Prime Volley: Mumbai Meteors in the semifinals

പ്രൈം വോളിബോൾ ലീഗിൽ തിങ്കളാഴ്ച നടന്ന ചെന്നൈ ബ്ലിറ്റ്സ് മുംബൈ മിറ്റിയോഴ്സ് മത്സരത്തിൽ നിന്ന്

Prime Volley: Mumbai Meteors in the semifinals

പ്രൈം വോളി: മുംബൈ മിറ്റിയോഴ്സ് സെമിഫൈനലിൽ

മുംബൈക്കായി ക്യാപ്റ്റൻ അമിത് ഗുലിയ മധ്യഭാഗത്തുനിന്നും ആക്രമണം നടത്തി.
Published on

ഹൈദരാബാദ്: ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൈം വോളിബോൾ ലീഗിന്‍റെ നാലാം സീസണിൽ മുംബൈ മിറ്റിയോഴ്സ്, ചെന്നൈ ബ്ലിറ്റ്സിനെ 3-1ന് (16-14, 11-15, 15-12, 21-19) പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. മാത്തിയാസ് ലോഫ്റ്റെസ്നസ് ആണ് മാൻ ഒഫ് ദ മാച്ച്. ചെന്നൈ സെറ്റർ സമീർ, ജെറോം വിനീതിനും ലൂയിസ് പെരോട്ടോയ്ക്കും ആക്രമിക്കാൻ അവസരം ഒരുക്കിയപ്പോൾ, മുംബൈക്കായി ക്യാപ്റ്റൻ അമിത് ഗുലിയ മധ്യഭാഗത്തുനിന്നും ആക്രമണം നടത്തി. മിഡിൽബ്ലോക്കർ അസീസ്ബെക് ചെന്നൈക്കായി മികച്ച പ്രതിരോധം തീർത്തെങ്കിലും അമിതിനെ തടയാനില്ല. ഓം ലാഡ് വസന്തിന്‍റെ കൃത്യ സമയത്തുള്ള ബ്ലോക്കിലൂടെ മുംബൈ ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ചെന്നൈ ശക്തമായി തിരിച്ചടിച്ചു. തരുൺ ചെന്നൈയുടെ കൗണ്ടർ അറ്റാക്കിന് നേതൃത്വം നൽകി. സൂരജ് ചൗധരി അമിത്തിനെതിരെ നടത്തിയ ബ്ലോക്കും, പെരോട്ടോയുടെ സൂപ്പർ സെർവും മുംബൈയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ ചെന്നൈ ബ്ലിറ്റ്സ് രണ്ടാം സെറ്റ് നേടി കളി സമനിലയിലാക്കി.

മൂന്നാം സെറ്റിൽ, ചെന്നൈയുടെ ലിബറോ ശ്രീകാന്തിന്‍റെ മികച്ച പ്രകടനം കാണികളെ ത്രസിപ്പിച്ചു. എന്നാൽ കാർത്തികിന്‍റെ ബ്ലോക്കുകളോടെ മുംബൈയുടെ പ്രതിരോധം ശക്തമായി. പെറ്റർ ഓസ്റ്റ്വിക്കിന്‍റെ മികച്ച ഓൾറൗണ്ട് പ്രകടനവും മുംബൈക്ക് സഹായകമായി. ലോഫ്റ്റെസ്നസിന്‍റെ മധ്യഭാഗത്തുനിന്നുള്ള ആക്രമണത്തിലൂടെ മുംബൈ വീണ്ടും ലീഡ് നേടി.

നാലാം സെറ്റിൽ ഇരുടീമുകളുടെയും ബലാബലം കണ്ടു. നിർണായകമായ രണ്ട് റിവ്യൂകൾ മുംബൈക്ക് അനുകൂലമായി വന്നു. പെരോട്ടോയും ജെറോമും ചെന്നൈക്കായി പോരാടി. എന്നാൽ കാർത്തികും ശുഭവും ചേർന്ന് തരുണിനെ തടഞ്ഞത് മുംബൈക്ക് നിർണായക പോയിന്‍റ് നൽകി. ഒടുവിൽ ശുഭത്തിന്‍റെ സൂപ്പർ സ്പൈക്കിലൂടെ മുംബൈ മാരത്തൺ സെറ്റും മത്സരവും സ്വന്തമാക്കി സെമിഫൈനലിലേക്ക് കുതിച്ചു.

logo
Metro Vaartha
www.metrovaartha.com