പ്രൈം വോളി: കേരള ഡെർബിയിൽ കാലിക്കറ്റിനെ തകർത്ത്‌ കൊച്ചി

നിലവിലുള്ള ചാംപ്യൻമാരായ കാലിക്കറ്റ്‌ ഹീറോസിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിലാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കീഴടക്കിയത്
പ്രൈം വോളി: കേരള ഡെർബിയിൽ കാലിക്കറ്റിനെ തകർത്ത്‌ കൊച്ചി | Prime Volley Kochi vs Calicut

പ്രൈം വോളിബോൾ ലീഗിൽ നടന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കാലിക്കറ്റ് ഹീറോസ് മത്സരത്തിൽ നിന്ന്.

Updated on

ഹൈദരാബാദ്: ആര്‍.ആര്‍. കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിലെ കേരള ഡെർബിയിൽ കൊച്ചി ബ്ല‍ൂ സ്‌പൈക്കേഴ്‌സിന്‌ ജയം. നിലവിലുള്ള ചാംപ്യൻമാരായ കാലിക്കറ്റ്‌ ഹീറോസിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിലാണ് കൊച്ചി കീഴടക്കിയത്. സ്‌കോർ: 15–13, 9–15, 15–8, 15–13. പി.എ. മൊഹ്‌സിൻ ആണ്‌ കളിയിലെ താരം.

ബ്ലോക്കർ ജസ്‌ജോത്‌ സിങ്ങിന്‍റെ നേതൃത്വത്തിൽ മികച്ച തുടക്കമാണ്‌ കൊച്ചി കുറിച്ചത്‌. എറിൻ വർഗീസിന്‍റെ സൂപ്പർ സെർവിൽ അവർ ലീഡും ഉയർത്തി. അശോക്‌ ബിഷ്‌ണോയിയാണ്‌ കാലിക്കറ്റിനായി പൊരുതിയത്‌. പിന്നാലെ കൊച്ചിയുടെ ആക്രമണങ്ങളെ ഷമീമുദീൻ തടഞ്ഞു. ക്യാപ്‌റ്റൻ മോഹൻ ഉക്രപാണ്ഡ്യനും തിളങ്ങിയതോടെ കാലിക്കറ്റ്‌ കളിപിടിക്കാൻ തുടങ്ങി. പക്ഷേ, കാലിക്കറ്റിന്‍റെ പോരാട്ടത്തിനിടയിലും ഹേമന്തിന്‍റെ സൂപ്പർ സ്‌പൈക്കിലൂടെ കൊച്ചി ആദ്യ സെറ്റ്‌ സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ഷമീമും സന്തോഷും ചേർന്നാണ്‌ കാലിക്കറ്റിന്‍റെ തിരിച്ചുവരവിന്‌ വഴിയൊരുക്കിയത്‌. സെറ്റർ മൊഹ്‌സിൻ കൊച്ചിക്കായി നിരവധി അവസരങ്ങൾ ഒരുക്കിയെങ്കിലും ബിഷ്‌ണോയിയുടെ മികവിൽ കാലിക്കറ്റ്‌ തിരിച്ചുവന്നു. ഇതോടെ കൊച്ചി ബ്ലോക്കർ അമരീന്ദർപാൽ സിങ്ങിനെ കളത്തിലേക്ക്‌ തിരികെകൊണ്ടുവന്നു. പക്ഷേ, ബിഷ്‌ണോയി വിടവുകൾ കണ്ടെത്തി പോയിന്‍റുകൾ നേടിക്കൊണ്ടിരുന്നു. പിന്നാലെ സൂപ്പർ പോയിന്‍റിലൂടെ കാലിക്കറ്റിനെ ഒപ്പമെത്തിക്കുകയും ചെയ്‌തു.

ജസ്‌ജോദിന്‍റെ മിടുക്കിലാണ്‌ കൊച്ചി ഉണർന്നത്‌. എറിന്‍റെ തുടർച്ചയായ ആക്രമണങ്ങളും കാലിക്കറ്റിനെ സമ്മർദത്തിലാക്കി. കാലിക്കറ്റ്‌ ലിബെറോ മുകേഷ്‌ പ്രതിരോധത്തിൽ തിളങ്ങിയെങ്കിലും അമലിന്‍റെ മികവിൽ കൊച്ചി വീണ്ടും ലീഡ്‌ എടുത്തു. അബ്‌ദുൾ റഹീമിന്‍റെ പോരാട്ടത്തിലാണ്‌ കാലിക്കറ്റ്‌ തിരിച്ചുവരാൻ ശ്രമിച്ചത്‌. എന്നാൽ അമലും എറിനും ആ സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു.

തുടർച്ചയായ രണ്ട്‌ സൂപ്പർ പോയിന്‍റുകളിലൂടെയായിരുന്നു മുന്നേറ്റം. ഒടുവിൽ ഹേമന്തിന്‍റെ ഓൾ റ‍ൗണ്ട്‌ മികവിൽ കൊച്ചി ജയം പൂർത്തിയാക്കി. സീസണിൽ ഒരു ജയം മാത്രം നേടിയാണ്‌ കാലിക്കറ്റ്‌ മടങ്ങുന്നത്‌. രണ്ടാം ജയത്തോടെ കൊച്ചി എട്ടാമതെത്തി. ഒരു കളി ബാക്കിയുണ്ട്‌.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com