

ആർ. പ്രജ്ഞാനന്ദ
ന‍്യൂയോർക്ക്: സെയിന്‍റ് ലൂയിസിൽ നടന്ന ഗ്രാൻഡ് ചെസ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെ പരാജയപ്പെടുത്തികൊണ്ട് ചരിത്രമെഴുതി ഇന്ത‍്യയുടെ ആർ. പ്രജ്ഞാനന്ദ. ഇതോടെ ഗ്രാൻഡ് ചെസ് ടൂർ ചാംപ‍്യനാകുന്ന ആദ‍്യ ഇന്ത‍്യൻ താരമെന്ന നേട്ടം പ്രജ്ഞാനന്ദ സ്വന്തം പേരിലേക്ക് ചേർത്തു.
സമ്മാനതുകയായി 2,00,000 യുഎസ് ഡോളർ( ഏകദേശം 1.91 കോടി രൂപ) താരത്തിന് ലഭിക്കും. മത്സരത്തിന്‍റെ തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്കായിരുന്നു പ്രജ്ഞാനന്ദയെക്കാൾ കൂടുതൽ ലീഡുണ്ടായിരുന്നത്.
എന്നാൽ ശക്തമായ തിരിച്ചുവരവ് നടത്തി താരം ഫൈനലിൽ ചാംപ‍്യനായി മാറുകയായിരുന്നു. 6 പോയിന്‍റുകൾക്ക് പിന്നിലായിരുന്നു താരം. രണ്ടു റാപ്പിഡ് ഗെയിമുകളും വിജയിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തുകയും ബ്ലിറ്റ്സിൽ ആധിപത‍്യം സ്ഥാപിക്കുകയും ചെയ്തതോടെയാണ് കിരീടം ഉറപ്പാക്കിയത്. ഫിലിപ്പിനോ- അമെരിക്കൻ ഗ്രാൻഡ് മാസ്റ്റർ വെസ്ലി സോയ്ക്കാണ് ഗ്രാൻഡ് ചെസ് ടൂറിൽ മൂന്നാം സ്ഥാനം. ജർമൻ ഗ്രാൻഡ് മാസ്റ്റർ വിൻസെന്‍റ് കെയ്മറിനെ പരാജയപ്പെടുത്തികൊണ്ടാണ് വെസ്ലി സോ മൂന്നാം സ്ഥാനത്തെത്തിയത്.