

ക്ലബ്ബിന്‍റെ ഉടമസ്ഥത ഏറ്റെടുക്കാൻ യുഎഇ കേന്ദ്രമായുള്ള കായിക നിക്ഷേപ കൂട്ടായ്മ 'അൽ ഫുർസാൻ' എത്തി; സാങ്കേതിക പങ്കാളിയായി ഓഫിയോ സ്പോർട്ടിയും.
ജിബി സദാശിവൻ
കൊച്ചി: തിരിച്ചടികളുടെയും പരാജയങ്ങളുടെയും കണ്ണീർക്കയത്തിൽ നിന്ന് പുതിയൊരു സൂര്യോദയത്തിലേക്ക് ചുവടുവയ്ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒട്ടേറെ സീസണുകളിലെ നീറിപ്പുകഞ്ഞ തർക്കങ്ങളും ഒഴിഞ്ഞ ഗ്യാലറികളും കടന്ന് മഞ്ഞപ്പടയുടെ കൊമ്പൻമാർ പുത്തൻ യുഗപ്പിറവിക്ക് കാതോർക്കുന്നു. ക്ലബ്ബിന്‍റെ ഉടമസ്ഥത ഏറ്റെടുക്കാൻ യുഎഇ കേന്ദ്രമായുള്ള കായിക നിക്ഷേപ കൂട്ടായ്മ 'അൽ ഫുർസാൻ' എത്തി; സാങ്കേതിക പങ്കാളിയായി ഓഫിയോ സ്പോർട്ടിയും. ഇതോടെ മഞ്ഞപ്പടയുടെ ഭാവിയിൽ വൻ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് മാനെജ്മെന്‍റിലെ പടലപ്പിണക്കങ്ങൾ അവസാനിച്ചതിൽ വൻ ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. ഐഎസ്എൽ പുതിയ സീസണിന് തൊട്ടുമുൻപാണ് അനിശ്ചിതത്വങ്ങൾ നീക്കി കൈമാറ്റം യാഥാർഥ്യമായത്. ഹൈദരാബാദ് ആസ്ഥാനമായ മാഗ്നം സ്പോർട്‌സിൽ നിന്ന് 100 ശതമാനം ഓഹരികളും യുഎഇ രാജകുടുംബാംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള അൽ ഫുർസാൻ സ്വന്തമാക്കി. ഘട്ടംഘട്ടമായാണ് കൈമാറ്റം. പുതിയ മാനെജ്മെന്‍റ് വന്നതോടെ ഗ്യാലറിയിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട പ്രഖ്യാപിച്ചുകഴിഞ്ഞു.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ക്ലബ്ബായിട്ടും ബ്ലാസ്റ്റേഴ്‌സിന് എന്നും നിരാശ സമ്മാനിച്ചത് ഒരു കിരീടത്തിന്‍റെ അഭാവമാണ്. മുൻ മാനെജ്മെന്‍റ് സമ്പൂർണ പരാജയമല്ലെങ്കിൽ പോലും, പിച്ചിലെ മോശം പ്രകടനവും ട്രോഫിയില്ലാത്തതും ക്ലബ്ബിന്‍റെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. ഇവാൻ വുകുമനോവിച്ചിന്‍റെ പടയിറക്കത്തിനുശേഷം ടീമിന് തനിമ വീണ്ടെടുക്കാനായില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പ്രമുഖ താരങ്ങൾ ക്ലബ്ബ് വിട്ടു. നിലവിൽ അഡ്രിയാൻ ലൂണ മാത്രമാണ് മടങ്ങിയെത്തിയത്. ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായി തുടരുമെന്ന് ക്ലബ്ബ് വ്യക്തമാക്കുന്നു.
എന്നാൽ വെസ്റ്റ്‌വുഡിനെയും ലൂണയെയും മാത്രംവച്ച് കിരീടം നേടാനാകുമോ എന്നതാണ് പ്രധാന ചോദ്യം. ലൂണ ഉൾപ്പെടെ 13 കളിക്കാർ മാത്രമാണ് നിലവിൽ ടീമിലുള്ളത്. പുതിയ സീസണിനുള്ള സ്ക്വാഡ് പ്രഖ്യാപനം ഉടനുണ്ടാകും. ചുരുങ്ങിയ സമയം കൊണ്ട് ഒരു പൂർണ സീസണിനുള്ള ടീമിനെ കെട്ടിപ്പടുക്കുകയെന്നതാണ് പുതിയ മാനെജ്മെന്‍റിന് മുന്നിലുള്ള വെല്ലുവിളി.
താത്കാലിക സ്ക്വാഡിനെ ഇറക്കിയാലും ഭാവിയിലേക്കുള്ള വിദേശ-ഇന്ത്യൻ താരങ്ങൾ, കോച്ചിങ് സ്റ്റാഫ്, സ്കൗട്ടിങ്, ട്രെയിനിങ് സൗകര്യങ്ങൾ എന്നിവ ഒരുക്കേണ്ടതുണ്ട്. വൻതുകയ്ക്ക് താരങ്ങളെ വാങ്ങുന്ന ശൈലിയാണോ അതോ കൃത്യമായ സ്കൗട്ടിങ്ങിലൂടെ പ്ലെയർ ഡെവലപ്‌മെന്‍റ് രീതിയാണോ സ്വീകരിക്കുകയെന്ന് കാത്തിരുന്നു കാണാം.
ഐഎസ്എൽ കിരീടത്തിനപ്പുറം വൻ പദ്ധതികളാണ് പുതിയ ഉടമകളുടെ മനസിൽ. സ്വന്തമായി സ്റ്റേഡിയം, മികച്ച അക്കാഡമികൾ, വാണിജ്യ വികസനം എന്നിവയടങ്ങുന്ന വലിയൊരു 'ഇക്കോ സിസ്റ്റം' രൂപീകരിക്കാനാണ് ശ്രമം. സ്വന്തം സ്റ്റേഡിയം യാഥാർഥ്യമായാൽ അത് വരുമാനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശരാശരി അരലക്ഷത്തോളം കാണികളാണ് മത്സരങ്ങൾ കാണാനെത്തുന്നത്.
ആരാധകരെ ചേർത്തുവയ്ക്കാൻ പ്രീമിയം മെമ്പർഷിപ്പ്, ഔദ്യോഗിക ജഴ്‌സി, ട്രെയ്നിങ് കിറ്റുകൾ, ഫാൻ സോണുകൾ, മെർച്ചൻഡൈസുകൾ തുടങ്ങിയ വൻ പദ്ധതികളും ആലോചനയിലുണ്ട്. ശരിയായ രീതിയിൽ നിക്ഷേപം നടത്താൻ അൽ ഫുർസാൻ തയാറായാൽ ഇന്ത്യൻ ഫുട്ബോളിൽ തന്നെ ചരിത്രം കുറിക്കുന്ന വലിയൊരു ഗെയിം ചേഞ്ചറായി ഈ കൈമാറ്റം മാറും.