

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ.
ധർമശാല: ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ പഞ്ചാബ് കിങ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ഓപ്പണർ പ്രിയാശ് ആര്യയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും നേടിയ അർധ സെഞ്ചുറികളാണ് പഞ്ചാബ് ഇന്നിങ്സിനു കരുത്ത് പകർന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് പ്രിയാംശ് ആര്യ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. മിച്ചൽ സ്റ്റാർക്കിന്‍റെ ആദ്യ പന്ത് തന്നെ കവർ ബൗണ്ടറിക്കു മുകളിലൂടെ ഗ്യാലറിയിലെത്തിച്ച ആര്യക്ക് പറ്റിയ പങ്കാളിയാകാൻ പക്ഷേ, പ്രഭ്സിമ്രൻ സിങ്ങിനു സാധിച്ചില്ല. ഏഴാം ഓവർ വരെ ക്രീസിൽ നിന്നെങ്കിലും 15 പന്തിൽ 18 റൺസ് മാത്രമാണ് പ്രഭ്സിമ്രനു നേടാൻ സാധിച്ചത്.
പിന്നീട് ബാറ്റിങ് ഓർഡറിൽ സ്വയം പ്രൊമോട്ട് ചെയ്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും തകർത്തടിച്ചു. അർധ സെഞ്ചുറി തികച്ചതിനു പിന്നാലെ പ്രിയാംശ് പുറത്തായി. 33 പന്തിൽ രണ്ട് ഫോറും ആറു സിക്സും സഹിതം 56 റൺസാണ് നേടിയത്.
തുടർന്ന് ഇൻഫോം ബാറ്റർ കൂപ്പർ കൊണോലിയെ കൂട്ടുപിടിച്ച് ശ്രേയസിന്‍റെ കടന്നാക്രമണം. 27 പന്തിൽ 38 റൺസാണ് കൊണോലി നേടിയത്. 83 റൺസാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. ഇതിനകം ശ്രേയസ് അർധ സെഞ്ചുറിയും കടന്നു.
കൊണോലിക്കു പിന്നാലെ മാർക്കസ് സ്റ്റോയ്നിസും (1) ശശാങ്ക് സിങ്ങും (0) മിച്ചൽ സ്റ്റാർക്കിന്‍റെ അടുത്തടുത്ത പന്തുകളിൽ പുറത്തായി. എന്നാൽ, തുടർന്നെത്തിയ സൂര്യാംശ് ഷെഡ്ഗെ നേരിട്ട ആദ്യ പന്തിൽ തന്നെ സ്റ്റാർക്കിനെ സ്കിസറിനു പറത്തി, അടുത്ത പന്തിൽ ഫോറും. രണ്ട് വീതം ഫോറും സിക്സും സഹിതം എട്ട് പന്തിൽ 21 റൺസുമായി സൂര്യാംശ് പുറത്താകാതെ നിന്നു. 36 പന്ത് നേരിട്ട ശ്രേയസ് അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 59 റൺസുമായും പുറത്താകാതെ നിന്നു.