നും 37 റൺസെടുത്ത ക‍്യാപ്റ്റൻ സ്കോട്ട് എഡ്‌വാർഡ്സ് ആണ് നെതർലൻഡ്സിന്‍റെ ടോപ് സ്കോറർ.

സ്കോട്ട് എഡ്‌വാർഡ്സിനു പുറമെ ബാസ് ഡീ ലീഡ് 25 പന്തിൽ 30 റൺസും കോളിൻ ആക്കർമാൻ 14 പന്തിൽ 20 റൺസും ഓപ്പണിങ് ബാറ്റർ മൈക്കൽ ലെവിറ്റ് 15 പന്തിൽ 24 റൺസും നേടി നിർണായക പ്രകടനം കാഴ്ചവച്ചു. പാക്കിസ്ഥാനു വേണ്ടി സൽമാൻ മിർസ മൂന്നും അബ്രാർ അഹ്മദ്, മുഹമ്മദ് നവാസ്, സയിം അയൂബ്, എന്നിവർ രണ്ടു വിക്കറ്റും ഷഹീൻ ഷാ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി. ഇതിഹാസ താരം വസീം അക്രം എന്നൊക്കെ പാക് ആരാധകർ വിശേഷിപ്പിക്കുന്ന പാക് പേസർ ഷഹീൻ ഷാ അഫ്രീദിക്ക് ആദ‍്യ രണ്ട് ഓവറുകളിലും വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞിരുന്നില്ല. 23 റൺസ് അഫ്രീദി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

പിന്നീട് 18.4 ഓവറിൽ പന്തെറിഞ്ഞ സമയത്താണ് വിക്കറ്റ് ലഭിച്ചത്. നെതർലൻഡ്സ് പോലെ അത്ര കരുത്തരല്ലാത്ത ടീമിനൊപ്പം ഏറ്റുമുട്ടിയിട്ടും പവർപ്ലേയിൽ തിളങ്ങാൻ കഴിയാത്തത് നാണക്കേടാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് മികച്ച തുടക്കമാണ് ഓപ്പണിങ് ബാറ്റർ മൈക്കൽ ലെവിറ്റ് സമ്മാനിച്ചത്. ആദ‍്യ ഓവറിൽ തന്നെ 9 റൺസ് അടിച്ചെടുക്കാൻ ടീമിന് കഴിഞ്ഞു. നാലാം ഓവറിൽ ആദ‍്യ വിക്കറ്റ് നെതർ‌ലൻഡ്സിന് നഷ്ടമായെങ്കിലും മൈക്കൽ ലെവിറ്റും കോളിൻ ആക്കർമാനും പ്രതീക്ഷ നൽകി.

എന്നാൽ അഞ്ചാം ഓവറിൽ മൈക്കൽ ലെവിറ്റിനെ മുഹമ്മദ് നവാസ് പുറത്താക്കിയത് മത്സരത്തിന്‍റെ ഗതി തന്നെ മാറ്റി. പവർപ്ലേ പൂർത്തിയായപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 50 റൺസുണ്ടായിരുന്നു ടീമിന്. പിന്നീട് ബാസ് ഡീ ലീഡ്, കോളിൻ ആക്കർമാൻ, സ്കോട്ട് എഡ്‌വാർഡ്സ് എന്നിവർ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചെങ്കിലും പാക്കിസ്ഥാൻ സ്പിന്നർമാരെ പ്രതിരോധിക്കാൻ നെതർലൻഡ്സിന് കഴിഞ്ഞില്ല. ഇതോടെ 147 റൺസെന്ന സ്കോറിൽ ഒതുങ്ങി നെതർലൻഡ്സ്.

നെതർലൻഡ് പ്ലെയിങ് ഇലവൻ: മൈക്കൽ ലെവിറ്റ്, മാക്സ് ഒ ഡോവ്ഡ്, ബാസ് ഡി ലീഡ്, കോളിൻ ആക്കർമാൻ, സ്കോട്ട് എഡ്‌വാർഡ്സ് (ക‍്യാപ്റ്റൻ), സാക് ലിയോൺ കാച്ചെറ്റ്, ലോഗൻ വാൻ ബീക്ക്, റോളോഫ് വാൻ ഡെർ മെർവ്, ആര‍്യൻ ദത്ത്, കൈൽ ക്ലെയിൻ, പോൾ വാൻ മീക്കരെൻ

പാക്കിസ്ഥാൻ പ്ലെയിങ് ഇലവൻ: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, സൽമാൻ അലി ആഘ (ക‍്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ, ഷദബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, സൽമാൻ മിർസ, അബ്രാർ അഹമ്മദ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com