ഇന്ത്യൻ കോച്ചാകാനുള്ള ഓഫർ നിരസിച്ചതിന്‍റെ കാരണം വിശദീകരിച്ച് പോണ്ടിങ്
Ricky Ponting

ഇന്ത്യൻ കോച്ചാകാനുള്ള ഓഫർ നിരസിച്ചതിന്‍റെ കാരണം വിശദീകരിച്ച് പോണ്ടിങ്

ഇന്ത്യയുടെ കോച്ചിങ് ഓഫറിനെക്കുറിച്ച് മകനോടു സംസാരിച്ചപ്പോൾ, സ്ഥിരമായി ഇങ്ങോട്ടു മാറുന്നതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും മുൻ ഓസീസ് നായകൻ
Published on

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാകാൻ തനിക്കു ക്ഷണമുണ്ടായിരുന്നു എന്ന് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. നിലവിൽ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്.

ബിസിസിഐയിൽ നിന്ന് ആരാണു തന്നെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ, തത്കാലം തന്‍റെ ജീവിതശൈലിയുമായി ഒത്തുപോകാത്ത ഓഫറായതിനാൽ നിരസിക്കുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

''ഐപിഎല്ലിനിടെയാണ് നേരിട്ടുള്ള ചില ചർച്ചകൾ ഈ വിഷയത്തിലുണ്ടായത്. എനിക്കു താത്പര്യമുണ്ടോ എന്നു മനസിലാക്കുകയായിരുന്നു ലക്ഷ്യം. ഒരു ദേശീയ ടീമിന്‍റെ പരിശീലകനാകാൻ ഞാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ സമയം വീട്ടിൽ നിൽക്കേണ്ടതുണ്ട്. ഒപ്പം, ഇന്ത്യൻ ടീമിന്‍റെ ചുമതല ഏറ്റെടുത്താൽ ഐപിഎൽ ടീമിന്‍റെ ചുമതല ഒഴിയേണ്ടതായും വരും...'', പോണ്ടിങ് വിശദീകരിച്ചു.

ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകൻ എന്നാൽ വർഷത്തിൽ 10-11 മാസം നീക്കിവയ്ക്കേണ്ട ജോലിയാണ്. ഇപ്പോഴത്തെ എന്‍റെ ജീവിതശൈലിക്ക് അത് യോജിക്കില്ല. ആസ്വദിക്കുന്ന പല കാര്യങ്ങളും ഇപ്പോൾ ചെയ്യുന്നുണ്ടെന്നും പോണ്ടിങ്.

ഐപിഎൽ തുടങ്ങിയതു മുതൽ തന്‍റെ കുടുംബം ഇന്ത്യയിലുണ്ട്. ഇന്ത്യയുടെ കോച്ചിങ് ഓഫറിനെക്കുറിച്ച് മകനോടു സംസാരിച്ചപ്പോൾ, സ്ഥിരമായി ഇങ്ങോട്ടു മാറുന്നതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജസ്റ്റിൻ ലാംഗർ, സ്റ്റീഫൻ ഫ്ളെമിങ്, ഗൗതം ഗംഭീർ എന്നിവർ ഇപ്പോൾ ഈ റോളിലേക്ക് പരിഗണനയിലുണ്ടെന്നും, താൻ അപേക്ഷ അയക്കാൻ സാധ്യതയില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com