പാണ്ഡ്യയെക്കുറിച്ച് ഇനി മിണ്ടരുത്: പഠാൻ

''ഓൾ റൗണ്ടറാണെങ്കിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിങ്ങൾ മികവ് തെളിയിക്കണം. പാണ്ഡ്യയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.''
Pathan don't want talks on Hardik Pandya
ഇർഫാൻ പഠാൻ, ഹാർദിക് പാണ്ഡ്യ

ന്യൂഡൽഹി: ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് മുൻ പേസർ ഇർഫാൻ പഠാൻ. അന്താരാഷ്‌ട്ര തലത്തിൽ ഓൾറൗണ്ടർ എന്ന നിലയിൽ പാണ്ഡ്യയുടെ മൂല്യത്തെക്കുറിച്ച് അമിത ചർച്ചകൾ വേണ്ട. ഐസിസി ടൂർണമെന്‍റുകളിൽ മികവ് പുലർത്തുന്നതിൽ അദ്ദേഹം പരാജയമാണ്.

ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കൂടിയായ പാണ്ഡ്യ സീസണിൽ മോശം ഫോം തുടരുന്നതിനിടെയാണു പഠാന്‍റെ വിമർശനം. ലോകകപ്പ് ടി20 ടീമിലേക്ക് പാണ്ഡ്യയെ പരിഗണിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്ക് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല. ഓൾ റൗണ്ടറാണെങ്കിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിങ്ങൾ മികവ് തെളിയിക്കണം. പാണ്ഡ്യയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല. നമ്മളിപ്പോഴും അദ്ദേഹത്തിന്‍റെ പ്രതിഭയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലിലെ പ്രകടനവും അന്താരാഷ്‌ട്ര ക്രിക്കറ്റുമായുള്ള അന്തരം വലുതാണെന്നും പഠാൻ ചൂണ്ടിക്കാട്ടി.

ഏതാനും ടൂർണമെന്‍റുകൾ കളിക്കാനല്ല, വർഷം മുഴുവനും തുടർച്ചയായി ക്രിക്കറ്റ് കളിക്കാനാണു പാണ്ഡ്യ ശ്രദ്ധിക്കേണ്ടത്. വ്യക്തികൾക്ക് പ്രാധാന്യം നൽകുന്നത് അവസാനിപ്പിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് കിരീടനേട്ടമുണ്ടാകൂ. ക്രിക്കറ്റിനെ ടീം ഗെയിമായി കാണുന്നവരാണ് ഓസ്ട്രേലിയ. അവിടെ എല്ലാവരും സൂപ്പർതാരങ്ങളാണ്. നമ്മളും അതു ചെയ്തില്ലെങ്കിൽ വലിയ ടൂർണമെന്‍റുകൾ ജയിക്കാനാവില്ല.

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കു ഫിനിഷർമാരും പേസ് ബൗളിങ്ങുമാണു പ്രധാന വെല്ലുവിളിയെന്നും പഠാൻ. രവീന്ദ്ര ജഡേജയാണ് ഏഴാം നമ്പരിൽ കളിക്കുന്നത്. അദ്ദേഹത്തിന്‍റെ കണക്കുകൾ മെച്ചപ്പെട്ടതല്ല. ബുംറയെ മാറ്റിനിർത്തിയാൽ നല്ലൊരു ബൗളറില്ല- പഠാൻ ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.