പാക്കിസ്ഥാൻ ഇന്ത്യയെ നേരിടും മുൻപേ ഇന്ത്യക്കാരോടു തോറ്റു

ട്വന്‍റി20 ലോകകപ്പിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ അട്ടിമറിച്ച യുഎസ് ടീമിൽ കളിച്ചത് ആറ് ഇന്ത്യൻ വംശജർ
Saurabh Netravalkar
സൂപ്പർ ഓവർ ഹീറോ സൗരഭ് നേത്രവൽക്കർ.

ഡാളസ്: ഇത്തവണത്തെ ട്വന്‍റി20 ലോകകപ്പിൽ ആദ്യ അട്ടിമറി സഹ ആതിഥേയരായ യുഎസ്എയുടെ വക. സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിൽ അടിപതറിയത് കരുത്തരായ പാക്കിസ്ഥാന്. ഞായറാഴ്ച ഇന്ത്യയെ നേരിടാനിരിക്കെ, കനത്ത തിരിച്ചടിയാണ് ദുർബലരെന്നു കരുതപ്പെട്ട ടീമിൽ നിന്ന് പാക് സംഘം ഏറ്റവാങ്ങിയിരിക്കുന്നത്.

ആറ് ഇന്ത്യൻ വംശജര്രർ ഉൾപ്പെട്ട ടീമിനെയാണ് പാക്കിസ്ഥാനെ നേരിടാൻ യുഎസ് അണിനിരത്തിയത്. ഇതിൽ ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ, ഇടങ്കയ്യൻ പേസ് ബൗളർ സൗരഭ് നേത്രവൽക്കർ, ഇടങ്കയ്യൻ സ്പിന്നർ നൊസ്തുഷ് കെൻജിഗെ എന്നിവർ ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

Monank Patel
യുഎസ് ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ.

38 പന്തിൽ 50 റൺസെടുത്ത വിക്കറ്റ് കീപ്പർ - ഓപ്പണർ മൊനാങ്ക് പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്. മത്സരത്തിലെ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങിയ നേത്രവൽക്കർ രണ്ട് വിക്കറ്റ് വീഴ്ത്തിയതിനു പുറമേ, സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തുകയും, യുഎസ്എയ്ക്ക് 5 റൺസ് വിജയം നേടിക്കൊടുക്കുകയും ചെയ്തു. നേത്രവൽക്കർക്കൊപ്പം ന്യൂബോളെടുത്ത കെൻജിഗെ 30 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. നേത്രവൽക്കറും ഹർമീത് സിങ്ങും ഇന്ത്യക്കു വേണ്ടി അണ്ടർ-19 ലോകകപ്പ് വരെ കളിച്ചിട്ടുണ്ട്.

Nosthush Kenjige
നൊസ്തുഷ് കെൻജിഗെ

ഇടങ്കയ്യൻ സ്പിന്നറും ലോവർ ഓർഡർ ബാറ്ററുമായ ഹർമീത് സിങ്, പേസ് ബൗളർ ജസ്‌ദീപ് സിങ്, മധ്യനിര ബാറ്റർ നിതീഷ് കുമാർ എന്നിവരാണ് പ്ലെയിങ് ഇലവനിൽ ഉണ്ടായിരുന്ന മറ്റ് ഇന്ത്യക്കാർ. മുഹമ്മദ് ആമിർ എറിഞ്ഞ അവസാന പന്തിൽ ബൗണ്ടറി നേടി മത്സരം സൂപ്പർ ഓവറിലേക്കു നീട്ടിയതും, സൂപ്പർ ഓവറിൽ ഇഫ്തിക്കർ അഹമ്മദിന്‍റെ നിർണായക ക്യാച്ചെടുത്തതും നിതീഷ് ആ‍യിരുന്നു. ജസ്ദീപ് സിങ് 37 റൺസിന് ഒരു വിക്കറ്റും നേടി. 34 റൺസ് വഴങ്ങിയ ഹർമീത് സിങ്ങിന് വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും, സൂപ്പർ ഓവറിൽ ആറോൺ ജോൺസിനൊപ്പം ബാറ്റ് ചെയ്ത് ടീം സ്കോർ 18 റൺസിലെത്തിക്കാൻ സഹായിച്ചു.

നേരത്തെ, ടോസ് നേടിയ മോനങ്ക് പട്ടേൽ എതിരാളികളെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. മുഹമ്മദ് റിസ്വാൻ (9), ഉസ്മാൻ ഖാൻ (3), ഫഖർ സമൻ (11) എന്നിവരെ നഷ്ടപ്പെട്ടതോടെ പവർ പ്ലേയിൽ പാക്കിസ്ഥാനു നേടാൻ സാധിച്ചത് വെറും 35 റൺസ്. ഈ ഘട്ടമാണ് മത്സരത്തിന്‍റെ ഗതി നിർണയിച്ചതെന്ന് മത്സരശേഷം മോനാങ്ക് പട്ടേലും പാക് ക്യാപ്റ്റൻ ബാബർ അസമും വിലയിരുത്തുകയും ചെയ്തിരുന്നു.

മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷം ഷാദാബ് ഖാനെ കൂട്ടുപിടിച്ച് ബാബർ അസം ടീം സ്കോർ 98 റൺസ് വരെയെത്തിച്ചു. 25 പന്തിൽ 40 റൺസെടുത്ത ഷാദാബ് വീണതിനു പിന്നാലെ വീണ്ടും തകർച്ച. അസം ഖാനും (0) ബാബറും (43 പന്തിൽ 44) ബാബറും കൂടി പുറത്തായ ശേഷം ഇഫ്തിക്കർ അഹമ്മദ് (14 പന്തിൽ 18), ഷഹീൻ ഷാ അഫ്രീദി (16 പന്തിൽ 22) നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്കോറിലെങ്കിലും പാക്കിസ്ഥാനെ എത്തിച്ചത്.

Shaheen Shah Afreedi, Shadab khan, Mohammed Rizwan
നിരാശരായ പാക് താരങ്ങൾ, ഷഹീൻ ഷാ അഫ്രീദി, ഷാദാബ് ഖാൻ, മുഹമ്മദ് റിസ്വാൻ.

മറുപടി ബാറ്റിങ്ങിൽ കരുതലോടെ കളിച്ച ഓപ്പണർ സ്റ്റീവൻ ടെയ്ലറുടെ വിക്കറ്റാണ് (16 പന്തിൽ 12) യുഎസ്എ‍്യ്ക്ക് ആദ്യം നഷ്ടമായത്. പക്ഷേ, അതിനു ശേഷം മോനാങ്ക് പട്ടേലും (38 പന്തിൽ 50) ആൻഡ്രീസ് ഗൗസും (26 പന്തിൽ 35) ചേർന്ന് നാലു പ്രഗൽഭ പേസ് ബൗളർമാർ ഉൾപ്പെട്ട പാക് ബൗളിങ് നിരയെ മെരുക്കുന്ന കാഴ്ചയായിരുന്നു. ആദ്യ മത്സരത്തിലെ ഹീറോ ആറോൺ ജോൺസിന്‍റെ ഊഴമായിരുന്നു അടുത്തത്. 26 പന്ത് നേരിട്ട ജോൺസ് രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 36 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഹാരിസ് റൗഫ് അവസാന ഓവർ എറിയാനെത്തുമ്പോൾ യുഎസ്എയ്ക്ക് ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്നു. നാലാം പന്തിൽ സിക്സർ പറത്തയ ആറോൺ ജോൺസിന് അടുത്ത പന്തിൽ സിംഗിൾ എടുക്കാനേ സാധിച്ചുള്ളൂ. അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ് എന്ന ഘട്ടത്തിലാണ് നിതീഷ് കുമാർ മിഡ് ഓഫിലൂടെ ബൗണ്ടറി നേടി കളി ടൈയാക്കുന്നത്.

നാലോവറിൽ 25 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് ആമിറാണ് പവർ പ്ലേയിലും പന്തെറിഞ്ഞത്. ഈ ഓവറിൽ ഒരു ഫോർ മാത്രമേ വന്നുള്ളെങ്കിലും, ആമിർ എറിഞ്ഞ മൂന്നു വൈഡുകൾ നിർണായകമായി. പരമാവധി റൺ ഓടിയെടുത്ത യുഎസ് ബാറ്റർമാർക്ക് പാക്കിസ്ഥാന്‍റെ ഫീൽഡിങ് പിഴവുകൾ സഹായകമാകുകയും ചെയ്തു.

സൂപ്പർ ഓവറിലെ മറുപടി ബാറ്റിങ്ങിൽ ഇഫ്തിക്കർ അഹമ്മദും ഷാബാദ് ഖാനുമാണ് ബാറ്റിങ്ങിനിറങ്ങിയത്. ഈ ഓവറിൽ നേത്രവൽക്കർ വിട്ടുകൊടുത്തത് ഒരു ബൗണ്ടറി മാത്രം, ഇഫ്തിക്കറെ പുറത്താക്കുകയും ചെയ്തു. അവസാന പന്തിൽ സിക്സറടിച്ചാൽ ജയിക്കാം എന്ന ഘട്ടത്തിൽ ഷാദാബിനെ സിംഗിളിൽ ഒതുക്കി നിർത്താനും നേത്രവൽക്കർക്കു സാധിച്ചു.

നാലോവറിൽ 33 റൺസ് വഴങ്ങിയ പാക് ബൗളിങ്ങിന്‍റെ കുന്തമുന ഷഹീൻ ഷാ അഫ്രീദിക്ക് വിക്കറ്റൊന്നും കിട്ടിയില്ല. നസീം ഷാ 26 റൺസിന് ഒരു വിക്കറ്റെടുത്തു. ഹാരിസ് റൗഫ് ഒരു വിക്കറ്റ് നേടിയെങ്കിലും ഇരുപതാം ഓവറിലെ ഫോറും സിക്സും അടക്കം 37 റൺസ് വഴങ്ങിയത് തിരിച്ചടിയായി.

Trending

No stories found.

Latest News

No stories found.