പ്രൈം വോളിബോള്‍: അനായാസ ജയവുമായി മുംബൈ മിറ്റിയോഴ്‌സ് ഫൈനലില്‍

ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച നടന്ന ആദ്യ സെമി ഫൈനലില്‍ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്
prime volley mumbai meteors in final

പ്രൈം വോളിബോൾ ലീഗിലെ ആദ്യ സെമി ഫൈനലിൽ ഗോവ ഗാർഡിയൻ സിനെ നേരിടുന്ന മുംബൈ മിറ്റിയോർസ്

Updated on

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ അനായാസ ജയവുമായി മുംബൈ മിറ്റിയോഴ്‌സ് ഫൈനലില്‍. ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച നടന്ന ആദ്യ സെമിഫൈനലില്‍ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 15-8, 15-8, 16-14. ഒക്റ്റോബര്‍ 26ന് നടക്കുന്ന ഫൈനലില്‍ രണ്ടാം സെമിയിലെ ബംഗളൂരു ടോര്‍പ്പിഡോസ്-അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് വിജയികളെ നേരിടും.

‌ആദ്യ രണ്ട് സെറ്റുകള്‍ അനായാസം നേടിയ മുംബൈക്കെതിരെ മൂന്നാം സെറ്റില്‍ മാത്രമാണ് ഗോവയ്ക്ക് അല്‍പമെങ്കിലും പൊരുതാനായത്. പോയിന്‍റ് 14-14 വരെയെത്തിച്ചെങ്കിലും മുംബൈയുടെ നേരിട്ടുള്ള ജയം തടയാനായില്ല. നഥാനിയേല്‍ ഡിക്ക്‌സണിന്‍റെ സ്‌പൈക്കും രോഹിത് യാദവിന്‍റെ സെര്‍വീസും ഗോവക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ മുംബൈയുടെ ശുഭം ചൗധരിയും അമിത് ഗുലിയയും മികച്ച പ്രകടനത്തിലൂടെ ഗോവന്‍ പ്രതിരോധത്തെ തകര്‍ത്തു. ഗോവ ഒരു സൂപ്പര്‍ പോയിന്‍റ് നേടിയെങ്കിലും മുംബൈയുടെ ചിട്ടയായ കളി അവരെ ആദ്യ സെറ്റിലേക്ക് നയിച്ചു.

രണ്ടാം സെറ്റില്‍ ഗോവ തിരിച്ചടിക്ക് ശ്രമിച്ചു. മിഡില്‍സോണില്‍ നിന്ന് പ്രിന്‍സാണ് കൗണ്ടര്‍ അറ്റാക്കിന് നേതൃത്വം നല്‍കിയത്. പക്ഷേ കാര്‍ത്തികിലൂടെ മുംബൈ മുന്നേറി. കളി തിരിച്ചുപിടിക്കാന്‍ ഗോവ സെറ്റര്‍ അരവിന്ദിനെ കളത്തിലിറക്കി. എല്‍.എം. മനോജിന്‍റെ ഒരു സൂപ്പര്‍ സര്‍വ് ഗോവയ്ക്ക് ആഘോഷിക്കാന്‍ വക നല്‍കി. എന്നാല്‍ പ്രിന്‍സിന്‍റെ ഒരു ഷോട്ട് പുറത്തുപോയത് ഗോവയ്ക്ക് സൂപ്പര്‍ പോയിന്‍റ് നഷ്ടപ്പെടുത്തുകയും മുംബൈയെ 2-0ന് മുന്നിലെത്തിക്കുകയും ചെയ്തു. മൂന്നാം സെറ്റില്‍ ഗോവ കൂടുതല്‍ ശക്തമായി കളിച്ചു, മത്സരം കടുപ്പമേറിയതായി.

പക്ഷേ അമിത് ഗുലിയയുടെ സൂപ്പര്‍ സര്‍വില്‍ മുംബൈ ആധിപത്യം തുടര്‍ന്നു. മധ്യനിരയില്‍ പെറ്റര്‍ ഓസ്റ്റ്വികും മികച്ച പ്രകടനം നടത്തി. വിക്രം നേടിയ സൂപ്പര്‍ പോയിന്‍റ് ഗോവയ്ക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, സ്‌കോര്‍ 14-15ല്‍ നില്‍ക്കേ കാര്‍ത്തിക് ഗോവയുടെ ചിരാഗ് യാദവിന്‍റ സ്‌പൈക്ക് തടഞ്ഞ് മുംബൈയുടെ വിജയവും ഫൈനല്‍ പ്രവേശനവും ഉറപ്പാക്കി. നിര്‍ധനരായ കുട്ടികളെ സംരക്ഷിക്കുന്ന ആദരണ ട്രസ്റ്റില്‍ നിന്നുള്ള കുട്ടികളായിരുന്നു സെമി ഫൈനലില്‍ ടീമുകളെ അനുഗമിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com