
കോല്‍ക്കത്ത: ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം നഷ്ടമാകും. കാല്‍ക്കുഴയ്ക്കേറ്റ പരുക്കില്‍ നിന്ന് മുക്തനാവാത്തതാണ് ഹാര്‍ദിക്കിന് തിരിച്ചടിയായത്. ബംഗ്ലാദേശിനെതിരെയായ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പരുക്കേല്‍ക്കുന്നത്. പിന്നാലെ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഹാര്‍ദിക്കിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.
ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുന്നതിനെ കുറിച്ച് പാണ്ഡ്യ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
""ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനാവില്ലന്ന യാഥാർഥ്യം ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ടീമിനൊപ്പം തന്നെയുണ്ടാവും. ഇന്ത്യ കളിക്കുന്ന ഓരോ പന്തുകള്‍ക്കും എന്‍റെ പിന്തുണയുണ്ടാവും. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ തന്ന സ്‌നേഹവും പരിഗണനയും മഹത്തരമായിരുന്നു. സ്‌പെഷ്യല്‍ ടീമാണ് ഇന്ത്യ. ഈ ടീം നമ്മളെ അഭിമാനത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കും.''
പരിക്കിന് പിന്നാലെ ഹാര്‍ദിക് പരിചരണത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയിരുന്നു. പാണ്ഡ്യയോട് എന്‍സിഎയിലെത്താന്‍ ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന് കീഴിലെ ചികിത്സയിലൂടെ പരുക്ക് മാറി നോക്കൗട്ട് ഘട്ടം ആകുമ്പോഴേക്ക് പാണ്ഡ്യക്ക് മൈതാനത്തേക്ക് മടങ്ങിയെത്താനാകും എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ ഹാര്‍ദിക്കിന്‍റെ പരിക്ക് ഭേദമായില്ല.
ഹാര്‍ദിക്കിന് പകരക്കാരനായി പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഐസിസിയുടെ ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി.