
ഹസ്തദാന വിവാദത്തിനു പിന്നാലെ വീണ്ടും ഐസിസിയെ സമീപിച്ച് പിസിബി
അബുദാബി: ഹസ്തദാന വിവാദത്തിനു പിന്നാലെ വീണ്ടും ഐസിസിയെ സമീപിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. (പിസിബി) ഇന്ത‍്യ പാക് മത്സരം നിയന്ത്രിച്ച ടിവി അംപയർക്കെതിരേയാണ് ഇത്തവണ പാക്കിസ്ഥാൻ പരാതി നൽകിയിരിക്കുന്നത്.
മികച്ച ഫോമിൽ കളിക്കുകയായിരുന്ന പാക്കിസ്ഥാൻ ബാറ്റർ ഫഖർ സമാന്‍റെ പുറത്താക്കൽ ടിവി അംപയറിന്‍റെ തെറ്റായ തീരുമാനം മൂലമാണെന്നും ഇത് മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചെന്നുമാണ് പാക്കിസ്ഥാന്‍റെ പരാതിയിൽ പറയുന്നത്.
ഇക്കാര‍്യം ഉന്നയിച്ച് പിസിബി ആദ‍്യം മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെയായിരുന്നു സമീപിച്ചത്. എന്നാൽ പൈക്രോഫ്റ്റ് പരാതി സ്വീകരിക്കാത്തതിനെത്തുടർന്നാണ് പിസിബി ഐസിസിയെ സമീപിച്ചത്.
മത്സരത്തിന്‍റെ മൂന്നാം ഓവറിൽ ഹാർദിക് പാണ്ഡ‍്യ എറിഞ്ഞ പന്തിൽ മലയാളി താരം സഞ്ജു സാംസൺ എടുത്ത ക‍്യാച്ചിലൂടെയാണ് ഫഖർ സമാൻ പുറത്തായത്. 9 പന്തിൽ നിന്നും 15 റൺസാണ് താരം നേടിയത്.