പ്രൈം വോളി: കാലിക്കറ്റിനെ അട്ടിമറിച്ച് ഹൈദരാബാദ്

കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഇറങ്ങുന്നു, മത്സരം വെള്ളിയാഴ്ച രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്സിനെതിരേ.
പ്രൈം വോളി: കാലിക്കറ്റിനെ അട്ടിമറിച്ച് ഹൈദരാബാദ് | Prime Volley Calicut vs Hyderabad

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കാലിക്കറ്റ് ഹീറോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലുള്ള പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ നിന്ന്.

Updated on

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിന് അട്ടിമറിയോടെ തുടക്കം. നിലവിലുള്ള ചാംപ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ തുടർച്ചയായ സെറ്റുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് മിന്നുന്ന തുടക്കം കുറിച്ചു. സ്‌കോര്‍: 15-12, 18-16, 18-16.

ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ, ബ്ലാക്ഹോക്സിന്‍റെ വിദേശതാരം പൗലോ ലമൗനിയോര്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ബ്ലാക്‌ഹോക്‌സിന് പിന്തുണയുമായി സഹ ഉടമ കൂടിയായ നടന്‍ വിജയ് ദേവരകൊണ്ടയും സ്റ്റേഡിയത്തിലെത്തിയിരുന്നു.

തരുഷ ചാമത്തും വികാസ് മാനും ഉശിരന്‍ പ്രകടനം നടത്തിയപ്പോൾ, കാലിക്കറ്റ് മികച്ച തുടക്കമാണ് കുറിച്ചത്. എന്നാൽ, രണ്ടു പോയിന്‍റ് ലീഡ് നേടിയ ശേഷം കാലിക്കറ്റിന് അടിപതറി. തുടര്‍ച്ചയായ പോയിന്‍റുകളുമായി ഹൈദരാബാദ് പിന്നാലെ കുതിച്ചപ്പോൾ, ആദ്യ ഗെയിം ഒപ്പത്തിനൊപ്പം മുന്നേറി. അശോക് ബിഷ്‌ണോയിയും വികാസും ചേര്‍ന്ന് തകര്‍പ്പന്‍ സ്മാഷുകളിലൂടെ കാലിക്കറ്റിനെ മുന്നോട്ടുനയിച്ചു. എന്നാല്‍, സഹില്‍ കുമാറും നിയാസ് അബ്ദുള്‍ സലാമും ചേർന്ന് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ആദ്യ ഗെയിം 15-12ന് അവർ സ്വന്തമാക്കുകയും ചെയ്തു.

പ്രൈം വോളി: കാലിക്കറ്റിനെ അട്ടിമറിച്ച് ഹൈദരാബാദ് | Prime Volley Calicut vs Hyderabad

മത്സരം കാണുന്ന ഹൈദരാബാദ് ബ്ലാക്ഹോക്സ് സഹ ഉടമ കൂടിയായ നടന്‍ വിജയ് ദേവരകൊണ്ട.

രണ്ടാം സെറ്റിന്‍റെ തുടക്കത്തിലും കാലിക്കറ്റിന്‍റെ മനോഹരമായ പ്രകടനം കണ്ടു. തരുഷയും സന്തോഷും ചേര്‍ന്ന് ടീമിനു ലീഡും നൽകി. എന്നാല്‍, ആദ്യ ഗെയിമിലെന്ന ഇക്കുറിയും അവസാന ഘട്ടത്തില്‍ ഹൈദരാബാദ് തിരിച്ചുവരുകയായിരുന്നു. കാലിക്കറ്റ് വിട്ടുകൊടുത്തില്ല. തരുഷയുടെ കിടിലന്‍ സ്‌പൈക്ക് ഹൈദരാബാദിനെ തകര്‍ത്തു. പക്ഷേ, ആ മികവ് നിലനിര്‍ത്താൻ കാലിക്കറ്റിനായില്ല. സൂപ്പര്‍ പോയിന്‍റിലൂടെ ഹൈദരാബാദ് 13-11ന് ലീഡ് നേടി.

ശക്തമായ മറുപടിയാണ് കാലിക്കറ്റും നല്‍കിയത്. മിന്നുന്ന സ്‌പൈക്കിലൂടെ അശോക് ഒപ്പമെത്തിച്ചു. എന്നാല്‍, മുൻപത്തെപ്പോലെ അവസാന ഘട്ടത്തിൽ കാലിക്കറ്റ് പതറി. അശോകിന്‍റെ മികവിലാണ് ഒപ്പത്തിനൊപ്പം പിടിച്ചുനിന്നത്. പക്ഷേ, ഗുരുപ്രശാന്തിന്‍റെ ബ്ലോക്കില്‍ ഹൈദരാബാദ് രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു. ജോണ്‍ ജോസഫിന്‍റെ ബ്ലോക്കുകളും ഹൈദരാബാദിനെ സഹായിച്ചു.

മൂന്നാം ഗെയിമിൽ അശോകിന്‍റെ സൂപ്പര്‍ സെര്‍വിലാണ് കാലിക്കറ്റ് ഉണര്‍ന്നത്. പക്ഷേ, ഗുരു പ്രശാന്തിന്‍റെ മികവില്‍ ഹൈദരാബാദ് തിരിച്ചെത്തി. 15-15ല്‍ നില്‍ക്കെ സഹില്‍ കുമാറിന്‍റെ സൂപ്പര്‍ സ്‌പൈക്ക് കാലിക്കറ്റിനെ തളര്‍ത്തി. ഒടുവില്‍ പൗലോ ലമൗനിയോറിന്‍റെ ബ്ലോക്കില്‍ സെറ്റും ജയവും ഹൈദരാബാദ് സ്വന്തമാക്കി.

വെള്ളിയാഴ്ച രണ്ട് മത്സരങ്ങളാണ്. ലീഗിലെ അരങ്ങേറ്റക്കാരായ ഗോവ ഗാര്‍ഡിയന്‍സ് വൈകിട്ട് 6.30ന് ബെംഗളൂരു ടോര്‍പിഡോസിനെയും, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com