
ബാബർ അസം
റാവൽപിണ്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ദിനം അവസാനിക്കുമ്പോൾ പാക്കിസ്ഥാന് 5 വിക്കറ്റ് നഷ്ടം. സ്കോർനില 259 റൺസ് ചേർക്കുന്നതിനിടെയാണ് പാക്കിസ്ഥാന് 5 വിക്കറ്റ് നഷ്ടമായത്. ഓപ്പണിങ് ബാറ്റർ അബ്ദുള്ള ഷെഫീഖ് (57), ഇമാം ഉൾ ഹഖ് (17), ഷാൻ മസൂദ് (87), ബാബർ അസം (16), മുഹമ്മദ് റിസ്‌വാൻ (19) എന്നിവരാണ് പുറത്തായത്. 42 റൺസുമായി സൗദ് ഷക്കീലും 10 റൺസുമായി സൽമാൻ അലി ആഘയുമാണ് ക്രീസിൽ.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ്, സൈമൺ ഹാർമർ എന്നിവർ രണ്ടും കാഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത പാക്കിസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടീം സ്കോർ 35ൽ നിൽക്കെ ഓപ്പണിങ് ബാറ്റർ ഇമാം ഉൾ ഹഖിനെ നഷ്ടമായി. സൈമൺ ഹാർമറിനായിരുന്നു വിക്കറ്റ്.
പിന്നാലെയെത്തിയ ക‍്യാപ്റ്റൻ ഷാൻ മസൂദിനൊപ്പം ചേർന്ന് അബ്ദുള്ള ഷെഫീഖ് കൂട്ടുകെട്ട് പടുത്തുയർത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 111 റൺസാണ് അടിച്ചെടുത്തത്. എന്നാൽ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല. അബ്ദുള്ള ഷെഫീഖിനെ പുറത്താക്കികൊണ്ട് സൈമൺ ഹാർമർ വീണ്ടും വിക്കറ്റ് പിഴുതു.
തുടർന്ന് നാലാം നമ്പറിൽ ക്രീസിലെത്തിയ സ്റ്റാർ ബാറ്റർ ബാബർ അസം മോശം ഫോം വീണ്ടും തുടർന്നു. 16 റൺസാണ് താരത്തിന് ആകെ നേടാനായത്. കേശവ് മഹാരാജാണ് ബാബറിനെ പുറത്താക്കിയത്. ഇതോടെ പാക്കിസ്ഥാനിൽ കളിച്ച കഴിഞ്ഞ 16 ഇന്നിങ്സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി പോലും നേടാനാവാത്ത താരമായി ബാബർ.
2022 ഡിസംബറിൽ ന‍്യൂസിലൻഡിനെതിരേ നേടിയ 161 റൺസാണ് ബാബർ അവസാനമായി പാക്കിസ്ഥാനിൽ നേടിയ സെഞ്ചുറി. പാക്കിസ്ഥാനിൽ മാത്രമല്ല ബാബർ റൺസ് കണ്ടെത്താൻ പാടുപെടുന്നത്. കഴിഞ്ഞ 7 ഇന്നിങ്സുകളിൽ താരത്തിന് ഒരു അർധസെഞ്ചുറി പോലും നേടാൻ സാധിച്ചിട്ടില്ല.
അതേസമയം, ഷാൻ മസൂദ് ഒരു വശത്ത് നിന്ന് റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും സെഞ്ചുറിക്ക് അരിക്കെ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് റിസ്‌വാനെ റബാഡയും പുറത്താക്കിയതോടെ പാക്കിസ്ഥാന് ഒന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടമാവുകയായിരുന്നു.