
ഋഷഭ് പന്ത്
ഫയൽ
ലണ്ടൻ: വിരലിനു പരുക്കേറ്റ് ഋഷഭ് പന്ത് നാലാം ടെസ്റ്റിൽ വിക്കറ്റ് കീപ്പ് ചെയ്യാൻ സാധ്യയില്ല. ബാറ്ററായി മാത്രം പന്തിനെ ടീമിൽ ഉൾപ്പെടുത്തിയാൽ ടീം കോംബിനേഷനെ അതു ബാധിക്കുകയും ചെയ്യും.
ഋഷഭ് പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കില്ലെന്നാണ് അസിസ്റ്റന്‍റ് കോച്ച് റ്യാൻ ടെൻ ഡോഷെ വ്യക്തമാക്കിയത്. എന്നാൽ, വിക്കറ്റ് കീപ്പിങ്ങിന് നിയോഗിച്ച് പന്തിന്‍റെ പരുക്ക് വഷളക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയും ഡോഷെ തന്നു. ഓൾഡ് ട്രാഫഡിൽ ഋഷഭ് കീപ്പ് ചെയ്തില്ലെങ്കിൽ കെ.എൽ. രാഹുലിനെ വിക്കറ്റിനു പിന്നിൽ നിയോഗിക്കേണ്ടിവരും. അതല്ലെങ്കിൽ ഓൾറൗണ്ടർമാരിൽ ഒരാളെ ഒഴിവാക്കി ധ്രുവ് ജുറെലിനെ കളിപ്പിക്കേണ്ടിവരും.
ഋഷഭിനു പരുക്കേറ്റ് സമയത്ത് സബ്സ്റ്റിറ്റ്യൂട്ട് കീപ്പറായെത്തിയ ധ്രുവ് ജുറെലിന്‍റെ ലോർഡ്സിലെ കീപ്പിങ് അത്ര മികച്ചതായിരുന്നില്ല. സുപ്രധാന മത്സരത്തിൽ ബാറ്റർ എന്ന നിലയിൽ ജുറെലിന് എത്രത്തോളം ശോഭിക്കാൻ സാധിക്കുമെന്നതിലും ആശങ്കയുണ്ട്.
വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയ ഋഷഭ് പന്ത് ബാറ്റിങ്ങോ കീപ്പിങ്ങോ ചെയ്തില്ല. ചെറിയ തോതിലുള്ള വ്യായാമങ്ങൾ മാത്രമാണു ചെയ്തത്.
ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് പിടിക്കുന്നതിനിടെയാണ് ഋഷഭിന് പരുക്കേറ്റത്. എങ്കിലും ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചുറിയും നേടി. രണ്ടാം ഇന്നിങ്സിൽ കടുത്ത വേദനയുമായി കളിച്ച ഋഷഭിനു പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നത് ഇന്ത്യയുടെ സാധ്യതകളെ കാര്യമായി ബാധിക്കുകയും ചെയ്തു.