ഒളിംപിക് മെഡൽ പട്ടികയിൽ മുന്നേറാൻ ഇന്ത്യ കൂടുതൽ ഇനങ്ങളിൽ മത്സരിക്കണം: 'കയ്പേറിയ സത്യം' ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി!

കുട്ടിക്ക് ഏത് കായികയിനത്തോടാണ് താത്പര്യമുള്ളത് എന്നു മാത്രം നോക്കാതെ, അവരുടെ സ്വാഭാവിക ശേഷിക്ക് അനുയോജ്യമായ ഇനങ്ങൾ കണ്ടെത്തി പരിശീലനം നൽകും
PM Modi calls for participation in more Olympic events

ഫുട്ബോൾ താരങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി.

File photo

Updated on

ന്യൂഡൽഹി: ഇന്ത്യയുടെ ഒളിംപിക്സ് പ്രകടനം മെച്ചപ്പെടണമെങ്കിൽ മുൻകാലങ്ങളിൽ പങ്കെടുക്കാതിരുന്നതോ പങ്കാളിത്തം കുറഞ്ഞതോ ആയ കായികയിനങ്ങളിലേക്ക് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പരാമർശങ്ങൾ അടിവരയിട്ടു കൊണ്ടാണ് 'ഖേലോ ഇന്ത്യ ഡയലോഗിൽ' അദ്ദേഹം വിഡിയൊ കോൺഫറൻസിലൂടെ അത്ലറ്റുകളോടും വിദ്യാർഥികളോടും ഈ ആഹ്വാനം നടത്തിയത്.

കായിക മേഖലയിലെ വിജയം എന്നത് കേവലം മെഡലുകൾ നേടുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, മറിച്ച് വികസിത ഭാരത നിർമിതിയിൽ രാജ്യത്തിന്‍റെ കായിക ശക്തിയെയും യുവശക്തിയെയും സംയോജിപ്പിക്കുന്ന വലിയൊരു പദ്ധതിയെന്ന നിലയിലാണ് സർക്കാർ ഇതിനെ കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒളിംപിക്സിൽ ഒട്ടനവധി ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ പകുതിയിൽ പോലും ഇന്ത്യൻ ടീമുകൾ പങ്കെടുക്കുന്നില്ല എന്നത് ഒരു "കയ്പേറിയ സത്യമാണെന്ന്" മോദി ചൂണ്ടിക്കാട്ടി. 2016-ൽ റിയോ ഒളിംപിക്സിൽ 15 കായിക ഇനങ്ങളിലും, 2021-ലെ ടോക്കിയോയിലും 2024-ലെ പാരീസിലും 16 ഇനങ്ങളിലുമാണ് ഇന്ത്യ മത്സരിച്ചത്. ദശകങ്ങളായി വൻതോതിലുള്ള മെഡൽ അവസരങ്ങളിൽ നിന്ന് രാജ്യം പുറത്തുനിൽക്കുകയാണെന്നും മറ്റ് ലോകരാജ്യങ്ങൾ നേട്ടം കൊയ്യുമ്പോൾ ഇന്ത്യക്ക് അവിടെ പ്രാതിനിധ്യം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഒളിംപിക് മെഡലുകളുടെ എണ്ണം വർധിപ്പിക്കാൻ ഇത്തരം കായികയിനങ്ങളിലും ഇന്ത്യ പ്രാവീണ്യം നേടേണ്ടതുണ്ട്.

ഇതിന്‍റെ ഭാഗമായി, 5 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്കായി രാജ്യവ്യാപകമായി ഒരു ടാലന്‍റ് ഹണ്ട് ക്യാംപെയ്ൻ ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. കുട്ടിക്ക് ഏത് കായികയിനത്തോടാണ് താത്പര്യമുള്ളത് എന്നു മാത്രം നോക്കാതെ, അവരുടെ സ്വാഭാവിക ശേഷിക്ക് അനുയോജ്യമായ ഇനങ്ങൾ കണ്ടെത്തി പ്രത്യേക പരിശീലനം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രാമങ്ങൾ, നഗരങ്ങൾ, സ്‌കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് കാര്യക്ഷമമായ സർവേ നടത്തും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക സ്പോർട്സ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാൻ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പുനൽകി.

2036-ലെ ഒളിംപിക്സിന് വേദിയാകാൻ അഹമ്മദാബാദിലൂടെ ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങൾ. നിലവിൽ പങ്കാളിത്തമില്ലാത്ത കായിക മേഖലകളിൽ വരുന്ന ഒരു പതിറ്റാണ്ടുകൊണ്ട് മികച്ച അത്ലറ്റുകളെ വാർത്തെടുത്ത്, വലിയൊരു ഒളിംപിക് അടിത്തറ പാകാനാണ് രാജ്യം തയാറെടുക്കുന്നത്.

logo
Metro Vaartha
www.metrovaartha.com