
പ്രൈം വോളിബോള്‍ ലീഗ്:
ഗോവ ഗാര്‍ഡിയന്‍സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്
ഹൈദരാബാദ്: ആര്‍ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ ആവേശകരമായ പോരാട്ടത്തില്‍ കീഴടക്കി ബംഗളൂരു ടോര്‍പിഡോസ്. അഞ്ച് സെറ്റ് മത്സരത്തിലാണ് നവാഗതരായ ഗോവയെ തോല്‍പ്പിച്ച് ബംഗളൂരു ജയം പിടിച്ചെടുത്തത്. സ്‌കോര്‍: 15-9, 11-15, 13-15, 17-15, 15-9. യാലെന്‍ പെന്‍ റോസാണ് കളിയിലെ താരം. സേതുവിന്‍റെ ഒന്നാന്തരം സെര്‍വുകള്‍ ബംഗളൂരുവിന് തുടക്കത്തില്‍ തന്നെ വലിയ ലീഡ് നല്‍കി.
നാലു പോയിന്‍റുകളാണ് തുടര്‍ച്ചയായി നേടിയത്. ഡാനിയല്‍ ഡികന്‍സണ്‍ ഗോവയെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധത്തിലൂടെ ബംഗളൂരു ചെറുത്തു നിന്നു. യാലെന്‍ പെന്റോസിന്‍റെ സൂപ്പര്‍ സ്‌പൈക്കും ബംഗളൂരുവിന് മുന്‍തൂക്കം നല്‍കി. ഒടുവില്‍ മുജീബിന്‍റെ ബ്ലോക്കിലൂടെ സെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിലും പെന്റോസിന്‍റെ സ്മാഷിലൂടെ ബംഗളൂരു തുടങ്ങി. ഡിക്കന്‍സണ്‍ ഗോവയുടെ മറുപടി നല്‍കി. ജെഫറി മെന്‍സലും അവസരത്തിനൊത്തുയര്‍ന്നു. ഗോവ സൂപ്പര്‍ പോയിന്‍റ് അവസരത്തിലൂടെ ലീഡ് ഉയര്‍ത്തി. പിന്നാലെ ബംഗളൂരു സൂപ്പര്‍ പോയിന്‍റ് അവസരം പാഴാക്കിയതോടെ രണ്ടാം സെറ്റ് ഗോവയുടെ കൈയിലായി.
പെന്റോസ് ആണ് മൂന്നാം സെറ്റിലും ബംഗളൂരുവിനു മികച്ച തുടക്കം നല്‍കിയത്. പക്ഷേ സൂപ്പര്‍ സെര്‍വിലൂടെ ഗോവ തിരിച്ചടിച്ചു. ചിരാഗും പ്രിന്‍സും നടത്തിയ ബ്ലോക്കുകള്‍ ടോര്‍പ്പിഡോസിനെ തടഞ്ഞു. ഒപ്പത്തിനൊപ്പം നിന്ന ശേഷമായിരുന്നു ഗോവ സെറ്റ് പിടിച്ചത്. സേതുവിന്‍റെ സ്മാഷ് തകര്‍ത്ത് മൂന്നാം സെറ്റും ഗോവ സ്വന്തമാക്കി.
നാലാം സെറ്റിന്‍റെ തുടക്കത്തില്‍ ബംഗളൂരുവിന് താളം കണ്ടെത്താനായില്ല. ചിരാഗിന്‍റെ സൂപ്പര്‍ സ്‌പൈക്കില്‍ ഗോവ കുതിച്ചു. മറുവശത്ത് ടോര്‍പിഡോസിന്‍റെ സെര്‍വുകള്‍ പാളി. പക്ഷെ അവസാന ഘട്ടത്തില്‍ അവര്‍ ശക്തമായി തിരിച്ചു വന്നു. അവസാന സെറ്റ് ഏകപക്ഷീയമായി ബംഗളൂരു സ്വന്തമാക്കുകയിരുന്നു. ശനിയാഴ്ച ആദ്യമത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഏറ്റുമുട്ടും (വൈകിട്ട് 6.30). രാത്രി 8.30ന് മുംബൈ മിറ്റിയോഴ്‌സും ഹൈദരാബാദ് ബ്ലാക് ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.